നാടക അരങ്ങിലെ കരുത്തുമായി വെള്ളിത്തിരയിലെത്തിയ മീന
Friday, December 20, 2024 12:48 AM IST
ഷൊർണൂർ: നാടകങ്ങളിലൂടെ അഭിനയത്തിന്റെ മർമമറിഞ്ഞു വെള്ളിത്തിരയിലെത്തിയ നടിയാണ് അന്തരിച്ച മീന ഗണേഷ്. പിതാവ് കെ.പി. കേശവൻനായർതന്നെയാണു ഗുരുവും വഴികാട്ടിയും. വിവാഹം കഴിച്ചതാവട്ടെ പ്രമുഖ നാടകനടനും നാടകകൃത്തുമായ എ.എൻ. ഗണേഷിനെയും. ഇതോടെ ഇവരുടെ അഭിനയരംഗത്തുള്ള മുന്നോട്ടുപോക്കിനു കരുത്തേറി.
അഭിനയം വെറും തൊഴിലായിരുന്നില്ല മീന ഗണേഷിന്. അച്ഛന്റെ അഭിനയഭ്രാന്ത് തന്നെയും പിടികൂടുകയായിരുന്നുവെന്ന് അവര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എത്ര സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചെന്നു ചോദിച്ചാല്‍ മറുപടിപറയുക അസാധ്യം. ഒറ്റദിവസം അഞ്ചു നാടകങ്ങളില്വരെ അഭിനയിച്ചിരുന്ന കാലമുണ്ടായിരുന്നു. അങ്ങനെ മാസങ്ങളോളം. തുടര്‍ന്ന് നൂറിലേറെ സിനിമകൾ. പലതും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍.
അച്ഛന് കെ.പി. കേശവന്നായര് എംജിആര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ അഭിനയിച്ചിരുന്നു. നാടകക്കാരുമായും നല്ല ബന്ധം. ആ ബന്ധമാണ് മീനയെ നാടകക്കളരിയിലെത്തിച്ചത്.
കൊപ്പം ബ്രദേഴ്സ് ആര്‍ട്സ് ക്ലബ്ബിലൂടെ മീന അരങ്ങിലെത്തി.
1965-ല്‍ എ.എന്‍. ഗണേഷിന്റെ പ്രളയം എന്ന നാടകത്തില്‍ അഭിനയിച്ചു. ഗണേഷുമായുള്ള പരിചയം പ്രണയമായി, പിന്നീട് വിവാഹം. വിവാഹശേഷം ഷൊര്‍ണൂരില്‍ പൗര്‍ണമി കലാമന്ദിര്‍ എന്ന പേരില്‍ നാടകസമിതി ആരംഭിച്ചു. ഗണേഷ് നാടകമെഴുതും. സംവിധാനം ചെയ്യും.
മീന അഭിനയിക്കും. ഭക്ഷണം വയ്ക്കലും അഭിനയിക്കലുമെല്ലാമായി കലാസമിതിതന്നെ കുടുംബം. സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് പിന്നീടു സമിതി പിരിച്ചുവിട്ടു. മറ്റു സമിതികള്‍ക്കുവേണ്ടി ഗണേഷ് നാടകം എഴുത്തു തുടർന്നു; മീന അഭിനയവും.
കെപിഎസി, എസ്.എല്‍. പുരം, സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണല്‍ തിയറ്റേഴ്സ്, അങ്കമാലി പൗര്‍ണമി, തൃശൂര്‍ ഹിറ്റ്സ് ഇന്റര്‍നാഷണല്‍, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂര്‍ യമുന, അങ്കമാലി പൂജ. എറണാകുളം ദൃശ്യകലാഞ്ജലി എന്നിങ്ങനെ നിരവധി സമിതികളുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് മീന.