എം.വി. ജയരാജൻ വീണ്ടും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി
Tuesday, February 4, 2025 2:28 AM IST
തളിപ്പറമ്പ്: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. 50 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 11 പേർ പുതുമുഖങ്ങളാണ്.
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, എം.വി. നികേഷ് കുമാർ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. നികേഷ്കുമാർ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സെക്രട്ടറി സരിൻ ശശി എന്നിവരും കമ്മിറ്റിയിലുണ്ട്.
പയ്യന്നൂരിലെ പാർട്ടിഫണ്ട് വിവാദത്തെ തുടർന്ന് നടപടി നേരിട്ട വി. കുഞ്ഞിക്കൃഷ്ണനെ ഉൾപ്പെടുത്തി. നേരത്തെ കുഞ്ഞിക്കൃഷ്ണനെ പ്രത്യേക ക്ഷണിതാവാക്കിയിരുന്നു. തളിപ്പറമ്പ് മുൻ എംഎൽഎ ജയിംസ് മാത്യുവിനെ ഒഴിവാക്കി. അച്ചടക്ക നടപടിക്ക് വിധേയയായ പി.പി. ദിവ്യയെയും ഉൾപ്പെടുത്തിയിട്ടില്ല.
ജയരാജൻ മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്. നിയമ ബിരുദധാരിയാണ്.