District News
കൽപ്പറ്റ: മുനിസിപ്പൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കൽപ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കണ്വൻഷൻ സംഘടിപ്പിച്ചു.
ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി.പി. ആലി മുഖ്യപ്രഭാഷണം നടത്തി.
സി. ജയപ്രസാദ്, ജി. വിജയമ്മ, പി. വിനോദ് കുമാർ, കെ.കെ. രാജേന്ദ്രൻ, ഹർഷൽ കോന്നാടൻ, കരിയാടാൻ ആലി, എസ്. മണി, കെ. അജിത, ആയിഷ പള്ളിയാൽ, കെ. ശശികുമാർ, ഷാഫി പുല്പാറ, രമ്യ ജയപ്രസാദ്, ഡിന്റോ ജോസ്, ബിന്ദു ജോസ്, രമേശ് മാണിക്യൻ, ടി. സതീഷ് കുമാർ, ഷബ്നാസ് തന്നാണി, ഒ.പി. മുഹമ്മദ്കുട്ടി, എം.പി. മജീദ്, സെബാസ്റ്റ്യൻ കൽപ്പറ്റ, കെ. വാസു, കെ. രാജൻ, അർജുൻ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
നടവയൽ: സെന്റ് തോമസ് എൽപി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം ടാലന്റ്സ് ഡേ സമുചിതമായി ആഘോഷിച്ചു.നടവയൽ ആർക്കി എപ്പിസ്കോപ്പൽ ദേവാലയം അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റി പൂതക്കുഴിയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വിജേഷ് കോയിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ജെ. ബെന്നി, സീനിയർ അസിസ്റ്റന്റ് പി.ഡി. മോളി, എംപിടിഎ പ്രസിഡന്റ് സോണിയ പതിക്കൽ, പ്രീ പ്രൈമറി വിഭാഗം അധ്യാപിക പ്രിയാ മുകുന്ദൻ എന്നിവർ പ്രസംഗിച്ചു. പി.വി. മാത്യു നേതൃത്വം വഹിച്ചു.
District News
കൽപ്പറ്റ: പുൽപ്പള്ളി വണ്ടിക്കടവ് ഉന്നതിയിലുള്ള പതിനേഴ് കുടുംബങ്ങൾക്ക് ശൗചാലയമില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഇതോടൊപ്പം ജില്ലാ ഭരണകൂടത്തിൽ നിന്ന് റിപ്പോർട്ടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർക്കും മാനന്തവാടി പട്ടികവർഗവികസന ഓഫീസർക്കുമാണ് ജുഡീഷൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. സുൽത്താൻ ബത്തേരിയിൽ അടുത്തമാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സന്പൂർണ വെളിയിട വിസർജന വിമുക്ത പദ്ധതി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ബന്ദിപ്പൂർ ടൈഗർ റിസർവിൽ ആനയും കടുവയുമുള്ള കാട്ടിലാണ് ഇവർ പ്രാഥമിക കൃത്യങ്ങൾ നടത്തുന്നത്. മഴ കനത്താൽ പുഴയിൽ ഒഴുക്ക് കനക്കുന്നതോടെ കാടു കയറാൻ കഴിയാറില്ല.
District News
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് എൽസ്റ്റൻ എസ്റ്റേറ്റിൽനിന്നു ഏറ്റടുത്ത സ്ഥലത്ത് സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിലേക്കുള്ള വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.
ടൗണ്‍ഷിപ്പിന് പ്രവൃത്തി നടക്കുന്ന സ്ഥലത്തുനിന്നു പുൽപ്പാറ റോഡിലേക്ക് ചെളി ഒഴുകുന്നത് യാത്രാദുരിതത്തിനു കാരണമായ സാഹചര്യത്തിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
ഇന്നലെ രാവിലെയാണ് പുൽപ്പാറ റോഡ് ഗുണഭോക്താക്കൾ സംഘടിച്ച് വാഹനങ്ങൾ തടഞ്ഞത്. പ്രശ്നപരിഹാരത്തിന് ജില്ലാ കളക്ടറുമായി ചർച്ചയ്ക്ക് വഴിയൊരുക്കാമെന്ന് സ്ഥലത്തെത്തിയ ടി. സിദ്ദിഖ് എംഎൽഎ ഉറപ്പുനൽകിയതിനെത്തുടർന്നാണ് നാട്ടുകാർ പിരിഞ്ഞുപോയത്.
District News
കൽപ്പറ്റ: ആശ്രമം സ്കൂളിനായി മക്കിമലയിൽ നിർമിച്ച കെട്ടിടങ്ങൾ നശിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
വയനാട് ജില്ലാ കളക്ടറും മാനന്തവാടി ട്രൈബൽ ഡവലപ്മെമെന്റ് ഓഫീസറും പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സുൽത്താൻ ബത്തേരിയിൽ അടുത്ത മാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്കൂൾ തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ മക്കിമലയിലേക്ക് മാറ്റുന്നതിനായി കോടികൾ ചെലവഴിച്ച് നിർമാണം തുടങ്ങിയ കെട്ടിടങ്ങളാണ് കാട് മൂടി കിടക്കുന്നത്. ഇവിടെ കലിംഗ മോഡൽ സർവകലാശാലയാണ് വിഭാവനം ചെയ്തത്. ഇതിനിടയിൽ ആറളം ഫാമിലേക്ക് സ്കൂൾ മാറ്റാൻ തീരുമാനിച്ചത് പ്രതിഷേധത്തിന് കാരണമായി.
District News
കൽപ്പറ്റ: വെള്ളാരംകുന്ന് പൗരസമിതി പറന്പത്തുനഗറിൽ കുടുംബസംഗമവും സാംസ്കാരിക സമ്മേളനവും നടത്തി. ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പൗരസമിതി പ്രസിഡന്റ് കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗണ്‍സിലർ രാജാറാണി, ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, വെള്ളാരംകുന്ന് മഹല്ല് സെക്രട്ടറി കെ. ഹനീഫ, പാരിഷ് കൗണ്‍സിൽ സെക്രട്ടറി കെ. ജോസ്, ബാബു ബെനഡിക്റ്റ്, ടി.കെ. മജീദ് എന്നിവർ പ്രസംഗിച്ചു.
District News
കൂരാച്ചുണ്ട്: മാതൃകാ ഗ്രാമനിർമാണ പദ്ധതിയായ സൻസദ് ആദർശ് ഗ്രാമയോജന (സാഗി) പദ്ധതിക്ക് തുടക്കം കുറിച്ച് 2018-ൽ നിർമാണ പ്രവൃത്തി ആരംഭിച്ച കല്ലാനോട് - കക്കയം റോഡിന്റെ മണ്ടോപ്പാറ മുതൽ കല്ലാനോട് സ്റ്റേഡിയം വരെയുള്ള റോഡിന്റെ വികസനം നിലച്ചിട്ട് നാലുവർഷം.കൂരാച്ചുണ്ട് പഞ്ചായത്തിൽ പദ്ധതിയുടെ ആദ്യഘട്ടമായി അനുവദിച്ച 5.13 കോടി ചെലവഴിച്ചുകൊണ്ട് കല്ലാനോട് സ്റ്റേഡിയം-തൂവക്കടവ്- മണ്ടോപ്പാറ- ഓട്ടപ്പാലം - കാളങ്ങാലി റോഡിന്റെ അഞ്ചു കിലോമീറ്റർ ദൂരത്തിലായിരുന്നു പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
ആദ്യഘട്ടത്തിൽ റോഡിന്റെ കാളങ്ങാലി മുതൽ മണ്ടോപ്പാറ വരെയുള്ള 2.753 കിലോമീറ്റർ ദൂരം 2021ൽ നവീകരണ പ്രവൃത്തി നടത്തി പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ റോഡിന്റെ അവശേഷിക്കുന്ന മണ്ടോപ്പാറ മുതൽ കല്ലാനോട് വരെയുള്ള ഭാഗമാണ് മൺറോഡായി തന്നെ ഇന്നും അവശേഷിക്കുന്നത്. പഞ്ചായത്തിലെ രണ്ട്, മൂന്ന്, ആറ്, ഏഴ് വാർഡുകൾ ഉൾപ്പെട്ട ഈ റോഡിന്റെ 1.2 കിലോമീറ്റർ ദൂരം ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തുകൂടിയായിരുന്നു എസ്റ്റിമേറ്റ് പ്രകാരം കടന്നുപോകുന്നത്. എന്നാൽ ഇതുവഴി റോഡ് കടന്നുപോകുന്നതിന് ജലസേചന വകുപ്പ് അന്ന് തടസം ഉന്നയിച്ചിരുന്നു.
തുടർന്ന് ഇതിന് ബദലായി സ്വകാര്യ വ്യക്തികളിൽനിന്നും സ്ഥലം ഏറ്റെടുത്തുകൊണ്ട് വീണ്ടും പുതിയ എസ്റ്റിമേറ്റ് തയാറാക്കി നൽകിയെങ്കിലും പദ്ധതി പാടെ നിലച്ചുപോയതോടെയാണ് റോഡിന്റെ വികസനത്തിൽ പ്രദേശവാസികൾ നിരാശരായത്. അന്‍പത് വർഷത്തിലേറെ പഴക്കമുള്ള റോഡ് ഒട്ടനവധി കുടുംബങ്ങളും മറ്റ് ആൾക്കാരും ആശ്രയിച്ചുവരുന്നതാണ്. എന്നാൽ റോഡ് കല്ലും മണ്ണും ചെളിയും നിറഞ്ഞ നിലയിലുമാണുള്ളത്. ഏകദേശം 1.25 കിലോമീറ്ററോളം റോഡ് മൺറോഡാണ്. കല്ലാനോട് സ്റ്റേഡിയം വരെയുള്ള കുറേ ഭാഗം ഗ്രാമപഞ്ചായത്ത് ടാറിംഗ് പ്രവൃത്തി നടത്തിയിട്ടുണ്ട്.
മണ്ടോപ്പാറ മേഖലയിലുള്ള ഒട്ടനവധി കുടുംബങ്ങൾ വിവിധ ആവശ്യങ്ങൾക്കായി കല്ലാനോട് ടൗണിൽ പോകാൻ ആശ്രയിക്കുന്ന റോഡാണിത്. എന്നാൽ മഴക്കാലമായാൽ ഇതുവഴി കാൽനടയാത്ര പോലും ദുസഹമാണ്. ടാക്സി വാഹനങ്ങൾ പോലും ഇതുവഴി വരാൻ വിസമ്മതം പ്രകടിപ്പിക്കുന്നതായും നാട്ടുകാർ പറയുന്നു. റോഡിന്റെ ദുരവസ്ഥ പരിഗണിച്ച് അനുയോജ്യമായ പദ്ധതികളിൽ ഉൾപ്പെടുത്തിക്കൊണ്ട് റോഡ് വികസനം സാധ്യമാക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ്
ആവശ്യം ഉയരുന്ന
‘ഭരണ സമിതി പ്രഥമ പരിഗണന നൽകിയിട്ടുണ്ട്’
കൂരാച്ചുണ്ട്: സാഗി പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലാനോട് - കക്കയം റോഡിന്റെ കാളങ്ങാലി മുതൽ മണ്ടോപ്പാറ വരെയുള്ള റോഡിന്റെ വികസനത്തിന്റെ ഭാഗമായി നവീകരണ പ്രവൃത്തി പൂർത്തീകരിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിലെ ടൂറിസം പ്രദേശങ്ങളായ കക്കയം, തോണിക്കടവ്, കരിയാത്തുംപാറ എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യുന്നതിനായി റോഡിന്റെ വികസനം സാധ്യമാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. അതനുസരിച്ച് പിഎം ജിഎസ്വൈ പദ്ധതി യിൽ ഉൾപ്പെടുത്തിക്കൊണ്ട് റോഡിന്റെ എസ്റ്റിമേറ്റ് തയാറാക്കി കഴിഞ്ഞു. അതിന്റെ തുടർ നടപടികൾ നടന്നുവരികയാണ്.പഞ്ചായത്തിലെ റോഡുകളിൽ പ്രഥമ പരിഗണന മണ്ടോപ്പാറ-കല്ലാനോട് സ്റ്റേഡിയം റോഡിന് നൽകിയിട്ടുണ്ട്.
‘റോഡിന്റെ അവഗണനയിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്’
കൂരാച്ചുണ്ട്: പഞ്ചായത്തിലെഏകദേശം അന്‍പത് വർഷത്തെ പഴക്കമുള്ള ആദ്യകാലത്തെ റോഡുകളിലൊന്നാണ് മണ്ടോപ്പാറ-കല്ലാനോട് റോഡ്. ആറ് വർഷം മുമ്പ് റോഡിന്റെ വികസനത്തിനായി സാഗി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ജലസേചന വകുപ്പിന്റെ എതിർപ്പ് കാരണം റോഡിന്റെ വികസന പ്രവൃത്തി മണ്ടോപ്പാറയിൽ അവസാനിക്കുകയാണുണ്ടായത്.
എന്നാൽ റോഡിനായി സ്വകാര്യ വ്യക്തികൾ സ്ഥലം നൽകിയിട്ടുണ്ട്. കൂരാച്ചുണ്ട്, കല്ലാനോട്, ബൈപാസ് റോഡായി ഉപയോഗിക്കാവുന്ന റോഡ് കാലങ്ങളായി ഒട്ടനവധി കുടുംബങ്ങളുടെ സ്വപ്നവും പ്രദേശത്തിന്റെ വികസനവുമായിരുന്നു. റോഡിന്റെ വികസനം എത്രയും വേഗത്തിലാക്കേണ്ടതുണ്ട്. സർക്കാരും പഞ്ചായത്ത് ഭരണസമിതിയും ഈ റോഡിനോട് കാണിക്കുന്ന അവഗണനയിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.
District News
കോഴിക്കോട്: പുതിയ തലമുറയിലെ കുട്ടികൾക്ക് ശാസ്ത്രീയ മനോഭാവവും ഗവേഷണ ചൈതന്യവും വളർത്തിക്കൊടുക്കേണ്ടത് സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണെന്ന് അഹമ്മദ് ദേവർകോവിൽ എംഎൽഎ പറഞ്ഞു.
കോഴിക്കോട് റവന്യു ജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളില്‍ ചെറുപ്രായത്തിൽ തന്നെ ശാസ്ത്രബോധം വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ശാസ്ത്രവിഷയങ്ങളെ പുസ്തകപരിധിയിൽ ഒതുക്കാതെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ ശാസ്ത്രീയ ചിന്തയും നവോത്ഥാന കാഴ്ചപ്പാടും അനിവാര്യമാണ്.
കുട്ടികളുടെ അഭിരുചിക്കനുസൃതമായ വഴികളിലൂടെ രക്ഷിതാക്കൾ മുന്നോട്ടുപോകണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ശാസ്ത്രോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്ത നല്ലൂർ നാരായണ എൽപി സ്കൂൾ അധ്യാപകൻ കെ. അബ്ദുൾ ലത്തീഫിനെ എംഎൽഎ ഉപഹാരം നൽകി ആദരിച്ചു.വിദ്യാര്‍ഥികളിലെ ശാസ്ത്രീയ പ്രതിഭയും കണ്ടെത്തലുകളും പ്രകടമാക്കുന്ന വിവിധ മത്സരങ്ങളും പ്രദർശനങ്ങളും ഉൾപ്പെടുത്തി മേള തുടരുകയാണ്.മേള ഇന്ന് സമാപിക്കും.
