‘കാഫിര്‍ പോസ്റ്റർ’ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; ലതികയെ ന്യായീകരിച്ച് മന്ത്രി
Saturday, June 29, 2024 12:37 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് വടകരയില്‍ പ്രചരിച്ച കാഫിര്‍ പോസ്റ്റര്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.
സമൂഹത്തില്‍ രൂക്ഷമായ ചേരിതിരിവിനും മതസ്പര്‍ധയ്ക്കും ഇടയാക്കാവുന്ന വിവാദ പോസ്റ്ററിന്റെ സ്ക്രീന്‍ ഷോട്ട് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച മുന്‍ എംഎല്‍എ കെ.കെ. ലതികയ്ക്കെതിരേ കേസ് എടുത്തിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ ഏതു വകുപ്പുകളാണു ചുമത്തിയതെന്നും ചോദ്യോത്തരവേളയില്‍ മാത്യു കുഴല്നാടന് ചോദ്യം ഉന്നയിച്ചു.
ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിക്കുവേണ്ടി മറുപടി നല്കിയ മന്ത്രി എം.ബി. രാജേഷ് പരാതി അന്വേഷണഘട്ടത്തിലാണെന്നും പ്രൊഫൈല്‍ വിവരങ്ങള്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു മറുപടി.
ലതികയുടെ പോസ്റ്റില്‍ പറഞ്ഞത് “തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും നമ്മുടെ നാട് നിലനില്ക്കേണ്ടേ. ഇത്ര കടുത്ത വര്‍ഗീയത പ്രചരിപ്പിക്കരുത് ’’എന്നുമാണെന്നും വര്‍ഗീയ പ്രചാരണത്തിന് എതിരേയാണ് അവര്‍ പ്രതികരിച്ചതെന്നും മന്ത്രി മറുപടി നല്കി.
ഇതിനു പിന്നാലെ വി. ജോയിയുടെ ചോദ്യമാണ് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മിച്ച് യുവജന സംഘടനയുടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച് എന്തെങ്കിലും കേസ് നിലവിലുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷം ബഹളംവച്ചു.
ചോദ്യോത്തര വേളയില്‍ യഥാര്‍ഥ ചോദ്യങ്ങളില്‍നിന്നു വ്യതിചലിപ്പിച്ച് മറ്റു വിഷയങ്ങളിലേക്ക് വഴിമാറുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രൂക്ഷമായി പ്രതികരിച്ചു.
പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി പ്രതിഷേധിച്ചു. ഇതോടെ ഭരണപക്ഷത്തുനിന്നു മന്ത്രിമാരായ മുഹമ്മദ് റിയാസും വി. ശിവന്‍കുട്ടിയും സീറ്റില്‍നിന്ന് എഴുന്നേറ്റ് പ്രതിപക്ഷത്തിനു നേര്‍ക്ക് തിരിഞ്ഞു. ചോദ്യോത്തരവേള മന്ത്രിയും ഭരണകക്ഷി അംഗങ്ങളും ചേര്‍ന്ന് ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രംഗത്തെത്തി.
ചോദ്യോത്തരവേള ദുരുപയോഗപ്പെടുത്തി യഥാര്‍ഥ ചോദ്യത്തില്‍നിന്നു അകന്നുപോകാനുള്ള നീക്കം ഭരണകക്ഷി ആസൂത്രണം ചെയ്യുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് മനഃപൂര്‍വം ചേരിതിരിവ് നടത്താനായുള്ള നീക്കം പ്രചരിപ്പിച്ച ഭരണകക്ഷിയുടെ മുന്‍ എംഎല്‍എയ്ക്ക് എതിരേ കേസുപോലും എടുക്കാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
സ്പീക്കര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ തിരികെ ഇരിപ്പിടത്തിലേക്ക് മടങ്ങി. തുടര്‍ന്ന് ചോദ്യമുന്നയിച്ച് കെ.കെ. രമയ്ക്കും ഐ.സി. ബാലകൃഷ്ണും സനീഷ് ജോസഫിനുമെല്ലാം നല്കിയ മറുപടിയിലും മുന്‍ എംഎൽഎയെ ന്യായീകരിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
ലോകസഭാതെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ വര്‍ഗീയ ധ്രുവീകരണവും സാമുദായിക സ്പര്‍ധയും ലക്ഷ്യമിട്ട് നവമാധ്യമങ്ങളില്‍ മതവര്‍ഗീയത പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെ.കെ. ശൈലജയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലക്കാരന് സി. ഭാസ്കരന്മാസ്റ്ററുടെയും നാട്ടില്‍ മതസ്പര്‍ധയും കലാപവും നടത്താന്‍ ആഹ്വാനം ചെയ്യുന്നതുമായ രീതിയില്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയത് സംബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് ജനറല്‍സെക്രട്ടറിയുടെ പരാതിയും പോലീസിന് ലഭിച്ചതായും രണ്ടു പരാതികളിലും പോലീസ് വിശദവും ശാസ്ത്രീയവും സമയബന്ധിതവുമായ നടപടിയാണ് സ്വീകരിച്ചതെന്നും ഇത്തരം പരാതികളെല്ലാം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.