ഇന്‍ക്ലൂസീവ് വ്യവസായവത്കരണമാണ് സര്‍ക്കാരിന്റെ അജണ്ട: പി. രാജീവ്
Monday, February 3, 2025 4:40 AM IST
കൊച്ചി: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന (ഇന്‍ക്ലൂസീവ്) വ്യവസായവത്കരമാണ് കേരളം മുന്നോട്ടുവയ്ക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കെഎസ്ഐഡിസിയുടെ സഹകരണത്തോടെ സിഐഐ കേരള ഘടകം സംഘടിപ്പിച്ച അസെന്റ് ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മൂന്ന് നഗരമേഖലകള്‍ കേന്ദ്രീകരിച്ചു മാത്രം വ്യവസായം വന്നിരുന്ന കാലം കഴിഞ്ഞു. നാനോ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളാണു കേരളത്തിന്റെ നട്ടെല്ല്. കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ആരംഭിച്ച മൂന്നരലക്ഷം സംരംഭങ്ങളില്‍ 40 ശതമാനം വനിതകളുടേതാണ്.
വ്യവസായമേഖലയെ ഉത്തേജിപ്പിക്കാനുള്ള നിയമനിര്‍മാണങ്ങള്‍, ഭേദഗതികള്‍, കാമ്പസ് വ്യവസായപാര്‍ക്കുകള്‍ പോലുള്ള പുതിയ ഉദ്യമങ്ങള്‍ എന്നിവ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാനുളള പരിശ്രമത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ചെയര്മാന് ബാലഗോപാല്‍ ചന്ദ്രശേഖര്‍, എംഡി എസ്. ഹരികിഷോര്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, സിഐഐ വൈസ് ചെയര്‍പേഴ്സണ്‍ ശാലിനി വാര്യര്‍, സിഐഐ കേരള ചെയര്മാന് വിനോദ് മഞ്ഞില തുടങ്ങിയവര്‍ പ്രസംഗിച്ചു.