ചീഫ് കെമിക്കല്‍ എക്സാമിനറുടെ ശിപാര്‍ശയില്‍ കത്രിക വച്ച് സര്‍ക്കാര്‍
ബിനു ജോര്‍ജ്
Monday, February 3, 2025 4:40 AM IST
കോഴിക്കോട്: സംസ്ഥാനത്തെ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറികളില്‍ അരലക്ഷത്തിലേറെ കേസുകളിലായി ഒന്നര ലക്ഷത്തിലധികം സാമ്പിളുകള്‍ കെട്ടിക്കിടക്കുന്നത് നീതി നിര്‍വഹണത്തെ ബാധിക്കുമെന്ന ആശങ്ക ഹൈക്കോടതിയും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പും ചൂണ്ടിക്കാട്ടിയിട്ടും ജീവനക്കാരെ നിയമിക്കുന്നതില്‍ സര്‍ക്കാരിനു പിശുക്ക്.
ഗുരുതരമായ സാഹചര്യം ചൂണ്ടിക്കാട്ടി 16 സയന്റിഫിക് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് കെമിക്കല്‍ എക്സാമിനര്‍ കത്ത് നല്‍കിയെങ്കിലും ആകെ എട്ട് തസ്തികകള്‍ മാത്രം പുതിയതായി സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ അനുമതി. കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ഓരോ ലബോറട്ടറികളില്‍ രണ്ടു സയന്റിഫിക് ഓഫീസര്‍ തസ്തിക വീതം ആകെ ആറ് തസ്തികകളും എറണാകുളം, കോഴിക്കോട് റീജണല്‍ ലബോറട്ടറികളില്‍ അഞ്ച് സയന്റിഫിക് ഓഫീസര്‍ തസ്തികകള്‍ വീതം 10 തസ്തികകളുമുള്‍പ്പെടെ മൊത്തം 16 തസ്തികകള്‍ സൃഷ്ടിക്കണമെന്നായിരുന്നു ചീഫ് കെമിക്കല്‍ എക്സാമിനറുടെ ശിപാര്‍ശ.
പക്ഷെ, കത്തില്‍ പരാമര്‍ശിച്ചിരുന്ന മൂന്നു കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറികളില്‍ മൂന്നുവീതം സയന്റിഫിക് ഓഫീസറുടെ തസ്തികകള്‍ മാത്രം മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. റീജണല്‍ ലബോറട്ടറികളില്‍ അഞ്ചു വീതം തസ്തികകള്‍ സൃഷ്ടിക്കണമെന്ന ശിപാര്‍ശ സര്‍ക്കാര്‍ പാടെ തള്ളുകയും ചെയ്തു. പകരം തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ രണ്ട് തസ്തികകള്‍ മാത്രം സൃഷ്ടിക്കാനാണ് അനുമതി.
ആഭ്യന്തര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറികളിലേക്കാണ് കോടതികളും അന്വേഷണ ഏജന്‍സികളും കേസുകളുമായി ബന്ധപ്പെട്ട ഭൗതിക വസ്തുക്കള്‍ പരിശോധനയ്ക്കായി അയയ്ക്കുന്നത്. അവിടെ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലമാണ് കേസിനു ബലം പകരുക.
ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ പരിശോധനാ ഫലം വൈകുന്നത് ലൈംഗീക പീഡനക്കേസുകളിലെ ഇരകള്‍ക്കു വരെ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതിനെക്കുറിച്ചു പഠിച്ച ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 2024 സെപ്റ്റംബറില്‍ സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ടില്‍ പുതിയതായി സയന്റിഫിക് ഓഫീസര്‍മാരുടെ 16 തസ്തികകള്‍ സൃഷ്ടിക്കണമെന്നു ശിപാര്‍ശ ചെയ്തിരുന്നു.
പുതിയതായി തസ്തികകള്‍ സൃഷ്ടിച്ച് കെട്ടിക്കിടക്കുന്ന കേസുകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ നടപടി വേണമെന്നായിരുന്നു ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിയാതെ വരുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകള്‍ പല കേസുകളുടെയും അന്തിമ വിധികളില്‍ കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.