റെയിൽവേയുടെ സൂപ്പർ ആപ്പ് എത്തി
Tuesday, February 4, 2025 3:18 AM IST
തൃശൂർ: ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കുന്ന സൂപ്പർ ആപ്പ് എന്നുവിളിക്കുന്ന ആപ്ലിക്കേഷൻ പരീക്ഷണത്തിനായി റെയിൽവേ മന്ത്രാലയം പുറത്തിറക്കി. ‘സ്വറെയിൽ’ എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയിട്ടുള്ളത്.
വെള്ളിയാഴ്ചയാണ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലുമെത്തിയത്. പരീക്ഷണാടിസ്ഥാനത്തിൽ ആയതുകൊണ്ടുതന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുന്നവരുടെ എണ്ണത്തിനു പരിധി നിശ്ചയിച്ചിട്ടുണ്ട്.
റിസർവ് ചെയ്തതും ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിംഗുകൾ, പ്ലാറ്റ്ഫോം ടിക്കറ്റ്, പാഴ്സൽ ബുക്കിംഗ്, ട്രെയിൻ അന്വേഷണങ്ങൾ, പിഎൻആർ അന്വേഷണങ്ങൾ, റെയിൽമദദ് വഴിയുള്ള സഹായം തുടങ്ങിയ സേവനങ്ങളെല്ലാം ഇതിലൂടെ ലഭ്യമാകും. കൂടാതെ ട്രെയിൻ ട്രാക്ക് ചെയ്യാനും ട്രെയിനിലേക്കു ഭക്ഷണം ഓർഡർ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.
തടസമില്ലാത്ത സേവനങ്ങൾ നൽകുന്നതോടൊപ്പം യാത്രക്കാർക്കു ട്രെയിൻ യാത്രാ അനുഭവം മെച്ചപ്പെടുത്തുക എന്നതിലൂന്നിയാണ് പുതിയ ആപ്പ് തയാറാക്കിയിട്ടുള്ളതെന്നു റെയിൽവേ ബോർഡ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ പറഞ്ഞു.
സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. ഇത് ഉടൻ എല്ലാവർക്കും ലഭ്യമാകുന്ന വിധത്തിൽ പുറത്തിറക്കുമെന്നു റെയിൽവേ അറിയിച്ചു.