District News
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന ഇടവകയുടെ കീഴിലുള്ള പതിയിൽ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസിന്റെ ഒമ്പത് ദിവസം നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു.
സമാപനത്തോടനുബന്ധിച്ച് നടന്ന ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, നൊവേന, എന്നിവയ്ക്ക് ഫാ. കുര്യൻ താന്നിക്കൽ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. മൈക്കിൾ നീലംപറമ്പിൽ, ഫാ. തോമസ് പതിയിൽ, ഫാ. ജിനോ ചുണ്ടയിൽ, ഫാ. ജോസ് പെണ്ണാപറമ്പിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപന ആശീർവാദം, ആകാശ വിസ്മയം, വാദ്യമേളങ്ങൾ, സ്നേഹവിരുന്ന് എന്നിവയും നടന്നു. ട്രസ്റ്റിമാരായ സജി കൊഴുവനാൽ, ജിജി കോനുക്കുന്നേൽ, ജോസ് അറയ്ക്കൽ, ജോയി വേങ്ങത്താനം, പാരീഷ് സെക്രട്ടറി ബോബൻ പുത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.
District News
കോഴിക്കോട്: സർവീസ് പെൻഷനേഴ്സ് കൗൺസിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട് അഡീഷണൽ സബ്ട്രഷറിയുടെ മുന്നിൽ സംഘടിപ്പിച്ച ജനകീയ സദസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദുകുട്ടി കുന്നത്ത് ഉദ്ഘാടനം ചെയ്തു. ടി.ഹസ്സൻ അധ്യക്ഷത വഹിച്ചു. പെൻഷൻ പരിഷ്കരണ നടപടി ആവശ്യപ്പെട്ടാണ് സദസ് സംഘടിപ്പിച്ചത്.
സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. വിവിധ സംഘടനകളുടെ പ്രതിനിധികളായ കെ.സുബ്രഹ്മണ്യൻ, പി. വിജയകുമാർ, യു.സതീശൻ, പി.സദാനന്ദൻ, എം.എ. ബഷീർ, വി.എൻ.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
District News
കൂരാച്ചുണ്ട്: കൂരാച്ചുണ്ട്-ബാലുശേരി പിഡബ്ല്യുഡി റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡിലെ കൈതക്കൊല്ലിയിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന് മുൻവശത്താണ് ഒരു മഴ പെയ്താൽ തൽക്ഷണം വെള്ളക്കെട്ട് രൂപപ്പെടുന്നത്.
ഏറെ കഷ്ടപ്പെട്ടാണ് ദേഹത്ത് വെള്ളം തെറിക്കാതെ യാത്രക്കാർ ഓടി മാറുന്നത്. റോഡിന് ഈ ഭാഗങ്ങളിൽ ഓവുചാലുകൾ നിർമിച്ചിട്ടില്ല. ഒട്ടനവധി വാഹനങ്ങൾ സർവീസ് നടത്തുന്ന കോഴിക്കോട്ടേക്കുള്ള പ്രധാന റോഡുമാണിത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ദുരിതമായി മാറിയ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
District News
അഞ്ചല്‍ : കിഴക്കന്‍ മലയോര മേഖലയില്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ വിവിധ വകുപ്പ് മന്ത്രിമാരെ എത്തിച്ചു ഉദ്ഘാടനം ചെയ്യുന്നുവെന്ന അറിയിപ്പ് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ എല്ലായിടങ്ങളില്‍ എത്തിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ മന്ത്രിമാര്‍ പങ്കെടുക്കും എന്നറിയിച്ച പരിപാടികള്‍ കൂട്ടമായി റദ്ദ് ചെയ്യുന്നതിനോടൊപ്പം ചില പരിപാടികള്‍ മാറ്റിവയ്ക്കുക കൂടി ചെയ്യുകയാണ്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സിപിഐ, സിപിഎം അസ്വാരസ്യങ്ങളാണ് പരിപാടികളുടെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന.
കുളത്തൂപ്പുഴ ഇൻഡോര്‍ സ്റ്റേഡിയം, ഏരൂര്‍ പഞ്ചായത്തിലെ പത്തടിയിലെ ഇൻഡോര്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മാണോദ്ഘാടനം 29ന് നടത്താൻ തീരുമാനിച്ചിരുന്നു.
കായിക മന്ത്രി അബ്ദു റഹ്മാന് ഉദ്ഘടനം ചെയ്യുമെന്നും എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഇടതുമുന്നണി നേതാക്കളും പങ്കെടുക്കുന്നുവെന്ന് കാണിച്ചു നോട്ടീസ് പുറത്തിറക്കിയിരുന്നു.
എന്നാല്‍ ഇന്നലെ രാവിലെയോടെ ഇവ റദ്ദ് ചെയ്തുവെന്ന അറിയിപ്പാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്നത്. കൃത്യമായ കാരണം വ്യക്തമാക്കിയിട്ടുമില്ല. ഇതിനിടയില്‍ 30ന് ഏരൂരിലെ മറ്റൊരു പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റിരുന്ന മന്ത്രി ഒ.ആര്. കേളുവും എത്തില്ലായെന്ന വിവരവും പുറത്ത് വന്നു.
കുളത്തൂപ്പുഴയിലെ ഒരു ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജ് പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ കൃത്യമായ സമയം നല്‍കിയിട്ടില്ല. എന്നാല്‍ കൂട്ടമായി പരിപാടികള്‍ മാറ്റി വായ്ക്കുന്നതിനെ കുറിച്ച് കൃത്യമായ മറുപടി ഇടതു കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.
മന്ത്രിസഭ ബഹിഷ്കരണം ഉള്‍പ്പെടെ കടുത്ത നിലപാടിലേക്ക് സിപിഐ നീങ്ങുന്ന സാഹചര്യത്തിലാണോ നിസഹകരണം എന്നാണ് സംശയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയില്‍ പ്രാദേശിക ഘടകങ്ങളില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുകയാണ്. എസ്എഫ്ഐ,എഐഎസ്എഫ് തമ്മിലുള്ള തർക്കം ജില്ലയിലെ യുവജന സംഘടനകളും ചില പ്രാദേശിക നേതാക്കളും ഏറ്റുപിടിച്ചതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളും സിപിഎം, സിപിഐ ബന്ധത്തില്‍ ചെറിയ തരത്തിലെങ്കിലും ഉലച്ചില്‍ ഉണ്ടാക്കിയിരുന്നു.
ഇക്കാര്യത്തില്‍ നേതാക്കള്‍ തന്നെ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിവരവേയാണ് ഇപ്പോള്‍ പിഎം ശ്രീ വിഷയത്തില്‍ ഇരുപാര്‍ട്ടികളും കൊമ്പ് കോർക്കുന്നത്.
District News
കൊല്ലം : വിദ്യാഭ്യാസ മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരളീയം പുരസ്കാരത്തിനു ഡോ. ബ്രൂണോ ഡൊമിനിക് നസ്രത്ത് അർഹനായി. കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് നവംബർ ഒന്നിനു തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതിഭവനിൽനടക്കുന്ന പ്രതിഭാ സംഗമത്തിൽ പുരസ്കാരം ഏറ്റുവാങ്ങും.
കോളമിസ്റ്റും കരിയർ വിദഗ്ധനുമായ ഡോ. ബ്രൂണോ ദൈനിക് ജാഗരൺ എക്സലൻസ് അവാർഡ്, ഹിന്ദി ഒളിമ്പ്യാഡ് ഫൗണ്ടേഷൻ പ്രിൻസിപ്പൽ അവാർഡ്, അമർ ഉജാല ഭവിഷ്യ ജ്യോതി അവാർഡ്, ഡോ. ജോസഫ് ഫ്രാങ്ക് മെമ്മോറിയൽ അവാർഡ്, ഡോ. എപിജെ അബ്ദുൾ കലാം അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
District News
കടയ്ക്കല്‍ : കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍.കടയ്ക്കൽ വരയറ ഇടത്തറ പ്ലാവറ വീട്ടിൽ ഷൈജു (40) ആണ് പോലീസ് പിടിയിലായത്. സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടി മഴ പെയ്തതിനെ തുടർന്ന് തൊട്ടടുത്ത കാത്തിരിപ്പ് കേന്ദ്രത്തിൽ കയറി നിൽക്കുകയും ഈ സമയം കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന ഷൈജു കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.
മാതാവ് തിരക്കി വന്നപ്പോൾ കുട്ടി കരയുന്നത് കാണുകയും വിവരം അന്വേഷിക്കുകയും ചെയ്തതോടെയാണ് അതിക്രമം കുട്ടി പറയുന്നത്. ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ പ്രതിയെ കണ്ടെത്തുകയും പിടികൂടി കടയ്ക്കല്‍ പോലീസിന് കൈമാറുകയുമായിരുന്നു.
District News
കൊട്ടിയം: ഡോൺ ബോസ്കോ കോളജ് കാന്പസിലെ ഹൈടെക് കൃഷി സസ്യലയം ആരെയും ആകർഷിക്കും. മഞ്ഞും മഴയും വെയിലും കാറ്റുമൊന്നും പ്രതികൂലമായി ബാധിക്കാതെ ലാഭകരമായി കൃഷി ചെയ്യാമെന്നു തെളിയിക്കുകയാണ് കൊട്ടിയം ഡോൺബോസ്കോ കോളജിലെ പോളിഹൗസ്. ചെടികളുടെ ആഢംബര വീടായി ഇവിടെ പോളിഹൗസ് മാറുന്നു. സമയാസമയം വെള്ളം, വളം, മഞ്ഞുമഴ അങ്ങനെ പലതും ചെടികളെ തേടിയെത്തും. കൃത്യമായ ശുശ്രൂഷ, പരിചരണം, വെയിലേറ്റു വാടേണ്ട, ഈച്ച ശല്യമോ പുഴക്കുത്തോ ഇല്ല. കോളജ് എൻഎസ്എസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പോളിഹൗസിന്റെയും കൃഷിയുടേയും മേൽനോട്ടം ഡയറക്ടർ റവ. ഡോ. ബോബി കണ്ണേഴത്ത് എസ്ഡിബിയ്ക്കും അഡ്മിനിസ്ട്രറ്റർ ഫാ. ലിജോ കളന്പാടൻ എസ്ഡിബിയ്ക്കുമാണ്.
പച്ചവിരിച്ച എട്ടേക്കർ ഭൂമിയ്ക്കു നടുവിൽ രണ്ടുസെന്റ് ഭൂമിയിലാണ് പോളിഹൗസ് സ്ഥിതി ചെയ്യുന്നത്. കോളജിന്റെ മാനേജ്മെന്റ് സാരഥികളായ എട്ടുവൈദികരും രണ്ട് ബ്രദർമാരും താമസിക്കുന്നതും ഈ കാന്പസിലെ കെട്ടിടത്തിലാണ്. ഇവർക്ക് ആവശ്യമായ പച്ചക്കറി മാത്രമല്ല, ഹോസ്റ്റലിലേക്കുള്ള പച്ചക്കറിയും ഈ പോളിഹൗസിൽനിന്നും കൃഷിയിടത്തിൽനിന്നുമാണ് ലഭിക്കുന്നത്.
ചൂടിന്റെയും ഈർപ്പത്തിന്റേയുമെല്ലാം വ്യതിയാനം ഏറെ ബാധിക്കാത്ത വിളയിനങ്ങളാണ് തെരഞെടുത്തിരിക്കുന്നത്. പോളിഹൗസിൽ ആനക്കൊന്പൻഇനത്തിലുള്ള വെണ്ട,മുളക്, വഴുതന, പയർ, തക്കാളി, ചീര എന്നിവ കൃഷി ചെയ്തിരിക്കുന്നു. കൃത്യമായ വളവും വെള്ളവും നൽകാൻ ഇന്‍ലൈന്‍ ഡ്രിപ്പറുമുണ്ട്. വളം വെള്ളത്തോടു ലയിപ്പിച്ചു വിടുന്ന ഇന്‍ലൈന്‍ ഫെര്‍ട്ടിഗേഷനും ഇവിടെയുണ്ട്. ഒരു ചെടിക്ക് വേനല്‍ക്കാലത്ത് അര ലിറ്റര്‍ മുതല്‍ ഒരു ലിറ്റര്‍ വരെയേ വെള്ളം ആവശ്യമുള്ളുവെന്നും ലിജോ അച്ചൻ പറയുന്നു.
പോളിഹൗസ് കടന്നു കൃഷിഭൂമിയിലേക്കിറങ്ങിയാൽ മൂന്നര ഏക്കറിൽ കശുമാവുതോട്ടമാണ്. ബാക്കിഭൂമിയിൽ നേരത്തെ വിളവ് തരുന്നതും ഉയർന്ന ഉത്പാദനക്ഷമതയുള്ളതുമായ റെഡ് ലേഡി പപ്പായ മരങ്ങൾ പഴങ്ങളുമായി നിറഞ്ഞുനിൽക്കുന്നു. വാഴ,കടപ്ലാവ്, നാരകം, തെങ്ങ് തുടങ്ങിയവയും ഫലങ്ങൾ നൽകി നിൽക്കുന്നു. വാണിജ്യാടിസ്ഥാനത്തിലല്ല ഇവിടെ കൃഷി ചെയ്യുന്നത്. ജൈവകൃഷിരീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. മരുന്നടിക്കാത്ത പച്ചക്കറികൾ ആവശ്യത്തിലധികം ലഭിക്കുന്നുവെന്നതാണ് ഇവിടുത്തെ കൃഷിയുടെ ഫലം.
District News
കടയ്ക്കല്‍ : പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം പേരൂലിപ്പാറ കുന്നത്തോലി ഹൗസിൽ മുഹമ്മദ് സനൂഫ് (21) ആണ് ചിതറ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഏതാനം മാസങ്ങളായി ചിതറയിലെ ചായക്കടയിൽ ജോലി ചെയ്തു വന്ന മുഹമ്മദ് സനൂഫ് കടയിലെത്തിയ പെൺകുട്ടിയുമായി പരിചയപ്പെടുകയും പ്രണയം നടിച്ച് അടുപ്പത്തിലാവുകയും ചെയ്തു.
അടുപ്പം മുതലെടുത്ത് ആളൊഴിഞ്ഞ സമയത്ത് കടയ്ക്കുളിലും ഇയാള്‍ താമസിക്കുന്ന സ്ഥലത്തും എത്തിച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
ഇതിനുശേഷം പീഡന വിവരം പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു.ഇവരുടെ പരാതിയില്‍ ചിതറ പോലീസ് കേസെടുത്തതോടെ പ്രതി മലപ്പുറത്തേക്കു കടന്നു. ഇതോടെ ചിതറ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മലപ്പുറത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
കൊട്ടാരക്കര: മലങ്കര കത്തോലിക്ക സഭ കൊട്ടാരക്കര വൈദികജില്ല വിശ്വാസ പരിശീലന പരിപാലന സമിതിയുടെ അഭ്യ മുഖ്യത്തിൽ ജപമാല റാലിയും ആരാധനാ ക്രമവത്സരവും ജില്ലാ വികാരി ഫാ.ജോസഫ് കടകംപള്ളിൽ ഉദ്ഘാടനം ചെയ്തു.
