വേദനാജനകം, അപലപനീയം: മേജർ ആർച്ച്ബിഷപ്
Tuesday, February 4, 2025 3:18 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രസാദഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരുന്ന പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ജോൺ തോട്ടുപുറത്തിനെതിരേ നടന്ന അക്രമം അത്യന്തം വേദനാജനകവും അപലപനീയവുമാണെന്ന് അതിരൂപതാധ്യക്ഷനും മേജർ ആർച്ച്ബിഷപ്പുമായ മാർ റാഫേൽ തട്ടിലും മേജർ ആർച്ച്ബിഷപ്പിന്റെ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയും പറഞ്ഞു.
വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരുന്ന വൈദികനു നേരേ നടന്ന അതിക്രമം പരിശുദ്ധ കുർബാനയെ അവഹേളിക്കുന്ന ഗുരുതരമായ തെറ്റായി മാത്രമേ കാണാൻ സാധിക്കൂ. സാമാന്യ മര്യാദയുടെയും അടിസ്ഥാന ക്രൈസ്തവ ജീവിതശൈലിയുടെയും എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ട് മദ്ബഹയുടെ പരിശുദ്ധി കളങ്കപ്പെടുത്തിയത് വിശ്വാസസമൂഹത്തെ മാത്രമല്ല, പൊതുസമൂഹത്തിലും അമ്പരപ്പ് ഉളവാക്കുകയുണ്ടായി. ഇത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. ഈ അക്രമത്തിൽ പങ്കുകാരായ എല്ലാവർക്കുമെതിരേ കാനൻ നിയമവും രാജ്യത്തിന്റെ നിയമവും അനുശാസിക്കുന്ന നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണരീതി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ വിശ്വാസജീവിതത്തെയും സഭാ സംവിധാനങ്ങളെയും അച്ചടക്കത്തെയും ദുർബലപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ.
അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാനും പ്രതികരിക്കാനുമുള്ള സാമാന്യ മര്യാദയുടെ പരിധികൾ പലപ്പോഴും ലംഘിക്കപ്പെടുന്നത് വേദനാജനകമാണ്. ഭിന്നതയുടെയും കലഹത്തിന്റെയും പാതയിൽനിന്ന് ഐക്യത്തിന്റെയും അനുസരണത്തിന്റെയും അനുരഞ്ജനത്തിന്റെയും അർഥപൂർണമായ ആശയവിനിമയത്തിന്റെ വഴി തെരഞ്ഞെടുക്കാൻ മാർ റാഫേൽ തട്ടിലും മാർ ജോസഫ് പാംപ്ലാനിയും അതിരൂപതയിലെ വൈദികരോടും സമർപ്പിതരോടും അല്മായ വിശ്വാസികളോടും ആഹ്വാനം ചെയ്തു.