ലോകായുക്തയിൽ 452 കേസ്; ഒന്നിലും തീർപ്പായില്ല
Tuesday, February 4, 2025 2:28 AM IST
സിജോ പൈനാടത്ത്
കൊച്ചി: ജനസേവകരുടെ അഴിമതി ഇല്ലാതാക്കാൻ രൂപീകരിച്ച ലോകായുക്തയിൽ കഴിഞ്ഞ വർഷമെത്തിയ കേസുകളിൽ ഒന്നിലും തീർപ്പായില്ല. 452 കേസുകൾ ഇക്കാലയളവിൽ ലോകായുക്തയിലെത്തിയിരുന്നെന്ന് സർക്കാരിൽനിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു.
2016 മുതൽ 2023 വരെ 7638 കേസുകൾ ലോകായുക്ത തീർപ്പാക്കിയിരുന്നു. 2023 ൽ 415 കേസുകളിൽ ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചു. 2022ൽ 537ഉം 2021 ൽ 461 ഉം കേസുകൾ തീർപ്പാക്കിയതാണ്.
അഴിമതിക്കെതിരേ നൽകുന്ന പരാതികളുടെ ഫയലുകൾ സർക്കാർ സംവിധാനങ്ങളിൽ കെട്ടിക്കിടക്കുന്നുവെന്ന പരാതികൾ നിലനിൽക്കെയാണ് ലോകായുക്തയിലെ മെല്ലെപ്പോക്ക്.
നിലവിൽ 59 ജീവനക്കാർ ലോകായുക്തയിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്കായി ചെലവഴിക്കുന്ന ശന്പളത്തിന്റെ കണക്കുകളും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. 3,19,375 രൂപയാണ് ലോകായുക്തയുടെ ശന്പളം.
പൊതുജനങ്ങൾക്കു സേവനം ലഭ്യമാക്കേണ്ട ലോകായുക്തയിൽ നടപടികൾക്കു കാലതാമസം നേരിടുന്നത് ആശങ്കാജനകമാണെന്ന് പൊതുപ്രവർത്തകനായ രാജു വാഴക്കാല പറഞ്ഞു.
13000 രൂപ മുതൽ 1.42 ലക്ഷം രൂപ വരെ ശന്പളമുള്ളവർ ലോകായുക്തയുടെ ഭാഗമായി സേവനം ചെയ്യുന്നുണ്ടെന്നും വിവരാവകാശ നിയമപ്രകാരം ലോകായുക്ത പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.