കെഎസ്ആർടിസി രണ്ടുവർഷങ്ങളിലെ അപകട വിവരങ്ങൾ ശേഖരിക്കുന്നു
പ്രദീപ് ചാത്തന്നൂർ
Monday, February 3, 2025 4:40 AM IST
ചാത്തന്നൂർ: കഴിഞ്ഞ രണ്ടു കലണ്ടർ വർഷങ്ങളിൽ കെഎസ്ആർടിസി ബസുകൾ ഉൾപ്പെട്ടിട്ടുള്ള അപകട വിവരങ്ങൾ ശേഖരിക്കാൻ കെഎസ്ആർടിസി. 2023-2024 കലണ്ടർ വർഷങ്ങളിലെ അപകടങ്ങളുടെ വിശദ വിവരങ്ങൾ ക്രോഡീകരിക്കുന്നതിനു വേണ്ടിയാണ് അപകടവിവരങ്ങൾ യൂണിറ്റുകളിൽ നിന്നും ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതോടൊപ്പം അപകടനിവാരണ പ്രവർത്തനങ്ങൾക്കുംകൂടി വേ ണ്ടിയാണ് വിവരശേഖരണം നടത്തുന്നത്. ആക്സിഡന്റ് മോണിറ്ററിംഗ് സെല്ലിൽ രണ്ട് ജീവനക്കാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഇതിനായി ഓരോ യൂണിറ്റിലും ഉണ്ടായിട്ടുള്ള ഫാറ്റൽ, മേജർ തുടങ്ങി എല്ലാ അപകടങ്ങളും യൂണിറ്റുകൾ പരിശോധിച്ച് വിവരശേഖരണം നടത്തണം.
വിവരങ്ങൾ പുതിയ സോഫ്റ്റ്വെയർ സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യുന്നതിന് 2024 കലണ്ടർ വർഷത്തെയും 2025 ജനുവരി 31 വരെയുമുള്ള മുഴുവൻ വിവരങ്ങളും ഏഴ് ദിവസത്തിനകം പൂർത്തിയാക്കി നൽകിയെന്ന് വർക്സ് മാനേജർ ആക്സിഡന്റ് മോണിറ്ററിംഗ് സെൽ, മേഖലാ ചീഫ് ട്രാഫിക് ഓഫീസർമാർ യൂണിറ്റ് ആഫീസർമാർ എന്നിവർ ഉറപ്പ് വരുത്തണം.
കൂടാതെ 2023 വർഷത്തെ ഡാറ്റ കൂടി 15 ദിവസത്തിനകം ലഭ്യമാക്കണം. 2025 ഫെബ്രുവരി മുതൽ ഉണ്ടാകുന്ന എല്ലാ അപകടങ്ങളുടെയും പ്രാഥമിക അപകട റിപ്പോർട്ടുകൾ 24 മണിക്കൂറിനുള്ളിലും വിശദമായ വിവരം ഏഴ് ദിവസത്തിനുള്ളിലും യൂണിറ്റുകളിൽ നിന്നും ലഭ്യമാക്കണം.
വിവരങ്ങൾ ശേഖരിച്ച് ഡാറ്റ എൻട്രി ചെയ്തിട്ടുണ്ടെന്ന് വർക്സ് മാനേജർ, ആക്സിഡന്റ് മോണിറ്ററിംഗ് സെല്ലും ഉറപ്പു വരുത്തണം. വീഴ്ച വരുത്തുന്നവർക്കെതിരേ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ്കുമാർ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.