പഴയ ഫാന്‍ബോയ് മന്ത്രിയായി കൺമുന്നിൽ; അഭിനന്ദിച്ച് മമ്മൂട്ടി
Monday, February 3, 2025 4:40 AM IST
കൊച്ചി: ഓസ്ട്രേലിയയിൽ മന്ത്രിയായശേഷവും പ്രിയതാരത്തോടുള്ള ഇഷ്ടം മറച്ചുവയ്ക്കാതെ മമ്മൂട്ടിയെ സന്ദർശിച്ച് പഴയ ഫാൻബോയ്. ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പഴയ സഹപ്രവര്‍ത്തകനെ മന്ത്രിയായി മുന്നിൽക്കണ്ടപ്പോള്‍ മമ്മൂട്ടിക്കും നിറഞ്ഞ സന്തോഷം. വർഷങ്ങളോളം, മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കാരുണ്യദൗത്യങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന, ഓസ്ട്രേലിയയിലെ ഇന്ത്യൻവംശജനായ ആദ്യമന്ത്രി ജിന്സണ് ആന്റോ ചാള്‍സാണ് പ്രിയതാരത്തെ ഷൂട്ടിംഗ് സെറ്റിൽ സന്ദർശിച്ചത്.
കൊച്ചിയില്‍ ചിത്രീകരണം തുടരുന്ന മഹേഷ് നാരായണന്റെ മമ്മൂട്ടി – മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലായിരുന്നു അപൂര്‍വ സമാഗമം. കൂടിക്കാഴ്ചയില്‍ പ്രിയതാരത്തെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക കത്തും ജിൻസൻ കൈമാറി. ക്ഷണം സന്തോഷപൂർവം സ്വീകരിച്ച മമ്മൂട്ടി ചെറിയ കാലത്തിനുള്ളിൽ വിവിധങ്ങളായ പ്രവര്ത്തനങ്ങൾക്കൊണ്ട് മറ്റൊരു രാജ്യത്തിന്റെ മന്ത്രിപദത്തിലെത്തിയ ജിന്‍സണെ അഭിനന്ദിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാട്ടിലുണ്ടായിരുന്ന പാലാ സ്വദേശിയായ ജിന്സണ് ഓസ്ട്രേലിയയിലേക്ക് മടങ്ങുന്ന ദിവസമാണ് മമ്മൂട്ടിയെ കാണാനെത്തിയത്. ഓസ്ട്രേലിയയിലേക്ക് കൊച്ചിയില്‍നിന്നു നേരിട്ട് വിമാനസര്‍വീസ് തുടങ്ങുന്നതിനായി സര്‍ക്കാരിനെക്കൊണ്ട് എന്തെങ്കിലും ചെയ്യിച്ചുകൂടേയെന്ന് കൂടിക്കാഴ്ചയില്‍ ജിന്‍സണോട് മമ്മൂട്ടി ചോദിച്ചു. ജീവിതത്തില്‍ ഏറെ കടപ്പാടും സ്നേഹവുമുള്ള മനുഷ്യനാണ് മമ്മൂട്ടി. അദ്ദേഹം ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളാണ് തനിക്കു പ്രചോദനമായതെന്നും ജിന്സന് ചാള്‍സ് പ്രതികരിച്ചു.
2007 ല്‍ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷനുമായി സഹകരിച്ച് ‘കാഴ്ച്ച’ എന്ന സൗജന്യ നേത്രചികിത്സാ പദ്ധതിക്ക് രൂപം കൊടുത്തപ്പോള്‍ ആശുപത്രിയില്‍നിന്നുള്ള വിദ്യാര്‍ഥി വോളന്റിയേഴ്സിനെ നയിച്ചത് അവിടുത്തെ നഴ്സിംഗ് വിദ്യാര്‍ഥിയായിരുന്ന ജിന്സണ് ആയിരുന്നു. പിന്നീട് മമ്മൂട്ടി കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ആരംഭിച്ചപ്പോള്‍ അതില്‍ സജീവസാന്നിധ്യമായി.
ഓസ്ട്രേലിയയിലേക്ക് കുടിയേറിയപ്പോഴും സേവനപദ്ധതികളുടെ ഭാഗമായി തുടര്‍ന്നു. പ്രവാസി മലയാളികള്‍ക്കും അവരുടെ നാട്ടിലെ മാതാപിതാക്കള്‍ക്കുമായി ഫാമിലി കണക്ട് പദ്ധതി കെയര്‍ ആന്‍ഡ് ഷെയര്‍ ആരംഭിച്ചപ്പോള്‍ ജിന്‍സണായിരുന്നു പ്രധാന സംഘാടകന്‍. പദ്ധതിയുടെ ഓസ്ട്രേലിയന്‍ കോ-ഓര്ഡിനേറ്ററായിരിക്കുമ്പോഴാണ് ജിന്‍സണെ ലിബറല്‍ പാര്‍ട്ടി അവരുടെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കുന്നത്. ഏറെക്കാലം മന്ത്രിയായി തുടരാനാകട്ടേയെന്ന് ആശംസിച്ചാണ് മമ്മൂട്ടി ജിന്‍സണെ യാത്രയാക്കിയത്.
നിര്‍മാതാവ് ആന്റോ ജോസഫ്, കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടറും മമ്മൂട്ടിയുടെ മാനേജരുമായ ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സന് പൊടുത്താസ് എന്നിവരും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.