28 പള്ളികളിൽ നിന്ന് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ജപമാല റാലിയിൽ അണിചേർന്നു.
റാലിക്കും മറ്റു പരിപാടികൾക്കും ജില്ല ഡയറക്ടർ ഫാ.ജോഷ്വാ പാറയിൽ, ഫാ.ജോർജ് തോമസ്, ഫാ.ഗീവർഗീസ് എഴിയത്ത്, ജില്ല സെക്രട്ടറി തോമസ്കുട്ടി വില്ലൂർ, കേന്ദ്ര സമിതിയംഗം ജേക്കബ് ജോൺ കല്ലുംമൂട്ടിൽ ,ജില്ലയിലെ മറ്റു വൈദികർ, സിസ്റ്റേഴ്സ്, പ്രഥമാധ്യാപകർ എന്നിവർ നേതൃത്വം നൽകി.
District News
കൊല്ലം: അച്ചടക്ക നടപടിയുമായി ഭാഗമായി ജോലിയിൽ നിന്നും മാറ്റി നിർത്തിയ സെക്യൂരിറ്റി ജീവനക്കാരെ തിരികെ പ്രവേശിപ്പിക്കണമെന്ന ആവശ്യം ലേബർ കോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.
ഔദ്യോഗിക കൃത്യ നിർവഹണത്തിൽ അച്ചടക്കരഹിതമായ പ്രവൃത്തികൾ ഉണ്ടായതിനെ തുടർന്നാണ് പരാതിക്കാരായ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചതെന്ന് എൻ എസ് ആശുപത്രി സഹകരണ സംഘം സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പരാതിക്കാരിൽ ഒരാൾ തെറ്റ് മാപ്പാക്കണമെന്ന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചു. തുടർന്ന് സർവീസിൽ നിന്നും വിരമിച്ചു. എല്ലാ സർവീസ് അനുകൂല്യങ്ങളും നൽകി കഴിഞ്ഞു. ലേബർ കോടതിയിൽ കേസ് നിലവിലുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
District News
പരവൂർ : പരവൂർ ഒല്ലാൽ റെയിൽവെ ലെവൽക്രോസിൽ മേൽപ്പാലം നിർമാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
പ്രാരംഭ നടപടികളുടെ ഭാഗമായി നിർവഹണച്ചുമതല വഹിക്കുന്ന സ്ഥാപനമായ ആർ ബി ഡി സി കെ കൊല്ലം ജില്ലാ കളക്ടർക്ക് അർഥനാ പത്രം സമർപ്പിച്ചു. മേൽപ്പാലം നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി ആവശ്യമാണ്.
പരവൂർ, കോട്ടപ്പുറം വില്ലേജുകളിലായി ബ്ലോക്ക് 33,34 എന്നിവയിലായി വിവിധ സർവേ നമ്പറുകളിൽ ഉൾപ്പെട്ട ഏകദേശം 87.20 ആർ (0.8720 ഹെക്ടർ) സ്ഥലമാണ് ഒല്ലാൽ മേൽപാലം നിർമാണത്തിനായി ഏറ്റെടുക്കേണ്ടത്.
ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കളക്ടർ നൽകി ഭരണാനുമതി നേടുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സ്ഥലമേറ്റെടുക്കുന്നതിന് സ്പെ ഷൽ തഹസീൽദാറെ നിയമിച്ച് പാലത്തിന്റെ അലൈൻമെന്റ് അതിർത്തികളിൽ സർവ്വേ നടത്തി കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും ഉടനുണ്ടാകും.
പരവൂർ ഒല്ലാൽ റെയിൽവേ മേൽപാലത്തിന്റെ പുതുക്കിയ അലൈൻമെന്റിന് സെപ്റ്റംബർ ആദ്യവാരം റയിൽവെ അംഗീകാരം നൽകിയിരുന്നു. അതിനു ശേഷം ആർബിഡിസി കെ സ്ഥലമേറ്റെടുക്കലിനായി രൂപരേഖ തയാറാക്കി അംഗീകാരം നേടിയിരുന്നു. അതിനെ തുടർന്നാണ് ജില്ലാകളക്ടർക്ക് മേൽപ്പാലം നിർമാണത്തിനായുള്ള സ്ഥലമേറ്റെടുക്കുന്നതിന് അർഥനാ പത്രം നൽകിയിട്ടുള്ളതെന്ന് ജി.എസ്. ജയലാൽ എംഎൽഎ അറിയിച്ചു.
District News
പേരൂര്‍ക്കട: ജവഹര്‍ നഗറില്‍ ഡോറ അസറിയ ക്രിപ്സിന്റെ (63) വസ്തുവും വീടും തട്ടിയെടുക്കാന്‍ അനില്‍ തമ്പി ശ്രമിച്ചതിനു കാരണമായത് ബന്ധുക്കളെ താമസിപ്പിക്കാനുള്ള ആഗ്രഹം. ഭാര്യയുടെ മാതാപിതാക്കളെ താന്‍ താമസിച്ചുവന്ന ശിവജി അപ്പാര്‍ട്ട്മെന്റിനു സമീപം എത്തിക്കുന്നതിനാണ് ഇയാള്‍ ഡോറയുടെ വീട്ടില്‍ നോട്ടമിട്ടതെന്നു പോലീസ് പറഞ്ഞു.
അനില്‍ തമ്പിക്ക് തന്റെ വീട് വില്ക്കാന് ഡോറയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു. ഒരുവ്യാഴവട്ടമായി അനില്‍ തമ്പി വീടുതട്ടാന് രൂപരേഖ തയാറാക്കുകയായിരുന്നു. മണികണ്ഠന്റെ സഹായത്തോടെ വ്യാജരേഖകള്‍ ചമച്ച് അസല്‍ പ്രമാണം കൈക്കലാക്കിയതോടെ അനില്‍ തമ്പി ഡോറയുടെ ഉടമസ്ഥതയില്‍ ജവഹര്‍ നഗറിലുള്ള വീട്ടിലെത്തി. അതിക്രമിച്ചു കയറിയശേഷം ഇവിടെ താമസമാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
ഇതിന്റെ ആദ്യഘട്ടമായി ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചു. കല്ലില്‍ കൊത്തിയിരുന്ന ജോര്‍ജിയ വില്ല എന്ന വീട്ടുപേര് പൊട്ടിച്ചുമാറ്റിയശേഷം ഇംഗ്ലീഷിലും മലയാളത്തിലുമായി ശിവകൃപ എന്ന വീട്ടുപേര് ഇട്ടു. ഇതിനിടെ അനന്തപുരി മണികണ്ഠന് വീട്ടില്‍നിന്ന് 25 ലക്ഷത്തോളം രൂപയുടെ ഫര്‍ണീച്ചറുകള്‍ കടത്തിയിരുന്നു. കട്ടിലുകള്‍, മേശകള്‍, കസേരകള്‍, സോഫകള്‍, അലമാരകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 1990-കളിലാണ് ഡോറയുടെ മാതാപിതാക്കള്‍ ജവഹര്‍ നഗറില്‍ വസ്തുവാങ്ങി വീടുവയ്ക്കുന്നത്. അനില്‍ തമ്പി തട്ടിയെടുക്കാന്‍ ശ്രമിച്ച വീടിനു കുറഞ്ഞത് 30 വര്‍ഷത്തെ പഴക്കം വരും.
മണികണ്ഠന് കടത്തിയ ഫര്‍ണിച്ചറുകള്‍ ഇനി കണ്ടെത്തേണ്ടതുണ്ടെന്നു അന്വേഷണ സംഘം അറിയിച്ചു. വീടിനു ചുറ്റും കാടുപിടിച്ചു കിടക്കുന്നത് തങ്ങള്‍ക്കു ദുസഹമായിരുന്നതിനാല് അനില്‍ തമ്പി നടത്തിയ വീടുമെയിന്റനന്സിലേക്ക് അവര്‍ തങ്ങളുടെ ശ്രദ്ധ കൊടുത്തിരുന്നില്ല. അനില്‍ തമ്പി ചെന്നൈ അടയാറിലേക്ക് നിരന്തരം യാത്രചെയ്തതായി പോലീസ് കണ്ടെത്തി. ഉടമസ്ഥനെത്താതെ ഇവിടെ കിടക്കുന്ന 300 ഏക്കര്‍ തട്ടിയെടുക്കുന്നതിനായിരുന്നു ഇത്. ഈ ഉദ്യമം അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് തമ്പി പിടിക്കപ്പെടുന്നത്. അനില്‍ തമ്പിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പുകേസിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുവരുമെന്നു മ്യൂസിയം പോലീസ് അറിയിച്ചു.
District News
നെയ്യാറ്റിന്‍കര : സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തെ നഗരസഭയായ നെയ്യാറ്റിന്‍കര 1913 ലാണ് സ്ഥാപിതമായത്. 28.78 ചതുരശ്രമീറ്റര്‍ വിസ്തൃതിയും തൊണ്ണൂറായിരത്തില്‍പ്പരം വരുന്ന ജനങ്ങളും നഗരസാന്നിധ്യവും ഗ്രാമാന്തരീക്ഷവും നിറഞ്ഞ 46 വാര്‍ഡുകളും നെയ്യാറിന്റെ തീരത്തെ ഈ നഗരസഭയുടെ വര്‍ത്തമാന വസ്തുതകളായി നിലനില്ക്കുന്നു. ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വരെയും 44 വാര്‍ഡുകളായിരുന്നു ഉണ്ടായിരുന്നത്. പി.കെ രാജമോഹനന് ചെയര്‍മാനായ എല്‍ഡിഎഫ് ഭരണസമിതി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തി. 18 അംഗങ്ങള്‍ എല്‍ഡിഎഫിനെയും 17 പേര് യുഡിഎഫിനെയും ഒന്‍പത് പേര് ബിജെപി യെയും പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അവിശ്വാസം, കൗണ്‍സിലര്‍മാര്‍ക്കെതിരെ തുടര്‍സമരം എന്നിവയ്ക്കെല്ലാം നെയ്യാറ്റിന്‍കര നഗരസഭ സാക്ഷ്യം വഹിച്ചു. നഗരസഭ ചെയര്‍മാനെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം ക്വാറം തികയാത്തതിനാല്‍ പരാജയപ്പെട്ടു. ആരോപണ വിധേയരായ സിപിഎം കൗണ്‍സിലര്‍ക്കെതിരെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്ക്കെതിരെയും പ്രതിഷേധ സമരങ്ങളും നെയ്യാറ്റിന്‍കരയില്‍ അരങ്ങേറി.
കോട്ടങ്ങള്‍
•ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട പകുതിയോളം ഉപഭോക്താക്കള്‍ വഴിയാധാരമായി. നിലവിലുള്ള ഭരണസമിതിക്ക് ഒരു ഉപഭോക്താവിനും പുതുതായി വീട് നല്‍കാനുമായിട്ടില്ല.
•എൽഇഡി. തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന നിലാവ് പദ്ധതി തുടക്കത്തിലേ പാളിപ്പോയെന്ന് ആരോപണം.
•ഫ്രണ്ട് ഓഫീസ് സംവിധാനം മെച്ചപ്പെടുത്തുമെന്നത് കേവലം വാഗ്ദാനമായി ഇപ്പോഴും തുടരുന്നു.
•നഗരസഭയ്ക്ക് കൈമാറിക്കിട്ടിയ ആസ്തികള്‍ പോലും യഥാവിധി സംരക്ഷിക്കാനുള്ള നേതൃപാടവമില്ല.
•നഗരസഭയുടെ അഭിമാന പദ്ധതികളിൽ ഒന്നായ ഈരാറ്റിൻപുറം ടൂറിസം പദ്ധതി അട്ടിമറിക്കപ്പെട്ടു.
•നഗരസഭയുടെ അഭിമാനമായി കണക്കാക്കി കെട്ടിപ്പൊക്കിയ ബഹുനില വാണിജ്യസമുച്ചയമായ അക്ഷയ ഷോപ്പിംഗ് കോംപ്ലക്സിന്റെ സംരക്ഷണവും പരിപാലനവും കെടുകാര്യസ്ഥതയുടെ അടയാളങ്ങളായി മാറി.
• നഗരസഭ പരിധിയിലെ കുളങ്ങളും തോടുകളും നവീകരണം കാത്തുകിടക്കുകയാണ്.
• 66 അങ്കണവാടികളിൽ 36 എണ്ണത്തിനു കെട്ടിടമില്ല.
•ജലസ്രോതസുകളിലെ മലിനീകരണം തടയാന്‍ ഗൗരവമായ നടപടികള്‍ ഭരണസമിതി കൈക്കൊണ്ടിട്ടില്ല.
•സ്ലാട്ടര്‍ ഹൗസ് പുനഃസ്ഥാപിച്ച് ആധുനിക പ്ലാന്റ് സ്ഥാപിക്കാനോ ചന്തകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാനോ നടപടി സ്വീകരിച്ചിട്ടില്ല.
ജെ. ജോസ് ഫ്രാങ്ക്ളിൻ
യുഡിഎഫ്
നേട്ടങ്ങള്‍
• നഗരവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ഗ്യാസ് ക്രിമറ്റോറിയം നഗരസഭയിലെ മലഞ്ചാണിമലയിൽ പ്രവര്‍ത്തനസജ്ജം. ഉദ്ഘാടനം 31 ന് നടത്തും.
•മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയലിന്റെ സ്മാരകമായി അദ്ദേഹത്തിന്റെ അര്‍ധകായ പ്രതിമയും ഓപ്പണ്‍ തിയറ്ററും.
•കവയിത്രി സുഗതകുമാരി യുടെ സ്മാരകമായ സുഗതസ്മൃതി തണലിടം നെയ്യാറ്റിന്‍കര അക്ഷയ ഷോപ്പിംഗ് കോംപ്ലക്സില്‍.
•മണലൂര്‍ പ്രദേശത്ത് ഹാപ്പിനസ് പാര്‍ക്ക്.
•പെരുമ്പഴുതൂരിൽ ഓപ്പൺ ഓഡിറ്റോറിയവും വയോജന പാർക്കും ഉള്‍പ്പെടെ പെരുന്പഴുതൂര്‍ ജംഗ്ഷന് വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
•വിജ്ഞാന കേരളം ജനകീയ കാമ്പയിന്റെ ഭാഗമായി നഗരസഭയിൽ ജോബ് സ്റ്റേഷൻ. ജോബ് ഫെയറില്‍ ലഭിച്ചതു മികച്ച പ്രതികരണം.
•നഗരസഭ ചെയര്‍മാന്റെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കാൻസർ രോഗികൾക്കുള്ള ധനസഹായ പദ്ധതി "ജീവസന്ധ്യ' നടപ്പാക്കി.
• സൗജന്യ ഡയാലിസിസ് ചികിത്സാ പദ്ധതി "ജീവശ്രീ'.
• മാലിന്യമുക്തം നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് അജൈവ മാലിന്യസംസ്കരണത്തില്‍ ഏറെ മുന്നില്‍.
8നഗരസഭ വികസന സദസ്സിൽ അതിദാരിദ്ര്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു.
