വന്യമൃഗ ആക്രമണം: അടിമാലിയിൽ ദേശീയപാത ഉപരോധിച്ചു
Saturday, June 29, 2024 1:34 AM IST
അടിമാലി : വന്യജീവി ആക്രമണത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കുളമാൻകുഴിയിലെ ആദിവാസികളും നാട്ടുകാരും കൊച്ചി-ധനുഷ്കോടി ദേശീയപാത ഉപരോധിച്ചു.
കഴിഞ്ഞ ദിവസം രാത്രി കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്കേറ്റ സാഹചര്യത്തിലാണ് വാളറ കെടിഡിസി ജംഗ്ഷനിൽ ആദിവാസികളും നാട്ടുകാരും ചേർന്ന് ദേശീയപാത ഉപരോധിച്ചത്.
കഴിഞ്ഞ പത്തുവർഷമായി കാട്ടാനകളൂം മറ്റു വന്യജീവികളും നേര്യമംഗലം, കാഞ്ഞിരവേലി, പടിക്കപ്പ്, വാളറ, കുളമാൻകുഴി തുടങ്ങിയ പ്രദേശങ്ങളിലെത്തി തന്പടിച്ച് വ്യാപകമായി കൃഷി നശിപ്പിക്കുകയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയുമാണ്.
കാട്ടാനകളുടെ ശല്യം പരിഹരിക്കാൻ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കാത്ത തിനാലാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ആദിവാസികളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി പുതിയ സമരമുഖം തുറന്നത് .
രാവിലെ പത്തിന് വിവിധ ആദിവാസികുടികളിൽനിന്നും എത്തിയ ആദിവാസി സമൂഹവും നാട്ടുകാരും ചേർന്ന് വാളറ കെ ടിഡിസി ജംഗ്ഷനിൽ റോഡിൽ കുത്തിയിരുന്ന് ഉപരോധം തീർക്കുകയായിരുന്നു.
ഉപരോധത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ മേഖലയിലെ വനംവകുപ്പ് ഓഫീസുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി അറിയിച്ചു.
നാലു മാസം മുന്പ് കാട്ടാനയുടെ ആക്രമണത്തിൽ നേര്യമംഗലം കാഞ്ഞിരവേലിൽയിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.