ജുഡീഷല്‍ കമ്മീഷന്റെ സാങ്കേതിക പ്രശ്നം പരിഹരിക്കണം: സാദിഖലി തങ്ങള്‍
Monday, February 3, 2025 5:02 AM IST
കൊച്ചി: മുനമ്പം ജുഡീഷല്‍ കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതു സാങ്കേതിക പ്രശ്നങ്ങളാലാണെങ്കില് അവ സര്‍ക്കാരിന് പരിഹരിക്കാവുന്നതേയുള്ളൂവെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം വിഷയത്തില്‍ സമാധാനം നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിന് വസ്തുതാപരമായ കാര്യങ്ങള്‍ ചെയ്യേണ്ടതു സര്‍ക്കാരാണ്. അതിനാലാണ് സര്‍ക്കാര്‍ ഈ കമ്മീഷനെ നിമിച്ചിട്ടുള്ളത്. സാങ്കേതികപ്രശ്നങ്ങള്‍ സര്‍ക്കാരിന് തീര്‍ക്കാനാകുമെന്നാണ് കരുതുന്നതെന്നും പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.