എൻസിപിയിലെ മന്ത്രിമാറ്റം: മുഖ്യമന്ത്രിക്കെതിരേയുള്ള പി.സി. ചാക്കോയുടെ ശബ്ദരേഖ പുറത്ത്
Monday, February 3, 2025 5:02 AM IST
തിരുവനന്തപുരം: എൻസിപിയിലെ മന്ത്രിമാറ്റം നടക്കാത്തതിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയ്ക്കുള്ള നീരസം പ്രകടമാവുന്ന പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്ത്. നാലു ദിവസം മുൻപ് തിരുവനന്തപുരത്ത് ചേരുകയും അലങ്കോലപ്പെടുകയും ചെയ്ത യോഗത്തിലെ പ്രസംഗമാണ് പുറത്തു വന്നത്.
മന്ത്രിമാറ്റം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി അനുകൂല നിലപാട് കൈക്കൊണ്ടില്ലെന്നാണ് ചാക്കോ പറയുന്നത്. “മന്ത്രിയെ മാറ്റുന്ന കാര്യത്തിൽ നിർബന്ധം പിടിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറിക്കു കൊള്ളുന്നപോലെ മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിച്ചിരുന്നെങ്കിൽ വലിയ പബ്ളിസിറ്റി കിട്ടിയേനെ. അതിനപ്പുറത്തേക്ക് പറയാമായിരുന്നെങ്കിലും താൻ ഒന്നും പറഞ്ഞില്ലെന്നും ചാക്കോയുടെ സംഭാഷണത്തിലുണ്ട്.
മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോൾ ഒരു ചെയ്ഞ്ച് വേണോ എന്നാണ് ചോദിച്ചത്. നിങ്ങൾ നിർബന്ധം പിടിക്കരുതെന്നും പറഞ്ഞു. ശരദ് പവാറിന്റെ നേതൃത്വത്തിൽ പാർട്ടി എടുത്ത തീരുമാനമാണെന്നും അങ്ങ് അത് നടപ്പാക്കണമെന്ന്’’താൻ പറഞ്ഞു. എന്നാൽ ഈ സംഭാഷണത്തെക്കുറിച്ച് പി.സി ചാക്കോയോ, പാർട്ടി നേതൃത്വമോ പ്രതികരിച്ചിട്ടില്ല.