സദാനന്ദന് മാസ്റ്റർ വധശ്രമം; സിപിഎമ്മുകാരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി
Tuesday, February 4, 2025 2:28 AM IST
കണ്ണൂര്‍: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സദാനന്ദന് മാസ്റ്ററെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ സിപിഎമ്മുകാരായ എട്ടു പ്രതികളുടെയും ശിക്ഷ ഹൈക്കോടതി ശരിവച്ചു.
സിപിഎമ്മിന്റെ ജില്ലയിലേയും മട്ടന്നൂര്‍ മേഖലയിലേയും പ്രധാന നേതാക്കളായ കെ. ശ്രീധരന്, മാതമംഗലം നാണു, പി.എം. രാജന്, പി. കൃഷ്ണന്, ഇ. രവീന്ദ്രന്, പി. സുരേഷ്ബാബു, എം. രാമചന്ദ്രന്, കെ. ബാലകൃഷ്ണന് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവച്ചത്. കൃത്യം നടന്ന് 31 വര്‍ഷത്തിനുശേഷമാണ് വിധി ഉണ്ടായത്. ഏഴു വര്‍ഷം കഠിനതടവും 50,000 രൂപ വീതം പിഴയുമാണ് ജസ്റ്റീസ് സി.എസ്. സുധ വിധിച്ചത്.
കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ ഏഴു വര്‍ഷം തടവുശിക്ഷ കുറഞ്ഞുപോയെന്നും കോടതി കണ്ടെത്തി. രണ്ടു കാലും ഛേദിക്കപ്പെട്ട സദാനന്ദന് മാസ്റ്റർക്ക് നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നത് ഉചിതമെന്നും പറഞ്ഞ ഹൈക്കോടതി കീഴ്ക്കോടതി വിധിച്ച 20,000 രൂപ പിഴ 50,000 രൂപയായി ഉയര്‍ത്തി.
ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹകായിരുന്ന സദാനന്ദന് മാസ്റ്റര്‍ക്ക് 27 വയസുള്ളപ്പോഴായിരുന്നു സിപിഎമ്മുകാരായ പ്രതികള്‍ അദ്ദേഹത്തെ ഇരുകാലുകളും വെട്ടിമാറ്റി വധിക്കാന്‍ ശ്രമിച്ചത്. 1994 ജനുവരി 25 ന് രാത്രി ഉരുവച്ചാല്‍ ടൗണില്‍ വച്ചാണ് സിപിഎം അക്രമിസംഘം മാസ്റ്ററെ ആക്രമിച്ചത്.