കേന്ദ്രമന്ത്രിമാർക്കും ബിജെപിക്കും കേരളത്തോടു പുച്ഛം: വി.ഡി. സതീശൻ
Tuesday, February 4, 2025 3:18 AM IST
കൊച്ചി: കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാർക്കും ബിജെപിക്കും കേരളത്തോടു പുച്ഛമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
കേരളം പിന്നാക്കം നില്‍ക്കുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞാല്‍ എന്തെങ്കിലും തരാമെന്ന ജോര്‍ജ് കുര്യന്റെ പ്രസ്താവനയും ഉന്നത കുലജാതന് എന്ന സുരേഷ് ഗോപിയുടെ പ്രയോഗവും അപക്വമാണ്.
ഇവരുടെയൊക്കെ തറവാട്ടില്‍നിന്നുള്ള ഔദാര്യമല്ല, നികുതിയില്‍നിന്നുള്ള വിഹിതമാണ് സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവകാശപ്പെട്ടതാണു ചോദിച്ചത്. ഭരണഘടനയില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍, ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കുമെന്ന സമീപനമാണു സ്വീകരിക്കുന്നത്.
ഉന്നത കുലജാതന് എന്ന സുരേഷ് ഗോപിയുടെ പ്രയോഗം കാലഹരണപ്പെട്ടതാണ്. ഏതു കാലത്താണ് ഇവരൊക്കെ ജീവിക്കുന്നത്? കേന്ദ്രത്തിന്റെയും ബിജെപിയുടെയും സമീപനമാണ് രണ്ടുപേരും പറഞ്ഞത്. പി.വി. അന്‍വറിന്റെ കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും സതീശൻ കൊച്ചിയിൽ പറഞ്ഞു.