പുൽപ്പള്ളി: കൊളവള്ളി അംബേദ്കർ കോളനിയിൽ എട്ടുവർഷം മുൻപ് നിർമിച്ച വീടുകളുടെ നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നിർമാണ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ സ്ഥാപനത്തിന് മുന്നിൽ കൊളവള്ളി അംബേദ്കർ കോളനിയിലെ ഗോത്രകുടുംബങ്ങൾ ഇന്നലെ സമരം ആരംഭിച്ചു.
കോളനിയിലെ നിർമാണം പൂർത്തിയാക്കാതെ ഉപേക്ഷിച്ച വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ കരാറുകാരൻ തയാറാകണമെന്നാവശ്യപ്പെട്ടാണ് പുൽപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്തുള്ള വ്യാപാര സ്ഥാപനത്തിന് മുന്നിൽ സമരം ആരംഭിച്ചത്. ഗോത്രവനിതകളടക്കമുള്ളവരുടെ നേതൃത്വത്തിൽ വൈകുന്നേരത്തോടെയാണ് സമരം ആരംഭിച്ചത്.
പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും വീട് നിർമാണം പൂർത്തിയാക്കാനാവശ്യമായ ഉറപ്പ് ലഭിച്ചെങ്കിൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ഉന്നതിയിലെ കുടുംബങ്ങൾ. ഉന്നതിയിൽ മാത്രം 12 ഓളം വീടുകളാണ് തറയിലും ചുമരിലുമായി പണി പൂർത്തിയാകാതെ കിടക്കുന്നത്. സ്ഥലത്ത് പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.
Tags : nattuvishesham local