സമരം തീര്‍ന്ന് പത്തു ദിവസം കഴിഞ്ഞിട്ടും റേഷന്‍കടകളില്‍ സാധനങ്ങളില്ല
Tuesday, February 4, 2025 3:18 AM IST
കോഴിക്കോട്: റേഷന്‍സാധനങ്ങള്‍ എത്തിക്കുന്ന കരാറുകാരുടെ സമരം തീര്‍ന്നു പത്തുദിവസം പിന്നിട്ടിട്ടും റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിയില്ല. ജനുവരി മാസത്തെ റേഷന്‍ വിതരണം ഇന്നാണ് അവസാനിക്കുന്നത്.
സംസ്ഥാനത്തെ മിക്ക കടകളിലും ഭക്ഷ്യസാധനങ്ങള്‍ എത്തിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. മുഴുവന്‍ കടകളിലും പൂര്‍ണമായും ലഭിച്ചിട്ടുമില്ല. സമരം നടന്നതിനാല്‍ ജനുവരി മാസത്തെ റേഷന്‍ വിതരണം ഇന്നുവരെ നീട്ടിയിരുന്നു.
കടകളില്‍ വലിയ തിരക്കാണ്. ഉപഭോക്താക്കള്‍ മടങ്ങിപ്പോകേണ്ട അവസ്ഥയുണ്ട്. ഇതു തര്‍ക്കത്തിനും കാരണമാകുന്നു. ഭൂരിഭാഗം കടകളിലും ഈ മാസത്തെ അരി, ഗോതമ്പ്, ആട്ട എന്നിവയുടെ ആവശ്യമായ വിഹിതം സ്റ്റോക്കില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പുതന്നെ അറിയിച്ചിട്ടുണ്ട്.
വേണ്ടത്ര ഭക്ഷ്യസാധനങ്ങള്‍ ഇല്ലാത്തതിനാല്‍ സാധനങ്ങളുള്ള കടകളില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ ഒരുമിച്ച് നല്കാന് കഴിയാത്ത സ്ഥിതിയാണ്.
എന്‍എഫ്എസ്എ ആക്ട് പ്രകാരം മൂന്നു മാസത്തെ റേഷന്‍സാധനങ്ങള്‍ വരെ നല്‍കാമെന്നു വ്യവസ്ഥയുള്ള സാഹചര്യത്തില്‍ ഫെബ്രുവരിയിലെ റേഷനോടൊപ്പം ജനുവരിയിലെ റേഷന്‍ വിതരണത്തിനും നടപടിയുണ്ടാവുകയോ അല്ലെങ്കില്‍ രണ്ട് ദിവസം കൂടി നീട്ടുകയോ ചെയ്യണമെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 14,177 റേഷന്‍ കടകളാണുള്ളത്. 94,66,307 റേഷന്‍ കാര്‍ഡുടമകളുണ്ട്. സാധാരണ ഒരു മാസ സമയമെടുത്താണ് റേഷന്‍കടകളില്‍ സാധനങ്ങള്‍ എത്തിക്കാറുള്ളത്. കരാറുകാരുടെ സമരം ജനുവരി 25നും റേഷന്‍കടക്കാരുടെ സമരം 27നുമാണ് അവസാനിച്ചത്. പത്തുദിവസംകൊണ്ട് സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കില്ലെന്ന് വ്യാപാരികള്‍ പറയുന്നു.