District News
നേമം: സാമ്പത്തിക തട്ടിപ്പ് നടന്ന നേമം സഹകരണ ബാങ്കില്‍ ഇന്നലെ നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ അഡ്മിനിസ്ട്രേറ്ററെ തടഞ്ഞുവച്ചു. മാസങ്ങളായി വായ്പക്കാരില്‍ നിന്നും പിരിഞ്ഞുകിട്ടിയ രൂപ വിതരണം ചെയ്യാത്തതിനാല്‍ പ്രതിഷേധിച്ചാണ് അഡ്മിനിസ്ട്രേറ്ററെ നിക്ഷേപകര്‍ തടഞ്ഞുവച്ചത്.
പ്രതിഷേധത്തെ തുടര്‍ന്നു നേമം പോലീസ് സ്ഥലത്തെത്തുകയും ജോയിന്റ് രജിസ്ട്രാറുമായി സമരസമിതി രക്ഷാധികാരി മുജീബ് റഹ്മാനു സംസാരിക്കാനുള്ള അവസരമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇന്നു മുതല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് രൂപ വിതരണം ചെയ്യുമെന്ന് ജോയിന്റ് രജിസ്ട്രാര്‍ ഉറപ്പുനല്‍കിയതായി മുജീബ് റഹ്മാന് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ പിരിഞ്ഞുപോയത്. അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏറ്റെടുത്ത ശേഷം അറുപത് ലക്ഷത്തോളം രൂപ പിരിഞ്ഞുകിട്ടിയതായി സമരസമിതി നേതാക്കള്‍ പറഞ്ഞു.
പണം വിതരണം നടത്താത്തതുകാരണം പ്രായമായവരും രോഗികളായവരും ബുദ്ധിമുട്ടിലാണെന്നും പണം വിതരണം നടത്തുമെന്ന പറഞ്ഞ അഡ്മിനിസ്ട്രേറ്റര്‍ ബാങ്കില്‍ എത്തുന്നില്ലെന്നും നിക്ഷേപകൂട്ടായ്മ രക്ഷാധികാരി മുജീബ് റഹ്മാനും കണ്‍വീനര്‍ കൈമനം സുരേഷും പറഞ്ഞു. അടുത്തിടെയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയ മുന്‍ സെക്രട്ടറി എ.ആര്. രാജേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് മറ്റൊരു മുന്‍ സെക്രട്ടറിയും ഒന്നാം പ്രതിയുമായ എസ്. ബാലചന്ദ്രന് നായരെയും, മുന്‍ പ്രസിഡന്റ് ആര്. പ്രദീപ് കുമാറിനെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
District News
പാലോട്: വൈദ്യുതി ബോർഡിന്റെ ഉറപ്പു പാഴായി. മീൻമുട്ടി ഡാമിനുവേണ്ടി മാറ്റി പാർപ്പിക്കപ്പെട്ടവര്ഡക്കു വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമിനൽകിയിട്ടില്ല. നദീതീരത്തു ചോർന്നൊലിക്കുന്ന കുടിലുകളിൽ ജീവൻ പണയംവച്ചാണ് ഇവർ കഴിയുന്നത്.
2006-ൽ വാമനപുരം ആറിനു കുറുകെ ഡാം നിർമിച്ച് മീൻമുട്ടി ജലവൈദ്യുത പദ്ധതിയാരംഭിക്കുമ്പോൾ കുടിയിറക്കപ്പെട്ടവരാണ് ഇവിടെയുള്ള കുടുംബങ്ങൾ. വസ്തു വിട്ടുകൊടുക്കുന്നവർക്ക് സ്ഥലവും വീടും വച്ചു നല്‍കാമെന്ന വൈദ്യുത വകുപ്പിന്റെ ഉറപ്പ് വിശ്വസിച്ചാണു വീടുപേക്ഷിച്ച് ഡാം റിസർവോയറിനു സമീപത്തു കൂരകൾ കെട്ടി ഇവർ താമസമാക്കിയത്.
ചിലർക്ക് ലൈഫ് പദ്ധതിയിലുൾപ്പെടുത്തി വീട് നൽകിയെങ്കിലും ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ്. കുടിലുകൾ പലതും മഴക്കാലത്ത് ഇടിഞ്ഞുവീണു. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൂരപൊളിച്ച് അടക്കിയ സംഭവവുമുണ്ടായി.
മൺകട്ടയും ടാർപ്പായയും കൊണ്ടുള്ള കുടിലുകളായതിനാൽ തുലാവർഷം എങ്ങനെ കഴിച്ചുകൂട്ടുമെന്ന ആദിയിലാണിവർ. മീൻമുട്ടി ഡാം നിർമാ ണ സമയത്ത് ഇരുപതിലധികം കുടുംബങ്ങളിൽ നിന്നാണ് വസ് തു ഏറ്റെടുത്തത്. ഇതിൽ പലരുടേയും പ്രതീക്ഷ കൈവിട്ടു. അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തര സഹായം വേണമെന്നാണ് ഇവരുടെ ആവശ്യം.
District News
നെയ്യാറ്റിന്‍കര: നഗരസഭ പരിധിയിലെ മലഞ്ചാണി മലയില്‍ നിര്‍മിച്ച "ശാന്തി ഇടം' വാതകശ്മശാനം 31 ന് മന്ത്രി എം.ബി രാജേഷ് നാടിനു സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗം കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് അധ്യക്ഷനായി.
2024 ഡിസംബർ 11-നാണ് നഗരസഭയിലെ പ്ലാവിള വാർഡിലെ മലഞ്ചാണിമലയിൽ നഗരസഭ വാങ്ങിയ ഒരേക്കറിലേറെ സ്ഥലത്ത് വാതകശ്മശാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ടു കോടി 66 ലക്ഷം രൂപ നിർമാണ പ്രവൃത്തികൾക്കായി നീക്കിവച്ചു. മലഞ്ചാണി മലയുടെ ഭൂമിശാസ്ത്രം കണക്കിലെടുത്ത് മണ്ണിടിച്ചിൽ ഒഴിവാക്കിക്കൊണ്ടുള്ള നിർമാണ പ്രവർത്തനമാണ് നടത്തിയത്.
ശാന്തി ഇടത്തില്‍ ഒരേസമയം രണ്ട് മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സൗകര്യവും മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ ചെയ്യാനുള്ള പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്.
District News
നേമം: കരമനയാറിന്റെ തീരത്തെ ആഴാങ്കല്‍ നടപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നവീനരീതിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള നടപ്പാത നാട്ടുകാര്‍ക്ക് വിനോദത്തിനും വിശ്രമത്തിനും വ്യായാമത്തിനുമായി പ്രയോജനപ്പെടുത്താം.
കരമന മുതല്‍ ആഴാങ്കല്‍ വരെ ഒന്നര കിലോമീറ്റര്‍ ദൂരമാണ് നടപ്പാതയ്ക്ക്. പാതയുടെ ആഴാങ്കല്‍ ഭാഗത്ത് 60 കാറുകള്‍, 40 ഓട്ടോറിക്ഷകള്‍, 100 ബൈക്കുകള്‍ എന്നിവ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ കഴിയും. ഒന്നര കിലോമീറ്റര്‍ നീളമുള്ള നടപ്പാതയുടെ മൂന്നിടങ്ങളില്‍ കുളികടവുകളുണ്ട്. ഇവിടെ ഇരിപ്പിടങ്ങളും സജ്ജമാക്കി. കലാപരിപാടികള്‍ നടത്താൻ ചെറിയ പ്ലാറ്റ്ഫോമുകള് കോണ്‍ക്രീറ്റില്‍ നിര്‍മിച്ചിട്ടുണ്ട്. നാട്ടുകാര്‍ക്ക് ചെറിയ പരിപാടികള്‍ സംഘടിപ്പിക്കാനും കഴിയുന്ന തരത്തില്‍ ഒരു ആംഫി തീയറ്റര്‍ മാതൃകയിലാണ് നിര്‍മാണം പൂര്‍ത്തിയായത്. ഇതിനുപുറമെ രണ്ട് ബോട്ട് യാര്‍ഡുകളും ഓടു മേഞ്ഞ ബാല്‍ക്കണിയും നിര്‍മിച്ചിട്ടുണ്ട്.
മരങ്ങള്‍ക്ക് ചുറ്റും കരിങ്കല്ല് അടുക്കി കെട്ടി ഇരിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. വെളിച്ചത്തിനായി ആകര്‍ഷകമായ രീതിയില്‍ പ്രകാശ സംവിധാനങ്ങളുമുണ്ട്. പാത ഉദ്ഘാടനത്തിന് മുമ്പ് തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാഴ്ചക്കാരെത്തി തുടങ്ങി. നഗരത്തിന്റെ തിരക്കില്‍ നിന്നുംമാറി പ്രഭാതസവാരിക്ക് നിരവധിപേരാണ് ഈ പാത നേരത്തെ ഉപയോഗിച്ചുകൊണ്ടിരുന്നത്.
ഇന്ന് വൈകുന്നേരം നടക്കുന്ന നടപ്പാതയുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ എം.ബി. രാജേഷ്, മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, റോഷി അഗസ്റ്റിന്, മേയര്‍ ആര്യാ രാജേന്ദ്രന് എന്നിവർ പങ്കെടുക്കും.
District News
തൊളിക്കോട്: തേവൻപാറ ഫാത്തിമ മാതാ പള്ളിയുടെ ആഭിമുഖ്യത്തിൽ പച്ചമല ലൂർദ് മാതാ കുരിശടിയിൽനിന്ന് ഫാത്തിമ മാതാ പള്ളിയിലേക്ക് ജപമാല റാലി നടത്തി. ജപമാലയും കൈയിൽപിടിച്ച് പ്രാർഥ ന ചൊല്ലി നിരവധി പേരാണ് റാലിയിൽ പങ്കെടുത്തത്. മാതാവിന്റെ അലങ്കരിച്ച തിരുസ്വരൂപം ഏന്തിയും മാതാവിന്റെ വിവിധ വേഷങ്ങൾ അണിഞ്ഞും മാലാഖയുടെ വേഷം അണിഞ്ഞും കുട്ടികളും വിശ്വാസികളും പ്രദക്ഷിണമായാണ് റാലിയിൽ പങ്കെടുത്തത്. തുടർന്ന് പള്ളിയിലെത്തിയശേഷം ദിവ്യബലി അർപ്പിച്ചു.
ഇടവക വികാരി ഫാ. വിനോദ് ജെയിംസ് ദിവ്യബലിക്ക് നേതൃത്വം കൊടുത്തു. മാതാവിന്റെ വണക്കമാസമായ ഒക്ടോബർ മുഴുവൻ കുരിശടികളിലും പള്ളികളിലും ജപമാല അർപ്പിച്ചുവരികയാണ്. ഫാത്തിമ മാതാവിന്റെ നാമധേയത്തിലുള്ള തേവൻപാറ പള്ളിയുടെ കുരിശടികളായ പച്ചമല ലൂർദ് മാതാ കുരിശടി, തേവന്‍പാറ വേളാങ്കണ്ണി കുരിശടി, മാതാവിന്റെ ഗ്രോട്ടോ എന്നിവിടങ്ങളിൽ ദിവസവും ജപമാല നടത്തിവരുന്നുണ്ട്.
District News
കാട്ടാക്കട: റോഡ് മുറിച്ചുകടക്കവേ കെഎസ്ആർടിസി ബസ് ഇടിച്ച് വയോധികയ്ക്കു പരിക്കേറ്റു. കൈതക്കോണം സ്വദേശിനി ഓമന(65)യെയാണ് കാലിനും തലയ്ക്കും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പൂവച്ചൽ റോഡിൽ കൈതക്കോണത്തായിരുന്നു അപകടം. പൂവച്ചൽ ഭാഗത്തുനിന്നു വന്ന വെള്ളനാട് ഡിപ്പോയിലെ ബസാണ് വീട്ടമ്മയെ ഇടിച്ചിട്ടത്. ഇവരെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ സ്കൂട്ടറിലും ബസിടിച്ചു.
District News
കാട്ടാക്കട: കാട്ടാക്കട - കളിയിക്കാവിള സർവീസ് തുടങ്ങി. ഏറെക്കാലമായി തടസപ്പെട്ടിരുന്ന അന്തർ സംസ്ഥാന സർവീസാണ് കാട്ടാക്കട സിപ്പോയിൽ നിന്നും കഴിഞ്ഞ ദിവസം ആരംഭിച്ചത്. സർവീസിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു. രാവിലെ 06:35 നു ഒറ്റശേഖരമംഗലം, മൈലച്ചൽ, കുടയാൽ, കാരക്കോണം വഴി കാട്ടാക്കട - കളിയിക്കാവിള സർവീസ് നടത്തും.
രാവിലെ എട്ടിന് കാരക്കോണം, കുടയാൽ, മൈലച്ചൽ, ഒറ്റശേഖരമംഗലം, കാട്ടാക്കട, മലയിൻകീഴ്, പേയാട്, തിരുമല, പൂജപ്പുര, വഴുതയ്ക്കാട്, തിരുവനന്തപുരം, പട്ടം വഴി കളിയിക്കാവിള - കാട്ടാക്കട - മെഡിക്കൽ കോളേജ് സർവീസും 11നു പട്ടം, തിരുവനന്തപുരം, വിഴിഞ്ഞം, പൂവാർ, ഊരമ്പ് വഴി മെഡിക്കൽ കോളേജ് - കളിയിക്കാവിള സർവീസും ഉച്ചകഴിഞ്ഞു 01:40 നു ഊരമ്പ്, പൂവാർ, വിഴിഞ്ഞം വഴി കളിയിക്കാവിള - തിരുവനന്തപുരം സർവീസും ഉച്ചതിരിഞ്ഞു 03:55 നു വഴുതയ്ക്കാട്, പൂജപ്പുര, തിരുമല, പേയാട്, മലയിൻകീഴ്, ഒറ്റശേഖരമംഗലം, മൈലച്ചൽ, കുടയാൽ, കാരക്കോണം വഴി തിരുവനന്തപുരം - കാട്ടാക്കട - കളിയിക്കാവിള സർവീസും വൈകുന്നേരം 06:25നു പാറശ്ശാല, നെയ്യാറ്റിൻകര, ബാലരാമപുരം വഴി കളിയിക്കാവിള - തിരുവനന്തപുരം സർവീസും രാത്രി 08:20 വഴുതയ്ക്കാട്, പൂജപ്പുര, തിരുമല, പേയാട്, മലയിൻകീഴ്, അന്തിയൂർക്കോണം, കിള്ളി വഴി തിരുവനന്തപുരം - കാട്ടാക്കട സർവീസുകളുമാണ് ഉണ്ടായിരിക്കുക.
District News
പാറശാല: ചെങ്കല്‍ പഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്സറിയില് നാഷണല്‍ ആയുഷ് മിഷന്റെ 30 ലക്ഷം ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ഒപി ലെവല്‍ ട്രീറ്റ്മെന്റ് കെട്ടിടം മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. കെ.ആന്‍സലന്‍ എംഎൽഎ കെട്ടിടത്തിന്റെ നാട മുറിക്കല്‍ കർമംവഹിച്ചു. ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്. ഗിരിജ അധ്യക്ഷയായി.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. മിനി എസ്. പൈ, നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആർ.എസ്. ഗായത്രി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള കുമാരി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ത്രേസ്യ സെല്വിസ്ടര്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ലാല്‍ രവി, വാര്‍ഡ് മെമ്പര്‍മ്മാരായ നിഷ, റസാലം, ജോണി, ജെന്നര്‍, ശ്രീ ശ്യാം , എച്ച്എംസി അംഗം മോഹനകുമാര്‍, നാഷണല്‍ ആയുഷ് മിഷന് കണ്‍സല്‍ട്ടന്റ് എൻജിനീയര്‍ അക്ഷയ് എസ് . വിശ്വം എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.ആര്. ഹാരജ നന്ദി പറഞ്ഞു.
