പ്രോപ്പര്‍ട്ടി കാര്‍ഡ് അടുത്ത വര്‍ഷം ആദ്യം
Tuesday, February 4, 2025 2:28 AM IST
കോഴിക്കോട്: റവന്യു വകുപ്പിനു കീഴിലെ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ആക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2026 ജനുവരിയാകുമ്പോഴേക്കും എടിഎം കാര്‍ഡ് മാതൃകയില്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് എല്ലാവര്ക്കും വിതരണം ചെയ്യാനാകുമെന്ന് മന്ത്രി കെ. രാജന്.
ഒരു വ്യക്തിയുടെ വസ്തുവിനകത്തുള്ള കെട്ടിടങ്ങള്‍, നികുതി, ഭൂമിയുടെ തരം, വിസ്തൃതി തുടങ്ങിയവ ഉള്‍പ്പെടെ ഭൂമിയുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങളും വിശദാംശങ്ങളും രേഖപ്പെടുത്തുന്ന കാര്‍ഡാണ് നിലവില്‍വരുക. ഈ കാര്‍ഡിലേക്ക് ഉള്‍ക്കൊള്ളിക്കാനാകുന്ന മറ്റു വിവരങ്ങളുടെ വിശദാംശങ്ങള്‍ പരിശോധനാഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ‘എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ നയത്തിന്റെ ഭാഗമായി 438 വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വേ നടന്നു വരികയാണ്. സര്‍വേയുടെ മൂന്നാംഘട്ടം ഫെബ്രുവരി 14ന് ആരംഭിക്കും.
എന്റെ ഭൂമി ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ പരിധിയില്‍ 1000 വില്ലേജുകളില്‍ ഈ വര്‍ഷം അവസാനമാകുമ്പൊഴേക്കും പ്രവര്‍ത്തനക്ഷമമാക്കുന്ന പ്രവൃത്തികളാണ് നടന്നുവരുന്നത്.
കേരളത്തിലെ ഡിജിറ്റല്‍ റീസര്‍വേ രാജ്യത്തിനു മാതൃകയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സര്‍വേ ജീവനക്കാര്‍ക്കു വേണ്ടി കേന്ദ്രത്തിന്റെ ആവശ്യപ്രകാരം ദേശീയ ശില്പശാല നടത്തുന്നത് ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.