പീഡനപരാതിയിൽ കുറ്റപത്രം: മുകേഷിനെ കൈവിടാതെ സിപിഎം
Tuesday, February 4, 2025 2:28 AM IST
തിരുവനന്തപുരം: നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ മുകേഷ് എംഎൽഎയ്ക്കെതിരേ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതു സിപിഎമ്മിനും സർക്കാരിനും പുതിയ തലവേദനയായി. ശാസ്ത്രീയ തെളിവുകൾ മുകേഷിനെതിരാണെന്നാണു വിവരം.
കേസിൽ മുകേഷ് വിചാരണ നേരിടേണ്ടിവരുന്നതു രാഷ്ട്രീയമായി സിപിഎമ്മിനു നല്ലതല്ലെന്ന അഭിപ്രായത്തിനാണു സിപിഎമ്മിൽ മുൻതൂക്കം. എന്നാൽ, മുകേഷിനനുകൂലമായി സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായം പറഞ്ഞത് പാർട്ടി നടനൊപ്പമാണെന്ന സന്ദേശമാണു നൽകുന്നത്.
കേസിൽ മുകേഷ് കുറ്റക്കാരനാണെന്നു കോടതി പറഞ്ഞാൽ മാത്രം എംഎൽഎ സ്ഥാനം രാജിവച്ചാൽ മതിയെന്ന പക്ഷക്കാരാണു സിപിഎമ്മിലെ പ്രധാനപ്പെട്ട വനിതാ നേതാക്കൾ. ഇതിൽനിന്നും വ്യത്യസ്ത അഭിപ്രായം പറഞ്ഞതു സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി മാത്രമാണ്.
മുകേഷ് നിയമപരമായി രാജിവയ്ക്കേണ്ടതില്ലെന്നു പറഞ്ഞ സതീദേവി ധാർമികതയുടെ പേരിൽ രാജി വേണോ എന്നു തീരുമാനിക്കേണ്ടത് മുകേഷ് ആണെന്നും വ്യക്തമാക്കി.
മഹിളാ നേതാവ് പി.കെ. ശ്രീമതിയും മുകേഷിനെ പിന്തുണയ്ക്കുന്ന നിലപാടാണു സ്വീകരിച്ചത്. ഇതിലൂടെ സിപിഎം എക്കാലവും സ്ത്രീ വിഷയങ്ങളിൽ കൈക്കൊണ്ട കർക്കശ നിലപാടിൽ വനിതാ നേതാക്കൾതന്നെ നിലപാടു മാറ്റുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്.
എംഎൽഎ മുകേഷ് സ്ഥാനം രാജിവയ്ക്കണമെന്നുപ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ നിയമസഭ ചേരാനിരിക്കേ വിഷയം കടുപ്പിക്കാനാണു പ്രതിപക്ഷ തീരുമാനം.
കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കേസിനെ നിയമപരമായി നേരിടാമെന്ന് മുകേഷ് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നേരത്തേ നടിയുടെ പരാതിയിൽ കേസെടുത്തപ്പോഴും സിപിഎം സംസ്ഥാന നേതൃത്വം മുകേഷിനൊപ്പമായിരുന്നു.
എംഎൽഎ എന്ന നിലയിൽ മുകേഷിന്റെ പ്രവർത്തനം മണ്ഡലത്തിലും പൊതുവെ പാർട്ടിക്കും ഗുണകരമാകുന്നില്ലെന്ന വിമർശനം കൊല്ലത്തെ പാർട്ടിയിൽ നിലനിൽക്കുന്പോഴും സിപിഎം നേതൃത്വം അദ്ദേഹത്തെ ഇക്കാര്യത്തിൽ കൂടെനിർത്തുന്ന നിലപാടാണു സ്വീകരിച്ചത്.
ഇപ്പോഴും പാർട്ടി മുകേഷിനെ കൈവിടുന്നില്ലെന്ന സൂചനയാണ് എം.വി. ഗോവിന്ദന്റെ വാക്കുകളിലൂടെ കൂടുതൽ വ്യക്തമാകുന്നത്. മുകേഷിനു രാഷ്ട്രീയമായ എല്ലാ പിന്തുണയും സിപിഎം നൽകും.
ഇപ്പോഴത്തെ നയമനുസരിച്ചു രണ്ടു ടേം മത്സരിച്ചവർക്കു സിപിഎം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു നൽകില്ല. സ്വാഭാവികമായും മുകേഷ് വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനിടയില്ല. ഇതിനിടയിൽ കേസിൽ ശിക്ഷാവിധിയും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ കേസ് അതിന്റെ വഴിക്കു പോകട്ടേയെന്ന നിലപാടാണു സിപിഎം നേതൃത്വം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.