District News
വെള്ളറട : വെള്ളറട ഗവ. യുപി സ്കൂളില്‍ എസ്എസ്കെ സ്റ്റാര്‍സ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ഉപയോഗിച്ച് നടപ്പിലാക്കിയ വര്‍ണക്കൂടാരത്തിന്റെ ഉദ്ഘാടം സി. കെ. ഹരീന്ദ്രന്‍ എംഎൽഎ നിർവഹിച്ചു. രാജ്മോഹന്‍, സരളാ വിൻസന്റ്, കാറ്റാടി വിപിന്‍കുമാര്‍, ജെ.എസ്. മിനി, വിജയശ്രീ, എം. രാജേഷ് കുമാർ, കെ.ജി. മംഗൾദാസ്, ജയന്തി, ദീപ്തി, ബിന്ദു റോസ്, പ്രേമലത, പത്മജ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
നെടുമങ്ങാട്: ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് അധ്യാപക-സർവീസ് സംഘടനാ സമരസമിതി നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും അവകാശ സംരക്ഷണ സദസും സംഘടിപ്പിച്ചു. എകെഎസ്ടിയു ജില്ലാ പ്രസിഡന്റ് എസ്. പ്രവീൺ നെടുമങ്ങാട് റവന്യൂ ടവർ അങ്കണത്തിൽ നടന്ന ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് എച്ച്.എൻ. ബ്രൂസ്ഖാൻ അധ്യക്ഷത വഹിച്ചു. പുത്തൻകുന്ന് എം. ബിജുഅച്ചു., ജെ. ദേവി, സി. രഞ്ജിത്ത്, ജി. പ്രമോദ്കുമാർ, ഡോ. പി.വി. രാജി, പി. മോഹനൻ, എസ്. രാജേഷ്, എസ്. മിനി, വിജീഷ്, ബിജു പേരയം തുടങ്ങിയവർ നേതൃത്വം നൽകി.
District News
നെടുമങ്ങാട്: വേട്ടംപള്ളി റബർ ഉത്പാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ റബർ ബോർഡുമായി ചേർന്ന് മൂഴി സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച ഏകദിന റബർ കർഷക സെമിനാർ റബർ ബോർഡ് ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർ ഡോ. ശ്രീരഞ്ജിനി ദേവി പിള്ള ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു. റബർ ബോർഡ് ഉദ്യോഗസ്ഥരായ എസ്.എ. അനിൽകുമാർ, രാഹുൽ കുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. നസീർ നെടുമങ്ങാട്, വിക്രമൻ നായർ, ഷജീർ, ഷീബ രാജ്, ബിന്ദു, കല്യാണി കൃഷ്ണ, മുരളീധരൻ നായർ എന്നിവർ സംസാരിച്ചു.
District News
കുറ്റിച്ചൽ: ബ്ലോക്ക് പഞ്ചായത്തിന്റെ ഗോത്ര കലോത്സവം കുറ്റിച്ചൽ പഞ്ചായത്തിലെ ചോനാംപാറയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.
സ്ഥിരംസമിതി അധ്യക്ഷ ശ്രീമതി അധ്യക്ഷയായി. കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീക്കുട്ടി സതീഷ്, സുനിൽകുമാർ, ഫർസാന, രമേശ്, വി.ജെ. സുനിത തുടങ്ങിയവരും പ്രസംഗിച്ചു. രണ്ടുദിവസമായി നടന്ന മേളയിൽ ആദിവാസികളുടെ കലാരൂപങ്ങൾ ഉൾപ്പെടെയുള്ളവ അവതരിപ്പിച്ച
District News
കൊടുങ്ങല്ലൂർ: ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര വീട്ടിൽ സുദർശനനെ (42) അതിക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിച്ചശേഷം കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്നു പ്രതികൾ അറസ്റ്റിലായി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
എറണാകുളം കൂനമ്മാവിൽ പ്രവർത്തിക്കുന്ന, മാനസികവെല്ലുവിളി നേരിടുന്നവരെ താമസിപ്പിക്കുന്ന ഇവാഞ്ചൽ ആശ്രം എന്ന സ്ഥാപനത്തിന്റെ ഉടമ കൂനമ്മാവ് ചെറുതുരുത്തി വീട്ടിൽ അമൽ ഫ്രാൻസിസ് (65), ഇയാളുടെ വളർത്തുമകൻ ആരോമൽ (23), കോട്ടയ്ക്കൽ വീട്ടിൽ നിധിൻ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ സുദർശനനെ കൊടുങ്ങല്ലൂരിലെത്തിക്കാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ 21നു രാവിലെയാണ് സുദർശനനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്കുസമീപമുള്ള റോഡരികിൽ കണ്ടത്. ഗുരുതരമായ പരിക്കുകളേറ്റിരുന്ന ഇയാൾ ഇപ്പോൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം വെന്റിലേറ്ററിലാണ്.
പോലീസ് നടത്തിയ അന്വേഷണത്തിൽ, കഴി ഞ്ഞ 18നു പുലർച്ചെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സുദർശനൻ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നതായി അറിഞ്ഞു. പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെതുടർന്നു സ്ഥലത്തെത്തിയ എറണാകുളം സെൻട്രൽ പോലീസ് ഇയാളെ ഇവാഞ്ചൽ ആശ്രം എന്ന സ്ഥാപനത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെ കഴിഞ്ഞുവരവെയാണ് സുദർശനനു ഗുരുതരമായ പരിക്കേറ്റത്.
തുടർന്നു സുദർശനനെ ആശുപത്രിയിൽ എത്തിക്കാതെ അമൽ ഫ്രാൻസിസിന്റെ നിർദേശപ്രകാരം ആരോമലും നിധിനും ചേർന്ന് സ്ഥാപനത്തിന്റെ വാഹനത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്കുസമീപം എത്തിച്ച് വഴിയരികൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ ആശ്രമത്തിന്റെ വാഹനം ശ്രദ്ധയിൽപ്പെട്ടതാണ് കേസിൽ വഴിത്തിരിവായത്.
സുദർശനനു ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തിവരികയാണ്. സംഭവം നടന്നതു വരാപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പ്രാഥമികാന്വേഷണങ്ങൾക്കുശേഷം കേസ് വരാപ്പുഴ സ്റ്റേഷനിലേക്കു കൈമാറും.
District News
തൃപ്പൂണിത്തുറ: ക്ഷേത്രത്തിൽ നിന്ന് 25 കിലോഗ്രാം തൂക്കമുള്ള ഓട്ടുവിളക്ക് കവർന്നു. ചക്കംകുളങ്ങര ശിവക്ഷേത്രത്തിൽ നാഗങ്ങളുടെ പ്രതിഷ്ഠാ സ്ഥലത്ത് വച്ചിരുന്ന നാലടിയോളം ഉയരമുള്ള ഓടിന്റെ നിലവിളക്കാണ് മോഷണം പോയത്.
ഇന്നലെ പുലർച്ചെ 3.36നാണ് ക്ഷേത്രമതിൽ മോഷ്ടാവ് ചാടിക്കടന്നിരിക്കുന്നത്. മതിൽ ചാടിക്കടക്കുന്നതും നിലവിളക്ക് ചാക്കിൽ പൊതിഞ്ഞ് ഒരാൾ നടന്നു പോകുന്നതുമായ ദൃശ്യം സമീപത്തുള്ള സ്ഥാപനത്തിന്റെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഹിൽപാലസ് പോലീസ് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി.
തലേന്ന് രാത്രിയിൽ ക്ഷേത്രത്തിന് സമീപത്തെ നഗരസഭയുടെ വിശ്രമസ്ഥലത്ത് ഒരു ഇതര സംസ്ഥാനക്കാരൻ സിമന്റ് ബെഞ്ചിൽ കിടപ്പുണ്ടായിരുന്നു. ഇയാൾ പ്ലാസ്റ്റിക് ചാക്കുമായി ക്ഷേത്ര മതിൽ ചാടിക്കടന്നപ്പോൾ രണ്ട് യുവാക്കൾ ചോദ്യം ചെയ്യുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. പോലീസ് സ്ഥലത്തെത്തി ഇയാളെ വിരട്ടി ഓടിച്ചിരുന്നതായും പറയുന്നു.
District News
കൊച്ചി: ജനറേറ്ററിലേക്ക് ഇന്ധനം മാറ്റുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ ഇരുകണ്ണുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇറാനിയന്‍ മത്സ്യത്തൊഴിലാളിയെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. കൊച്ചിയില്‍ നിന്ന് ഏകദേശം 1,500 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി അറബിക്കടലിലാണ് എന്ജിന് തകരാറിലായ അല്‍ഒവൈസ് മത്സ്യബന്ധന പായ്ക്കപ്പലിലെ തൊഴിലാളിയെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയത്. പായ്ക്കപ്പലില്‍ പരിക്കേറ്റ തൊഴിലാളി ഉള്‍പ്പെടെ അഞ്ച് ജീവനക്കാരാണ് ഉണ്ടായിരുന്നത്.
അപകടം നടന്നതിന് പിന്നാലെ ഇറാനിലെ എംആര്‍സിസി ചാബഹാര്‍ മുംബൈ സമുദ്ര രക്ഷാദൗത്യ കേന്ദ്രത്തിന് വിവരം കൈമാറി. തുടര്‍ന്ന് ഇവിടെ നിന്ന്, കുവൈറ്റില്‍ നിന്ന് മൊറോണിയിലേക്ക് പോവുന്ന എംടി എസ്ടിഐ ഗ്രേസ് എന്ന എണ്ണക്കപ്പലിലേക്ക് അടിയന്തര സഹായ നിര്‍ദേശം നല്കി. കോസ്റ്റ് ഗാര്‍ഡ് മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം എണ്ണക്കപ്പലിലുള്ളവരാണ് പരിക്കേറ്റ തൊഴിലാളിക്ക് ടെലിമെഡിക്കല്‍ പ്രഥമശുശ്രൂഷ നല്‍കിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഐസിജി കപ്പലായ സചേതിലേക്ക് മാറ്റി.
പരിക്കേറ്റ മത്സ്യത്തൊഴിലാളി നിലവില്‍ ഐസിജി കപ്പല്‍ സചേതില്‍ തുടര്‍ചികിത്സയിലാണ്. കൂടുതല്‍ ചികിത്സകള്‍ക്കും മറ്റുമായി കപ്പല്‍ ഗോവയിലേക്ക് നീങ്ങുകയാണ്.
District News
വൈപ്പിൻ: കായംകുളം ഭാഗത്ത് മത്സ്യബന്ധന ബോട്ട് കടലിൽ മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന 10 മത്സ്യത്തൊഴിലാളികളിൽ വൈപ്പിൻ കുഴുപ്പിള്ളി ചെറുവൈപ്പ് സ്വദേശിയായ ഒരാളെ കാണാതായി.
കാരായിത്തറ വീട്ടിൽ ചന്ദ്രൻ മകൻ ശക്തി കുമാറി (55)നെയാണ് കാണാതായത്. മുങ്ങിയ ബോട്ടിൽ നിന്നു കടലിൽ നീന്തിയ ചെറുവൈപ്പ് സ്വദേശികളായ രാഹുൽ, യദു എന്നിവർ ഉൾപ്പെടെ ഒമ്പത് തൊഴിലാളികളെ മറ്റൊരു ബോട്ട് രക്ഷപ്പെടുത്തി ശക്തികുളങ്ങരയിൽ എത്തിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കായംകുളം ഭാഗത്ത് 32 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. നീണ്ടകര സ്വദേശി ജോണിന്റെ ഉടമസ്ഥതയിലുള്ള മഹത്വം -1 എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് മലയാളികളെ കൂടാതെ ഏഴു തമിഴ്നാട് സ്വദേശികളാണ് ഉണ്ടായിരുന്നത്. മത്സ്യബന്ധനം നടത്തുന്നതിനിടെ ബോട്ടിന്റെ അടിത്തട്ട് തകർന്ന് വെള്ളം കയറിയാണ് മുങ്ങിയത്.
മുങ്ങുന്നതിനിടയിൽ തൊഴിലാളികൾ നൽകിയ വയർലെസ് സന്ദേശത്തെ തുടർന്ന് കുറച്ച് അകലെ മാറി മത്സ്യബന്ധനം നടത്തിവന്നിരുന്ന ആവില -1 എന്ന ബോട്ടാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
പൂർണമായി മുങ്ങിയ ബോട്ടിൽ നിന്ന് ഒരാൾ ഒഴികെ ഒമ്പതു പേരെയും രക്ഷപ്പെടുത്തി ശക്തികുളങ്ങര ഹാർബറിൽ എത്തിക്കുകയായിരുന്നു. കാണാതായ ശക്തികുമാറിനു വേണ്ടി തെരച്ചിൽ നടക്കുന്നുണ്ട്.
District News
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫുൾ സ്കെയിൽ എമർജൻസി മോക്ഡ്രിൽ നടത്തി. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി രണ്ടു വർഷത്തിൽ ഒരിക്കലാണ് വിമാന അപകടത്തിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് സമ്പൂർണ മോക്ഡ്രിൽ നടത്തുന്നത്.
സിയാലിന്റെ മേൽനോട്ടത്തിൽ വിവിധ എയർലൈനുകൾ, ദുരന്തനിവാരണ സേന, ഇന്ത്യൻ നേവി, ജില്ലാ ഭരണകൂടം, എയർപോർട്ട് അഥോറിറ്റി, കോസ്റ്റ്ഗാർഡ്, സിഐഎസ്എഫ്, കേന്ദ്ര കാലാവസ്ഥാ വകുപ്പ്, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ, ആശുപത്രികൾ തുടങ്ങി മുപ്പതോളം ഏജൻസികൾ മോക്ഡ്രില്ലിൽ പങ്കെടുത്തു. ഇൻഡിഗോ എയർലൈനാണ് മോക് ഡ്രില്ലിനായി സിയാലിനൊപ്പം കൈകോർത്തത്.
എ567, ആൽഫാ എയർലൈൻസ് എന്ന സാങ്കല്പിക വിമാനമാണ് എമർജൻസി മോക്ക് ഡ്രില്ലിന് ഉപയോഗിച്ചത്. ആറ് ജീവനക്കാർ ഉൾപ്പെടെ 113 പേർ വിമാനത്തിൽ ഉണ്ടായിരുന്നു.
വിമാനം ടേക്ക് ഓഫ് ചെയ്തതിനു ശേഷം ഉച്ചയ്ക്ക് 2.11ന് എൻജിനിൽ തീപിടിത്തമുണ്ടായതായി പൈലറ്റ് ഇൻ കമാൻഡ് എടിസിയെ അറിയിച്ചു. റണ്‍വേയില്‍ വിമാനം ഇറക്കാന്‍ സാധിക്കാതെ സിയാല്‍ ഗോള്‍ഫ് ക്ലബിന് സമീപം വിമാനം തകര്‍ന്നു വീണതായിട്ടാണ് മോക്ക് ഡ്രിലില്‍ ചിത്രീകരിച്ചത്. ഇതോടെ വിമാനത്താവളത്തില്‍ ഫുള്‍ സ്കെയില്‍ എമര്‍ജന്‍സി പ്രഖ്യാപിക്കപ്പെട്ടു.
