വിവാദത്തിലായ സ്കൂളുകൾക്ക് സർക്കാർ എൻഒസി ഇല്ല
Tuesday, February 4, 2025 2:28 AM IST
കാക്കനാട്: ഒൻപതാം ക്ലാസ് വിദ്യാർഥി മിഹിർ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് സമുച്ചയത്തിൽനിന്നു ചാടി മരിച്ച സംഭവം അന്വേഷിച്ച് ഇരുസ്കൂൾ അധികൃതരുടെയും മിഹിറിന്റെ മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്താനെത്തിയ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.
ഇൻഫോപാർക്ക് സെക്കൻഡ് സ്പേസിനു സമീപം പ്രവർത്തിക്കുന്ന ജെംസ് സ്കൂളിനും ചോറ്റാനിക്കരയ്ക്കു സമീപം തിരുവാണിയൂരിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനും സർക്കാരിന്റെ എൻഒസിയില്ലെന്ന് വ്യക്തമായി.
ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളാണിവ. എൻഒസി ഹാജരാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടെങ്കിലും സ്കൂൾ അധികൃതർ ഇവ ഹാജരാക്കിയില്ല.
മിഹിർ ആദ്യം പഠിച്ച ജെംസ് സ്കൂളിലെ അധ്യാപകർക്കും സസ്പെൻഡ് ചെയ്യപ്പെട്ട വൈസ് പ്രിൻസിപ്പലിനും വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലെന്നും പരിശോധനയിൽ ബോധ്യപ്പെട്ടതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.