ലൈംഗികാതിക്രമ കേസ് : മുകേഷിനും മണിയന്‍പിള്ള രാജുവിനുമെതിരേ എസ്ഐടി കുറ്റപത്രം സമര്‍പ്പിച്ചു
Monday, February 3, 2025 5:02 AM IST
കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പരാതികളില്‍ നടനും എംഎല്‍എയുമായ എം. മുകേഷ്, നടനും നിർമാതാവുമായ മണിയന്‍പിള്ള രാജു, സംവിധായകന് ശ്രീകുമാര്‍ മേനോന് എന്നിവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു.
എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചത്. മുകേഷിനെതിരേ ഉയര്‍ന്ന ആരോപണങ്ങൾ തെളിഞ്ഞെന്നും മണിയന്‍പിള്ള രാജുവിനെതിരായ കേസില്‍ സാഹചര്യത്തെളിവുകളുണ്ടെന്നും കുറ്റപത്രങ്ങളില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ആലുവ സ്വദേശിനി മുകേഷിനെതിരേ പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും താരസംഘടനയായ ‘അമ്മ’ യില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും ലൈംഗികമായി ചൂഷണം ചെയ്തെന്നായിരുന്നു പരാതി. 2010 ലായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിനു കഴിഞ്ഞത് നേട്ടമായി. ഇ-മെയില്‍ സന്ദേശങ്ങളും വാട്സ്ആപ്പ് ചാറ്റുകളും പരാതിക്കാരുമായി മുകേഷ് ഒരുമിച്ച് യാത്ര ചെയ്തതിന്റെ സാഹചര്യത്തെളിവുകളും ഇവരെ ഒരുമിച്ചു കണ്ട സാക്ഷികളുടെ മൊഴികളും ഉള്‍പ്പെടെയുള്ള തെളിവുകളാണ് ലഭിച്ചിട്ടുള്ളത്. കേസില്‍ മുകേഷിനെ അറസ്റ്റ് ചെയ്യുകയും ജാമ്യമത്തില്‍ വിടുകയും ചെയ്തിരുന്നു.
കുട്ടിക്കാനത്തുനിന്ന് ലൊക്കേഷനിലേക്ക് കാറില്‍ പോകുന്നതിനിടെ ലൈംഗികച്ചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് മണിയന്‍പിള്ള രാജുവിനെതിരായ പരാതി. 2009ലായിരുന്നു സംഭവം.
പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനായി അവസരം വാഗ്ദാനം ചെയ്തതനുസരിച്ച് എത്തിയപ്പോള്‍ കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ച് പീഡിപ്പിച്ചെന്നാണ് ശ്രീകുമാര്‍ മേനോനെതിരായ കേസ്.