സിയാല്‍ അഗ്നിശമന രക്ഷാ വിഭാഗം (എആര്‍എഫ്എഫ്) അത്യാധുനിക ഉപകരണങ്ങളുമായി വിമാനത്തിന് അരികിലെത്തി. അപകടത്തില്‍ പരുക്കേറ്റവരെയും കൊണ്ട് ഇരുപതോളം ആംബുലന്‍സുകള്‍ കുതിച്ചു.
കമാന്‍ഡന്റ് നാഗേന്ദ്ര ദേവ്രാരിയുടെ നേതൃത്വത്തില്‍ സിഐഎസ്എഫ് സുരക്ഷാ ചുമതല ഏറ്റെടുത്തു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനം എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു നിര്‍വഹിച്ചു.
കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം ഉറപ്പാക്കാന്‍ എമര്‍ജന്‍സി കണ്ട്രോള് റൂം, അസംബ്ലി ഏരിയ, സര്‍വൈവേഴ്സ് റിസപ്ഷന് ഏരിയ, മീഡിയ സെന്റര്‍ എന്നിവയും പ്രവര്‍ത്തന സജ്ജമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ സംഘവും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതില്‍ പങ്കുവഹിച്ചു. മൂന്നരയോടെ രക്ഷാ ദൗത്യം അവസാനിച്ചതായുള്ള പ്രഖ്യാപനം വന്നു.
സിയാല്‍ എമര്‍ജന്‍സി ടാസ്ക് ഫോഴ്സ്, കേരളാ പോലീസ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്, കേരള ഫയര്‍ഫോഴ്സ്, ബിപിസിഎല്‍ എന്നീ ഏജന്‍സികള്‍ക്ക് പുറമെ രാജഗിരി, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, ലിറ്റില്‍ ഫ്ലവര്‍, അപ്പോളോ, സിഎ ഹോസ്പിറ്റല്‍, നജാത് ഹോസ്പിറ്റല്‍, കാരോത്തുകുഴി ഹോസ്പിറ്റല്‍, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവ മോക്ഡ്രില്ലില്‍ പങ്കെടുത്തു.
District News
കോതമംഗലം: ഭൂതത്താന്‍കെട്ട് പുതിയ പാലത്തില്‍നിന്ന് പെരിയാറില്‍ ചാടിയ യുവാവിന്റെ മൃതദേഹം നാലാം ദിവസം പെരുമ്പാവൂരിന് സമീപം വല്ലംകടവ് പാറപ്പുറം പാലത്തിന് താഴെ കണ്ടെത്തി. വടാട്ടുപാറ റോക്ക് ജംഗ്ഷന് വടുതലായില്‍ പരേതനായ പീതാംബരന്റെ മകന് ദിനേശ് (46) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പാലത്തിന് താഴെ ഇല്ലിത്തുറുവിന് ഇടയില്‍ മൃതദേഹം തങ്ങിനില്ക്കുകയായിരുന്നു. ഷര്‍ട്ട് കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ശനിയാഴ്ച രാവിലെ ഓട്ടോറിക്ഷയില്‍ അമ്മയ്ക്കൊപ്പം ആശുപത്രയിലേക്ക് പോകുന്നതിനിടെ ഭൂതത്താന്കെട്ടിൽ വച്ച് ഓട്ടോ വേഗത കുറച്ചപ്പോള്‍ ചാടിയിറങ്ങി പാലത്തിന് മുകളില്‍നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ദിനേശന്. മൂന്ന് ദിവസമായി അഗ്നി രക്ഷാസേനാംഗങ്ങള്‍ പെരിയാറിൽ നാല് കിലോമീറ്ററോളം ദൂരത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. സംസ്കാരം നടത്തി. അമ്മ: ലീല. സഹോദരങ്ങള്‍: പുഷ്പന്, ഉണ്ണി, ജിനന്, ബീന, ബിന്ദു.
District News
കോതമംഗലം: എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേളയും വൊക്കേഷണൽ സ്കിൽ ഫെസ്റ്റും നാളെ കോതമംഗലത്ത് ആരംഭിക്കും. നാളെ രജിസ്ട്രേഷനും 31, ഒന്ന് തീയതികളിൽ മത്സരങ്ങളും നടക്കും.
എറണാകുളം, ഇടുക്കി ജില്ലകളിലെ വൊക്കേഷണൽ വിദ്യാർഥികളുടെ വൊക്കേഷണൽ സ്കിൽ ഫെസ്റ്റ് കോട്ടപ്പടി മാർ ഏലിയാസ് സ്കൂളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ശാസ്ത്രമേള കോതമംഗലം സെന്റ് ജോർജ് എച്ച്എസ്എസിലും പ്രവൃത്തിപരിചയ ഐടി മേളകൾ മാർ ബേസിൽ എച്ച്എസ്എസിലും, സാമൂഹ്യ ശാസ്ത്രമേള ശോഭന എച്ച്എസിലും ഗണിത ശാസ്ത്ര മേള സെന്റ് അഗസ്റ്റ്യൻസ് എച്ച്എസ്എസിലും നടക്കും.
31 ന് രാവിലെ 10ന് മേളയുടെ ഉദ്ഘാടനം സെന്റ് അഗസ്റ്റ്യൻസ് സ്കൂളിൽ ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും. ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ കെ.കെ. ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷത വഹിക്കും. എംഎൽഎമാരായ മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി എന്നിവർ മുഖ്യാതിഥികളായിരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ സമ്മാനദാനം നിർവഹിക്കും. രണ്ട് ദിവസമായി നടക്കുന്ന മേളയിൽ എണ്ണായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കും. മത്സരവേദികളിൽ തന്നെ മത്സരാർഥികൾക്കുള്ള ഭക്ഷണ സൗകര്യവും ഏർപ്പെടുത്തും.
ഉച്ചവരെ മത്സരങ്ങളും ശേഷം പ്രദർശനവും നടക്കും. മേളയ്ക്കുള്ള ഒരുക്കൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ ആന്റണി ജോൺ എംഎൽഎ, ജില്ലാ വിദ്യാഭ്യസ ഓഫീസർ സുബിൻ പോൾ, പബ്ലിസിറ്റി കൺവീനർ സജി ചെറിയാൻ, സുനിത രമേശ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
District News
കൊച്ചി: മറൈന്‍ഡ്രൈവ് വൃത്തിയായി സംരക്ഷിക്കാനുള്ള മോണിട്ടറിംഗ് കമ്മിറ്റിക്ക് രൂപം നല്കാന് ഏപ്രിലില്‍ നിര്‍ദേശം നല്‍കിയിട്ടും നടപ്പാക്കാന്‍ കാലതാമസമുണ്ടായതെന്തെന്ന് ഹൈക്കോടതി. സമിതിയുടെ രൂപഘടന സംബന്ധിച്ചടക്കം നല്കിയ മറ്റ് നിര്‍ദേശങ്ങള്‍ എന്ന് നടപ്പാക്കുമെന്നത് സംബന്ധിച്ചും വിശദീകരണം നല്കാന് നിര്‍ദേശിച്ച കോടതി ഹര്‍ജി വീണ്ടും നാളെ പരിഗണിക്കാന്‍ മാറ്റി.
മറൈന്‍ഡ്രൈവിന്റെ സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം ചിറ്റൂര്‍ റോഡില്‍ താമസക്കാരനായ രഞ്ജിത് ജി. തമ്പി നല്കിയ ഹര്‍ജിയിലാണ് സമിതി രൂപീകരണത്തിന് കോടതി ഉത്തരവിട്ടത്.നിര്‍ദേശം പാലിക്കാതിരുന്നതിനാൽ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ച് ഒക്ടോബര്‍ 17ന് ഉത്തരവ് പുറപ്പെടുവിച്ചത്.
District News
കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിക്കുന്ന 28-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ ഒന്നു മുതല്‍ 10 വരെ എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കും. ഒന്നിന് രാവിലെ 11ന് ഉത്തർപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്യും.
പുസ്തകോത്സവ സമിതി ചെയര്മാന് പ്രഫ. കെ.വി. തോമസ് അധ്യക്ഷനാകും. ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, മുന്‍ കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മേയര്‍ എം. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
അന്ന് വൈകുന്നേരം നാലിന് മഹാകവി അക്കിത്തത്തിന്റെ നൂറാം വര്‍ഷികാഘോഷവും ഏഴിന് മഹാകവി ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രത്തിന്റെ 75-ാം വാര്‍ഷികാഘോഷവും നടക്കും. രണ്ടാം ദിവസം കേന്ദ്ര സാഹിത്യ അക്കാദമി അവതരിപ്പിക്കുന്ന പാരമ്പര്യവും ആധുനികതയും മലയാള കവിതയില്‍ എന്ന വിഷയത്തിലുള്ള സിമ്പോസിയം.
കേരളപ്പിറവിയുടെ അറുപതാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന രീതിയിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നതെന്ന് പ്രഫ. കെ.വി. തോമസ്, ഇ.എന്‍. നന്ദകുമാര്‍, അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്, ഇ.എം. ഹരിദാസ്, കെ. ആനന്ദ ബാബു എന്നിവര്‍ അറിയിച്ചു.
District News
കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സ്റ്റേഡിയത്തിന് ബലക്ഷയം ഉണ്ടെന്ന മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും പുറത്തുവിടാതെ ജിസിഡിഎ സ്റ്റേഡിയം നവീകരണത്തിന് കരാറില്ലാതെ അനുമതി നല്‍കിയത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
മെസിയെ എത്തിക്കാമെന്ന പേരില്‍ വിവാദ സ്പോണ്സര്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കായിക മന്ത്രിയുടെ റോള്‍ എന്താണെന്നും, മെസി വന്നാല്‍ മന്ത്രിക്ക് എത്ര പണം ലഭിക്കുമെന്നും ഷിയാസ് ചോദിച്ചു. പണം ലക്ഷ്യമിട്ടുള്ള നിഗൂഢമായ നീക്കമാണ് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്നത്. സ്റ്റേഡിയം നവീകരണത്തിന് ഉപകരാര്‍ നല്കിയെങ്കില് അതിനുള്ള മാനദണ്ഡം എന്താണെന്ന് ജിസിഡിഎ മറുപടി പറയണം. ഇതിലെ കരാറുകള്‍ എന്താണ്. നിയമപരമായ നടപടിക്രമം പാലിച്ചിട്ടിട്ടുണ്ടോ എന്നതടക്കം ജിസിഡിഎ മറുപടി പറയണം.
ഡിസിഡിഎ കൗണ്‍സില്‍ അംഗങ്ങള്‍ പോലും അറിയാതെയാണ് സ്റ്റേഡിയം കൈമാറിയത്. മന്ത്രിക്കും ഇടപാടുകളിൽ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും ഷിയാസ് ആരോപിച്ച
District News
കൊച്ചി: അഭിഭാഷകയെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. നെടുമ്പാശേരി കപ്രശേരി സ്വദേശി അഞ്ജു അശോകനാ(32)ണ് മര്‍ദനമേറ്റത്. ആലുവ കുടുംബ കോടതിയില്‍ അഞ്ജു വാദിച്ചിരുന്ന വിവാഹമോചന കേസിലെ എതിര്‍കക്ഷി വൈറ്റില തൈക്കൂടം എടത്തുരുത്തി വീട്ടില്‍ ജോര്‍ജിനെതിരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തത്.
മര്‍ദിച്ച് പരിക്കേല്‍പ്പിച്ചതിനും അതിക്രമിച്ച് കടന്നതിനും ബലപ്രയോഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്.
ഞായറാഴ്ച വൈകുന്നേരം 4.15ഓടെയായിരുന്നു സംഭവം. അഞ്ജു താമസിച്ചിരുന്നു ഫ്ളാറ്റില്‍ കയറി മര്‍ദിച്ചതായാണ് പരാതി. ഇടതു കവിളില്‍ അടിച്ച ശേഷം ഇടതു കൈ പിടിച്ച് തിരിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് അസഭ്യം പറയുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. ആക്രമണത്തിന് പിന്നാലെ അഞ്ജു എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
District News
കാക്കനാട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃക്കാക്കരയിൽ സീറ്റു വിഭജനം സംബന്ധിച്ച് ഇരു മുന്നണികളിലും തർക്കം രൂക്ഷമാകുന്നു. വാർഡു പുനർനിർണയം പൂർത്തിയായപ്പോൾ നിലവിലുണ്ടായിരുന്ന 43 ഡിവിഷനുകൾ 48 ആയി ഉയർന്നതോടെയാണ് കോൺഗ്രസ്, സിപിഎം മുന്നണികളിൽ സീറ്റുകൾ പങ്കിടുന്ന കാര്യത്തിൽ തർക്കം രൂക്ഷമാവുന്നത്. ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയ്ക്ക് അവരുടെ സിറ്റിംഗ് സീറ്റിൽ പോലും മൽസരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ഹെൽത്ത് സെന്റർ ഡിവിഷൻ സിപിഐ സ്ഥിരമായി മൽസരിക്കുന്ന സീറ്റാണെങ്കിലും കഴിഞ്ഞ തവണ കോൺഗ്രസ് സീറ്റു നിഷേധിച്ചതിനെ തുടർന്ന് വിമതനായി മൽസരിച്ചു വിജയിച്ച പി.സി. മനൂപ് പിന്നീട് ഇടതുമുന്നണിക്കൊപ്പം ചേക്കേറുകയായിരുന്നു. ഇത്തവണ ഹെൽത്ത് സെന്റർ ഡിവിഷൻ ജനറൽ വാർഡ് ആയതോടെ ഈ വാർഡിൽ സ്വതന്ത്രനായി പി.സി. മനൂപ് രംഗത്തിറങ്ങിക്കഴിഞ്ഞു.
ഇടതു സ്വതന്ത്രനായി മനൂപിനെ മൽസരിപ്പിക്കാനായി ഹെൽത്ത് സെന്റർ വാർഡ് വിട്ടുതരണമെന്ന ആവശ്യമാണ് ആദ്യഘട്ട സീറ്റു ചർച്ചയിയിൽ സിപിഎം ആവശ്യപ്പെട്ടത് സിപിഐയുടെ സിറ്റിംഗ് സീറ്റിൽ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരിൽ പ്രമേഷ് വി. ബാബുവിനെ മൽസരിപ്പിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. സഹകരണ റേഡ് വാർഡിൽ സിപിഐയുടെ സീറ്റിൽ സിപിഎം സ്വതന്ത്രനായി കഴിഞ്ഞ തവണ മൽസരിച്ച ജിജോ ചിങ്ങന്തറയെ മൽസരിപ്പിക്കാനും സിപിഎം തീരുമാനിച്ചതായാണ് സൂചന.
