കോളടിച്ച് സർക്കാർ ജീവനക്കാർ; ജീവനക്കാരിൽ ഭൂരിഭാഗവും നികുതി വലയ്ക്കു പുറത്ത്
സ്വന്തം ലേഖകൻ
Monday, February 3, 2025 5:02 AM IST
തിരുവനന്തപുരം: ആദായ നികുതി പരിധി 12 ലക്ഷമാക്കി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതോടെ സംസ്ഥാന സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും നികുതി വലയ്ക്കു പുറത്തായി. പ്രതിമാസം ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ശന്പളം വാങ്ങുന്ന ജീവനക്കാർ ആദായ നികുതി അടച്ചാൽ മതിയാകും.
സംസ്ഥാന സർക്കാരിനു കീഴിലെ 5.5 ലക്ഷം ജീവനക്കാരിൽ ഏതാണ്ട് ഒരു ലക്ഷത്തിനു താഴെ പേർ മാത്രം പുതിയ പ്രഖ്യാപന പ്രകാരം ആദായ നികുതി അടച്ചാൽ മതിയാകും. സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി ഹയർ ഗ്രേഡിനു മുകളിലുള്ള ജീവനക്കാരാണ് അടുത്ത സാന്പത്തിക വർഷം ആദായ നികുതി അടയ്ക്കേണ്ടി വരിക. മറ്റു വകുപ്പുകളിൽ ഡെപ്യൂട്ടി ഡയറക്ടർ, ഡിവൈഎസ്പി, കോളജ് അധ്യാപകർ, നിശ്ചിത വർഷം സർവീസുള്ള ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അധ്യാപകർ തുടങ്ങിയവർ ആദായ നികുതി സ്ലാബിൽ ഉൾപ്പെടും.
കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ആദായനികുതി ഇളവിലൂടെ ജീവനക്കാർക്ക് കുറഞ്ഞത് ഒരു മാസത്തെ ശന്പളം ലാഭമാകുമെന്നാണു കണക്കാക്കുന്നത്. ധനവകുപ്പിന്റെ കണക്ക് പ്രകാരം 2,88,120 സർക്കാർ ജീവനക്കാരാണ് 50,000 രൂപയ്ക്ക് മുകളിൽ ശന്പളം വാങ്ങുന്നത്. നിലവിലെ സന്പ്രദായ പ്രകാരം 3.5 ലക്ഷത്തോളം ജീവനക്കാർ ആദായ നികുതി പരിധിയിൽ ഉൾപ്പെട്ടിരുന്നു. ഇതാണ് ഏതാണ്ട് നാലിലൊന്നായി കുറയുന്നത്. എന്നാൽ, ഐഎഎസ്, ഐപിഎസ് അടക്കമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ ജൂനിയർ ഉദ്യോഗസ്ഥർ ഒഴികെയുള്ളവർ ആദായനികുതി അടയ്ക്കേണ്ടി വരും.