ആദ്യ വട്ടചർച്ച തന്നെ വഴിവിട്ടതോടെ സിപിഐയുടെ സ്ഥാനാർഥികളെ പാർട്ടി ജില്ലാ നേതൃത്വം തീരുമാനിക്കട്ടെ എന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെയും നിലപാട്. കോൺഗ്രസ് മുന്നണിയിൽ പ്രധാനഘടക കക്ഷിയായ മുസ്ലിം ലീഗ് ഇത്തവണ 10 സീറ്റുകളാണ് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ തവണ എട്ടു സീറ്റുകളാണ് ലീഗിന് നൽകിയിരുന്നത് വാർഡ് വിഭജനവും കൂട്ടി ചേർക്കലും പൂർത്തിയായപ്പോൾ അഞ്ചു സീറ്റുകളുടെ വർധനവാണ് തൃക്കാക്കരയിൽ ഉണ്ടായത്. 43 സീറ്റുകൾ48 സീറ്റുകളായി വർധിച്ചു. ഈ സീറ്റുകളിൽ രണ്ടെണ്ണം കൂടി തങ്ങൾക്കുകിട്ടണമെന്നാണ് ലീഗിന്റെ ആവശ്യം.
കോൺഗ്രസിനുള്ളിലെ എ-ഐ ഗ്രൂപ്പ് പോര് സ്ഥാനാർഥി നിർണയത്തിലും പ്രതിഫലിക്കും. മുൻകാലങ്ങളിൽ നിന്നും വ്യത്യസതമായി രണ്ടു സീറ്റുകൾ കൂടി അധികം വേണമെന്ന നിലപാട്ടും എവിഭാഗത്തിനുണ്ട്. എ ഗ്രൂപ്പ് നേതാക്കളായ നൗഷാദ് പല്ലച്ചി, രാധാമാണിപ്പിള്ള, വി.ഡി. സുരേഷ്, സ്മിതാ സണ്ണി, ജോസ് കളത്തിൽ എന്നിവരിൽ വി.ഡി. സുരേഷിന്റെ വാർഡ് വനിതാ സീറ്റാണെങ്കലം അദ്ദേഹത്തിന്റെ ഭാര്യ ലിജി സുരേഷ്ഇത്തവണ പകരം മൽസരിക്കും.
ഐ ഗ്രൂപ്പു നേതാക്കളിൽ പലരും മൽസരിച്ചിരുന്ന ജനറൽ വാർഡുകൾ ഇത്തവണ വനിതാ വാർഡുകളായി മാറിയിട്ടുണ്ട്. തൃക്കാക്കര ബിഎംസി ഡിവിഷൻ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ സ്ഥിരം സീറ്റായിരുന്ന ബിഎംസിയിൽ ഇത്തവണ മാധ്യമപ്രവർത്തകനും കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ കെ.എം. അബ്ബാസിനെ മൽസരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. അരനൂറ്റാണ്ടായി കോൺഗ്രസിൽ പ്രവർത്തിച്ചു വരുന്ന കെ.എം. അബ്ബാസിന് ബിഎംസി ഡിവിഷൻ നൽകാനും ഏറെക്കുറെ ധാരണയായിട്ടുണ്ട്. അതേ സമയം ഈ സീറ്റ് തങ്ങൾക്കു വിട്ടുതരണമെന്ന ആവശ്യവുമായി ലീഗും കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ ആദ്യവാരം ഇറങ്ങിയേക്കും. മുന്നണികൾ തമ്മിലുള്ള സീറ്റു വിഭജനം അതിനു ശേഷം നടക്കും. തൃക്കാക്കര നഗരസഭയിലെ 48 ഡിവിഷനുകളിലും ഇത്തവണട്വന്റി-20യും മൽസരിക്കുന്നുണ്ട്.
District News
അങ്കമാലി : തുറവൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒപി മന്ദിരം ബെന്നി ബഹന്നാൻ എംപി ഉദ്ഘാടനം ചെയ്തു. സബ് സെന്ററിന്റെ ഉദ്ഘാടനം റോജി എം. ജോൺ എംഎൽഎ നിർവഹിച്ചു. 68 ലക്ഷം രൂപ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി പഞ്ചായത്തിന്റെ തനത് പ്ലാൻ ഫണ്ടുകൾ ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരണം നടത്തിയത്. എച്ച്എംസി ഫണ്ടായ അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് 17 നിരീക്ഷണ കാമറകളും ഇവിടെ സ്ഥാപിച്ചു. ആശ പ്രവർത്തകരെ മുൻ എംഎൽഎ പി.ജെ. ജോയി ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി അധ്യക്ഷത വഹിച്ചു. തുറവൂർ ഗ്രാമത്തെ സമ്പൂർണ പുകയില രഹിത സ്കൂളുകളുള്ള പഞ്ചായത്തായി പ്രഖ്യാപിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി സെബാസ്റ്റ്യൻ, എം.പി. മാർട്ടിൻ, സിൻസി തങ്കച്ചൻ, സീന ജിജോ, ജിനി രാജീവ്, എം. എം. പരമേശ്വരൻ, എം. എസ്. ശ്രീകാന്ത്, വി.വി. രജ്ഞിത്ത് കുമാർ, ഷിബു പൈനാടത്ത്, സിനി സുനിൽ, സാലി വിൽസൺ,രജനി ബിജു, കെ. എസ്. സജി, ഡോ. ആരതി കൃഷ്ണൻ, പോൾ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു
District News
അങ്കമാലി: ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് (ലിംസാർ ) നടത്തുന്ന ഓപ്റ്റോമെട്രി, ഫിസിയോതെറാപ്പി, മെഡിക്കൽ ഫിസിയോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകളിലെ യുജി വിദ്യാർഥികളുടെയും പിജി വിദ്യാർഥികളുടെയും ബിരുദദാനം നടന്നു.
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല രജിസ്ട്രാർ പ്രഫ. ഡോ. എസ് . ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ എൽഎഫ് ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലാക്കപിള്ളി, ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊൻതേമ്പിള്ളി, എഡ്യൂക്കേഷണൽ ഡയറക്ടർ ഫാ. എബിൻ കളപുരക്കൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, കോളേജ് പ്രിൻസിപ്പൽ പ്രഫ. സെബാസ്റ്റ്യൻ ജെ. പെങ്ങിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
District News
ആലുവ: വായ്പാ തിരിച്ചടവു മുടങ്ങിയെന്ന പേരിൽ വീട് ജപ്തി ചെയ്തതിനെ തുടർന്ന് നാലംഗ കുടുംബം ബാങ്കിന് മുന്നിൽ കുത്തിയിരുന്നു. ആലുവയിൽ തുണിക്കട നടത്തുന്ന, ചാലക്കല്‍ എംഎല്‍എ പടിയില്‍ താമസിക്കുന്ന കുഴിക്കിട്ടുമാലി കെ.കെ. വൈരമണിയും ഭാര്യ യും രണ്ട് മക്കളുമാണ് ഇന്നലെ വൈകുന്നേരം മുതൽ ബാങ്കിന് മുന്നിൽ കുത്തിയിരിക്കുന്നത്.
വൈരമണിയുടെ അഞ്ച് സെന്റ് സ്ഥലവും വീടുമാണ് ആലുവ അർബൻ കോ-ഓപറേറ്റീവ് ബാങ്ക് ഇന്നലെ ഉച്ചയോടെ ജപ്തി ചെയ്തത്. നേരത്തെ രണ്ടു തവണ ജപ്തി നടപടി സ്വീകരിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് വീട് തുറക്കാൻ ബാങ്ക് അനുവദിച്ചിരുന്നു. തിരിച്ചടവ് മുടങ്ങിയതിനാൽ കഴിഞ്ഞ ഒക്ടോബർ 31ന് വീട് പൂട്ടി സീൽ ചെയ്തിരുന്നു. 13 ലക്ഷം രൂപ അടയ്ക്കണെമെന്നാണ് കേസ്.
എന്നാൽ തുകയൊന്നും അടയ്ക്കാതെ വന്നതോടെയാണ് ഇന്നലെ ജപ്തി ചെയ്തത്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം അഡ്വ. കമ്മീഷന് ഇത് മൂന്നാം വട്ടമാണ് ജപ്തി ചെയ്യുന്നത്. ഇത്തവണ സോഷ്യൽ ജസ്റ്റീസ് ക്ഷേമ വകുപ്പിന്റെ സാന്നിധ്യത്തില്‍ നോര്‍ത്ത് പറവൂരിലെ കേന്ദ്രത്തിലേക്ക് മകനോടും അമ്മയോടും താമസം മാറാന്‍ അഭ്യഥിച്ചതായി ജനറല്‍ മാനേജര്‍ ഷെല്ലി ജോസഫ് പറഞ്ഞു. ഇതിലെ ചെലവ് ബാങ്ക് വഹിക്കും. എന്നാല്‍ കുടുംബം തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്ത് ലക്ഷം രൂപ വായ്പ എടുത്ത ശേഷം 5.36 ലക്ഷം രൂപയാണ് ഇതുവരെ വൈരമണി തിരിച്ചടച്ചതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. 2020ന് ശേഷം തിരിച്ചടവ് മുടങ്ങിയതോടെ 2021ല്‍ 8.57 ലക്ഷമായി ഉയര്‍ന്നു.
2022ല്‍ ബാങ്ക് കോടതിയെ സമീപിച്ചപ്പോള്‍ അഡ്വ. കമ്മീഷനെ നിയമിച്ചു. 2023 ഓഗസ്റ്റിൽ വീടും സ്ഥലവും ജപ്തി ചെയ്തു. എന്നാല്‍ വാതിലിലെ സീലുകള്‍ നശിപ്പിച്ച് വൈരമണി വീട്ടില്‍ കയറി. വീണ്ടും കോടതിയെ സമീപിച്ച് അഡ്വ. കമ്മീഷനെ നിയമിച്ചാണ് ജപ്തി നടപടികള്‍ 2024 ഒക്ടോബര്‍ 31നും ഇന്നലെയും നടത്തിയതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
District News
ആലുവ: ആലുവ നഗരസഭാ ചെയർമാനും കോൺഗ്രസ് ഭരണസമിതി അംഗങ്ങളും രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ബിജെപിയുടെ മൂന്ന് വനിതാ കൗൺസിലർമാരെയും പാർലമെന്ററി പാർട്ടി നേതാവ് എൻ. ശ്രീകാന്തിനെയും കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ മർദിച്ചതായി ആരോപണം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കൗൺസിലർമാർ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ചെയർമാൻ എം.ഒ. ജോണിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയ കൗൺസിലർമാരെയാണ് യാതൊരു പ്രകോപനവുമില്ലാതെ കോൺഗ്രസ് കൗൺസിലർമാർ മർദിച്ചതെന്ന് കൗൺസിലർമാരായ ശ്രീകാന്തും ശ്രീലത രാധാകൃഷ്ണനും പ്രീതയും ഇന്ദിരയും ആരോപിച്ചു. ബിജെപി കൗൺസിലർമാരെ ആക്രമിച്ച കോൺഗ്രസ് കൗൺസിലർമാർക്ക് തദ്ദേശ തെരഞ്ഞടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും കോൺഗ്രസിന്റെ അഴിമതി ഭരണത്തെ ഇല്ലായ്മ ചെയ്യാൻ ജനാധിപത്യ സമരങ്ങളുമായി ഇനിയും ബിജെപി രംഗത്ത് വരുമെന്നും ബിജെപി മുനിസിപ്പൽ സമിതി പ്രസിഡന്റ് ആർ. പത്മകുമാർ പ്രസ്താവനയിൽ അറിയിച്ചു.
District News
കരുമാലൂർ: കരുമാലൂർ ആശുപത്രിപ്പടി പ്രദേശങ്ങളിൽ വീണ്ടും മോഷണം. ആശുപത്രിപ്പടി കാഞ്ഞിരക്കാട്ടിൽ മിനി ബാബുവിന്റെ വീട്ടിലാണ് മോഷ്ടാക്കളെത്തിയത്. കഴിഞ്ഞദിവസം രാത്രിയാണു സംഭവം. വീടിന്റെ പിറകിലെ വാതിൽ കമ്പിപ്പാര ഉപയോഗിച്ചു കുത്തിപ്പൊളിച്ചാണു മോഷ്ടാക്കൾ അകത്തു കടന്നത്. പഴയ ഓട്ടുപാത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗ്യാസ് അടുപ്പ് തുടങ്ങിയവ നഷ്ടപ്പെട്ടതായി ഇന്നലെ ആലങ്ങാട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ബന്ധുക്കൾ വന്നു നോക്കിയപ്പോഴാണു പുറകിലെ വാതിൽ പൊളിച്ച നിലയിൽ കണ്ടത്. സമീപത്തായി പാരയും കിടപ്പുണ്ടായിരുന്നു. കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ വാട്ടർ മീറ്റിറിന്റെ ചെമ്പു കമ്പികൾ കഴിഞ്ഞദിവസം അറുത്തു മുറിച്ചു കൊണ്ടുപോയി.
അടിക്കടി മോഷണങ്ങൾ പെരുകിയതോടെ നാട്ടുകാർ ഭീതിയിലാണ്. കഴിഞ്ഞദിവസം മോഷണക്കേസിൽ ഇതര സംസ്ഥാനത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ഉമാമഹേശ്വരി ക്ഷേത്രത്തിൽ നിന്നും രണ്ട് ലക്ഷം രൂപ വിലവരുന്ന നിലവിളക്കുകൾ , ഓട്ടുരുളി, ചെമ്പ് പാത്രങ്ങൾ, കുടങ്ങൾ എന്നിവ മോഷ്ടിക്കുകയായിരുന്നു. ആലങ്ങാട് പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഞാറക്കൽ താലൂക്ക് ആശുപത്രി കെട്ടിടത്തിനു നമ്പർ ഇട്ടവകയിൽ സ്വകാര്യ വ്യക്തിക്ക് വൻ തുക നൽകുന്നതുമായി ബന്ധപ്പെട്ട വിവാദം വീണ്ടും പുകയുന്നു.
പണം നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംഒയ്ക്ക് പരാതി നൽകാൻ ഇന്നലെ ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ചില ഇടത് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും എടുത്ത തീരുമാനതിനെതിരെ പ്രതിപക്ഷമായ കോൺഗ്രസും ആശുപത്രി സൂപ്രണ്ടും വിയോജിച്ചതോടെയാണ് വിവാദം വീണ്ടും പുകയാനിടയായത്.
നിയമപരമായ നടപടികൾ പൂർത്തിയാക്കാതെ ചെയ്ത പ്രവർത്തിക്ക് പണം നൽകേണ്ടെതില്ലെന്നതാണ് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷത്തിന്റെ ആവശ്യം. നാലു മാസങ്ങൾക്കു മുമ്പ് ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനവും ഇതുതന്നെയാണ്. ഇതിനിടെയാണ് ഇന്നലെ ഈ ഭരണസമിതിയുടെ അവസാനത്തെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ അജണ്ട വെക്കാതെ തന്നെ വിഷയം ചർച്ചക്കു വന്നത്. ഇതിൽ ദുരൂഹതയുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഗസ്റ്റിൻ മണ്ടോത്ത് ആരോപിച്ചു.
District News
കൊച്ചി: കളമശേരി ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇവി സര്‍വീസിംഗ് ആന്‍ഡ് മെയ്ന്റനന്‍സ് കോഴ്സിന്റെ ഉദ്ഘാടനവും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച അഡ്വാന്‍സ്ഡ് ലേസര്‍ വെല്‍ഡിംഗ് ആന്‍ഡ് ബ്ലാസ്റ്റിംഗ് മെഷീന്റെ പ്രവര്‍ത്തനോദ്ഘാടനവും വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രിന്‍സിപ്പലുമായ ഫാ. ആന്റണി ഡോമിനിക് ഫിഗരേദൊ, ഡോ. സായ് ശ്യാം നാരായണന്, ഡിവൈസ് ഇലക്ട്രോണിക്സ് എംഡി ശേഖര്‍ മലാനി, ഗവ. പോളിടെക്നിക് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രഞ്ജിത് ആര്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
ആലുവ: രണ്ടര പതിറ്റാണ്ട് മുമ്പ് അടച്ചുപൂട്ടിയ ആലുവ കോട്ടൺ മിൽ കമ്പനി വളപ്പിലെ ഗണപതി കോവിൽ ജെസിബി ഉപയോഗിച്ച് പൊളിക്കുന്നത് വിശ്വാസികൾ തടഞ്ഞു. പോലീസ് ജെസിബി കസ്റ്റഡിയിലെടുക്കുകയും കമ്പനിയുടെ ഗേറ്റ് താഴിട്ട് പൂട്ടുകയും ചെയ്തു.
ആലുവ കാസിനോ തീയേറ്ററിന് സമീപം പ്രവർത്തനം നിലച്ച കാത്തായി കോട്ടൺ മിൽ വളപ്പിൽ ഉണ്ടായിരുന്ന ഗണപതി കോവിലാണ് ഇന്നലെ ഉച്ചതിരിഞ്ഞ് ജെസിബി ഉപയോഗിച്ച് പൊളിച്ചുതുടങ്ങിയത്. കോൺക്രീറ്റ് ഇളക്കുന്ന ശബ്ദം കേട്ടവരാണ് ഓടി എത്തി പരിസരവാസികൾ തടഞ്ഞത്. പിന്നാലെ ആലുവ പോലീസും എത്തി.
പൊളിക്കാൻ കരാറെടുത്ത പെരുമ്പാവൂർ സ്വദേശി സിറാജിനോട് ഭൂമിയുടെ രേഖകൾ ഇന്ന് ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിക്ക് കാത്തായി കമ്പനി സ്ഥലം വിൽപ്പന നടത്തുമ്പോൾ ക്ഷേത്രം ഇരിക്കുന്ന 15 സെന്റ് ഭൂമി ഒഴിവാക്കിയിരുന്നതായി വിശ്വാസികൾ പറഞ്ഞു .
എല്ലാവർഷവും ഒന്നര കിലോമീറ്റർ അകലെയുള്ള ചെമ്പകശേരി കിഴക്കുംവേലി ഭഗവതി ക്ഷേത്രം ഉത്സവത്തിന് താലപ്പൊലി ആരംഭിക്കുന്നത് കാത്തായി കമ്പനിയിലെ ഗണപതി കോവിലിൽ നിന്നുമാണ്. പറ നിറച്ച്, ശ്രീകോവിലിനകത്ത് വിളക്ക് തെളിച്ച ശേഷമാണ് താലപ്പൊലി തുടങ്ങാറ്. കഴിഞ്ഞ ജനുവരിയിലും ഉത്സവം ഇതേ പ്രകാരമാണ് നടന്നത്. കമ്പനി പ്രവർത്തിച്ചിരുന്നപ്പോൾ നിത്യപൂജ ഉണ്ടായിരുന്നു. സ്ഥലം ജപ്തി നടപടി വന്നപ്പോഴാണ് പൂജകൾ മുടങ്ങിയത്.
District News
പാലക്കുഴ: പാലക്കുഴ പഞ്ചായത്തിൽ മോഷ്ടാക്കളുടെ ശല്യം വ്യാപകമാകുന്നു. സോഫിയ ജംഗ്ഷൻ, എംസി കവല തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലാണ് മോഷണ ശ്രമം നടന്നത്. എംസി കവലയിൽ പാറയ്ക്ക നിരപ്പേൽ ശശിയുടെ ഭവനത്തിൽ ഇന്നലെ പുലർച്ചെ ഒന്നോടെ മോഷ്ടാവ് എത്തി കിടപ്പുമുറിയുടെ ജനൽ പാളി തുറന്ന് കൈയെത്തിച്ച് മാല മോഷ്ടിക്കാൻ ശ്രമിച്ചു.
മോഷണം അറിഞ്ഞ് ഉണർന്ന വീട്ടമ്മ മാലയിൽ പിടിത്തമിട്ടതിനാൽ കാൽ ഭാഗം മാത്രമാണ് നഷ്ടമായത്. വീടിന്റെ ജനൽ പാളികളിലെ കൊളുത്ത് ഊരിമാറ്റിയ നിലയിലാണ്. മുൻ ദിവസങ്ങളിൽ മോഷ്ടാവ് ഇവിടെ എത്തി ജനലിന്റെ കൊളുത്തുകൾ ഊരി മാറ്റിയിരിക്കാം എന്നാണ് സംശയിക്കുന്നത്.
സോഫിയ ജംഗ്ഷനിൽ മൂന്നു വീടുകളിലാണ് മോഷ്ടാവ് എത്തിയത്. കരിമ്പനക്കൽ മോഹനന്റെ ഭവനത്തിൽ കയറിയ മോഷ്ടാവിനെ കണ്ട് വീട്ടുകാർ ബഹളം വച്ചതിനാൽ ഇയാൾ ഓടി രക്ഷപെട്ടു. ചെമ്മനാപാടത്ത് കെ. ഉലഹന്നന്റെ വീടിന്റെ രണ്ടാം നിലയിലും കള്ളൻ കയറി.
വീട്ടുകാർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ചാടി രക്ഷപെടുകയായിരുന്നു. കഴിഞ്ഞയാഴ്ച പാലക്കുഴ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഗ്രിഗോറിയോസ് ചാപ്പലിലും മോഷണം നടന്നു. പാലക്കുഴ കവലയിലും പരിസരത്തും പല വീടുകളിലും മോഷ്ടാക്കൾ എത്തുന്നതായി ആളുകൾ പറയുന്നു. പോലീസ് രാത്രികാല പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
District News
മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയിലെ വിവിധ യൂണിറ്റുകളിലെ അംഗങ്ങളുടെ മക്കളിൽനിന്ന് വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു. സമിതിയുടെ ജില്ലാ അധ്യക്ഷൻ പി.സി. ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എംപി അക്കാഡമിക് അവാർഡ് വിതരണം ചെയ്തു. വ്യാപാരികൾക്കെതിരായ സർക്കാർ തീരുമാനങ്ങൾ പ്രതിഷേധിച്ച് പ്രമേയം പാസാക്കി.
പേഴയ്ക്കാപ്പിള്ളി വ്യാപാര ഭവനിൽ കൂടിയ കൗൺസിൽ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. കബീർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി രാമചന്ദ്രൻ പല്ലാരിവട്ടം, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്കിയത്ത്, ജില്ലാ ട്രഷറർ സി.എസ്. അജ്മൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ചെറിയാൻ, ജില്ലാ വൈസ് പ്രസിഡന്റ് ജോസ് മേലേത്ത്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജഹാൻ അബ്ദുൽ ഖാദർ, വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് സുലേഖ അലിയാർ തുടങ്ങിയവർ പങ്കെടുത്തു.
District News
കൂത്താട്ടുകുളം: മേഖലയിൽ ഇഎസ്ഐ ഡിസ്പെൻസറി ആരംഭിക്കുന്നതിനു സ്ഥലം കണ്ടെത്താൻ ഇഎസ്ഐ കോർപറേഷൻ അറിയിപ്പ് നൽകി. 30 ദിവസത്തിനുള്ളിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനാണ് നിർദേശം. 2,150 സ്ക്വയർ ഫീറ്റിൽ കുറയാതെയുള്ള, ഡിസ്പെൻസറി പ്രവർത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങളുള്ള കെട്ടിടമാണ് ആവശ്യം. ഇതിനായി പ്രവർത്തനം നിലച്ച കൂത്താട്ടുകുളത്തെ ആശുപത്രികൾ ഉൾപ്പെടെ ഉള്ളവ പരിഗണിക്കുന്നുണ്ട്. നഗരസഭ മുൻകൈയെടുത്ത് സ്ഥലം കണ്ടത്തി നൽകുമെന്ന് നഗരസഭാധ്യക്ഷ കലാ രാജു, വൈസ് ചെയർമാൻ പി.ജി.സുനിൽകുമാർ എന്നിവർ പറഞ്ഞു.
2016ൽ നഗരസഭ ചെയർമാനായിരുന്ന പ്രിൻസ് പോൾ ജോൺ നൽകിയ നിവേദനത്തെ തുടർന്നാണ് കൂത്താട്ടുകുളത്ത് ഇഎസ്ഐ ഡിസ്പെൻസറിക്കുള്ള നടപടികൾ ആരംഭിച്ചത്. 2017ൽ സംസ്ഥാനത്ത് ഏഴ് ഇടങ്ങളിൽ ഡിസ്പെൻസറി അനുവദിച്ചു. കൂത്താട്ടുകുളത്ത് മൂന്ന് ഡോക്ടർമാരും മറ്റിടങ്ങളിൽ രണ്ട് ഡോക്ടർമാരും ഉൾപ്പെടുന്ന ഇഎസ്ഐ ഡിസ്പെൻസറിക്കാണു അനുമതി ലഭിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും തുടർനടപടി ഉണ്ടായില്ല.
പുതിയ നിയമനം നടത്താൻ ധനകാര്യ വകുപ്പ് അനുമതി നൽകാത്തതിനാലാണു എട്ട് വർഷത്തോളം നടപടികൾ വൈകിയത്. നഗരസഭാധ്യക്ഷ കല രാജു, വൈസ് ചെയർമാൻ പി.ജി. സുനിൽകുമാർ എന്നിവർ ഇടപെടൽ നടത്തിയിരുന്നു. കൂത്താട്ടുകുളത്തുനിന്നും 17 കിലോമീറ്റർ അപ്പുറം മൂവാറ്റുപുഴയിലാണ് ഇപ്പോൾ മറ്റൊരു ഇഎസ്ഐ ഡിസ്പെൻസറി ഉള്ളത്. കൂത്താട്ടുകുളത്ത് ഇഎസ്ഐ ഡിസ്പെൻസറി യാഥാർഥ്യമാകുന്നതോടെ മേഖലയിൽ ഇഎസ്ഐ ആനുകൂല്യമുള്ള ജീവനക്കാർക്ക് ഇതുവഴി ചികിത്സാ സൗകര്യം ലഭിക്കും. സാധാരണക്കാർക്കും ഡിസ്പെൻസറി പ്രയോജനപ്പെടും
District News
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് പുതിയ ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി പി. രാജീവ് നിർവഹിച്ചു. ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. എഫ്ഐടി ചെയർമാൻ ആർ. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, വൈസ് പ്രസിഡന്റ് ശോഭ വിനയൻ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനു വിജയനാഥ്, എം.എ. മുഹമ്മദ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മാരായ എം.എം. അലി, മൃദുല ജനാർദ്ദനൻ, എൻ.ബി. ജമാൽ എന്നിവർ പങ്കെടുത്തു. 2.87 കോടി രൂപ ചെലവിലാണ് പുതിയ ഓഫീസ് മന്ദിരം നിർമിക്കുന്നത്. അതിദാരിദ്ര മുക്ത പഞ്ചായത്തായി മന്ത്രി പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ അഞ്ചുവർഷക്കാലത്തെ വികസനരേഖയുടെ പ്രകാശനവും നിർവഹിച്ചു.
District News
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കീരംപാറ പഞ്ചായത്തിൽ സംഘടിപ്പിച്ച അമ്മമാരെ ആദരിക്കൽ ചടങ്ങ് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. എന്റെ നാട് പഞ്ചായത്ത്തല പ്രസിഡന്റ് വി.ജെ. മത്തായി അധ്യക്ഷത വഹിച്ചു.
കീരംപാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് മാമച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, അജി എൽദോസ്, പി.എ. പാദുഷ, പാലിയേറ്റിവ് ട്രസ്റ്റ് സെക്രട്ടറി സണ്ണി വർക്കി, വാർഡ് മെമ്പർ സാന്റി ജോസ് എന്നിവർ പ്രസംഗിച്ചു.
District News
കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ പൂതൃക്ക പഞ്ചായത്തിൽ മുവാറ്റുപുഴയാറിന് കുറുകെ നിർമിക്കുന്ന തമ്മാനിമറ്റം തൂക്കുപാലത്തിന്റെ നിർമാണോദ്ഘാടനം പി.വി. ശ്രീനിജിൻ എംഎൽഎ നിർവഹിച്ചു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കുമ്മണ്ണൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ റെജി, പഞ്ചായത്തംഗങ്ങളായ എൻ.വി. കൃഷ്ണൻകുട്ടി, ടി.പി. വർഗീസ്, സംഗീത ഷൈൻ, ജിംസി മേരി വർഗീസ്, വിവിധ കക്ഷി നേതാക്കളായ കെ.കെ. ഏലിയാസ്, എം.എൻ. മോഹനൻ, എം.എൻ. അജിത്ത്, മോളി വർഗീസ് എന്നിവർ സംസാരിച്ചു.
5.37 കോടി ചെലവഴിച്ചാണ് പുതിയ തൂക്കുപാലം നിർമിക്കുന്നത്. കുന്നത്തുനാട് മണ്ഡലത്തിലെ പൂതൃക്ക പഞ്ചായത്തിനെയും പിറവം മണ്ഡലത്തിലെ രാമമംഗലം പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. 2018 ലെ പ്രളയത്തിൽ തകർന്ന തൂക്കു പാലത്തിന്റെ പുനർനിർമാണം നിരവധി സാങ്കേതിക പ്രശ്നങ്ങളാൽ പ്രതിസന്ധി നേരിട്ടിരുന്നു. എംഎൽഎയുടെ ഇടപെടലിനെത്തുടർന്നാണ് പുനർനിർമാണത്തിനായി സജ്ജമായത്. സിവിൽ വർക്കിന് രണ്ട് കോടിയും മെക്കാനിക്കൽ വർക്കിന് 3.21 കോടി രൂപയും പഴയ പാലത്തിന്റെ അവശിഷ്ടം മാറ്റുന്നതിന് 16 ലക്ഷം രൂപയും അടക്കമാണ് അഞ്ചുകോടി 37 ലക്ഷം അനുവദിച്ചിട്ടുള്ളത്. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് എംഎൽഎ അറിയിച്ചു.
District News
കോതമംഗലം: കേരളത്തിലെ നിർമാണ രംഗത്തെ സാങ്കേതിക വിദഗ്ധരായ എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ 14-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കോതമംഗലം ഏരിയാ സമ്മേളനം നാളെ നടക്കും.
രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം അഞ്ച് വരെ നെല്ലിക്കുഴി സെൻഹ അരിന കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ മുഖ്യപ്രഭാഷണം നടത്തും. ലെൻസ്ഫെഡ് ഏരിയാ പ്രസിഡന്റ് ഒ.ജി. സോമൻ അധ്യക്ഷത വഹിക്കും.
ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. നിർമാണ മേഖലയിലെ വിവിധ ഉത്പന്നങ്ങളെ പരിചയപ്പെടുത്തിയുള്ള മിനി ബിൽഡ് എക്സ്പോയും നടത്തും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.