കൊട്ടിയം: ഡോൺ ബോസ്കോ കോളജ് കാന്പസിലെ ഹൈടെക് കൃഷി സസ്യലയം ആരെയും ആകർഷിക്കും. മഞ്ഞും മഴയും വെയിലും കാറ്റുമൊന്നും പ്രതികൂലമായി ബാധിക്കാതെ ലാഭകരമായി കൃഷി ചെയ്യാമെന്നു തെളിയിക്കുകയാണ് കൊട്ടിയം ഡോൺബോസ്കോ കോളജിലെ പോളിഹൗസ്. ചെടികളുടെ ആഢംബര വീടായി ഇവിടെ പോളിഹൗസ് മാറുന്നു. സമയാസമയം വെള്ളം, വളം, മഞ്ഞുമഴ അങ്ങനെ പലതും ചെടികളെ തേടിയെത്തും. കൃത്യമായ ശുശ്രൂഷ, പരിചരണം, വെയിലേറ്റു വാടേണ്ട, ഈച്ച ശല്യമോ പുഴക്കുത്തോ ഇല്ല. കോളജ് എൻഎസ്എസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പോളിഹൗസിന്റെയും കൃഷിയുടേയും മേൽനോട്ടം ഡയറക്ടർ റവ. ഡോ. ബോബി കണ്ണേഴത്ത് എസ്ഡിബിയ്ക്കും അഡ്മിനിസ്ട്രറ്റർ ഫാ. ലിജോ കളന്പാടൻ എസ്ഡിബിയ്ക്കുമാണ്.
പച്ചവിരിച്ച എട്ടേക്കർ ഭൂമിയ്ക്കു നടുവിൽ രണ്ടുസെന്റ് ഭൂമിയിലാണ് പോളിഹൗസ് സ്ഥിതി ചെയ്യുന്നത്. കോളജിന്റെ മാനേജ്മെന്റ് സാരഥികളായ എട്ടുവൈദികരും രണ്ട് ബ്രദർമാരും താമസിക്കുന്നതും ഈ കാന്പസിലെ കെട്ടിടത്തിലാണ്. ഇവർക്ക് ആവശ്യമായ പച്ചക്കറി മാത്രമല്ല, ഹോസ്റ്റലിലേക്കുള്ള പച്ചക്കറിയും ഈ പോളിഹൗസിൽനിന്നും കൃഷിയിടത്തിൽനിന്നുമാണ് ലഭിക്കുന്നത്.
ചൂടിന്റെയും ഈർപ്പത്തിന്റേയുമെല്ലാം വ്യതിയാനം ഏറെ ബാധിക്കാത്ത വിളയിനങ്ങളാണ് തെരഞെടുത്തിരിക്കുന്നത്. പോളിഹൗസിൽ ആനക്കൊന്പൻഇനത്തിലുള്ള വെണ്ട,മുളക്, വഴുതന, പയർ, തക്കാളി, ചീര എന്നിവ കൃഷി ചെയ്തിരിക്കുന്നു. കൃത്യമായ വളവും വെള്ളവും നൽകാൻ ഇന്‍ലൈന്‍ ഡ്രിപ്പറുമുണ്ട്. വളം വെള്ളത്തോടു ലയിപ്പിച്ചു വിടുന്ന ഇന്‍ലൈന്‍ ഫെര്‍ട്ടിഗേഷനും ഇവിടെയുണ്ട്. ഒരു ചെടിക്ക് വേനല്‍ക്കാലത്ത് അര ലിറ്റര്‍ മുതല്‍ ഒരു ലിറ്റര്‍ വരെയേ വെള്ളം ആവശ്യമുള്ളുവെന്നും ലിജോ അച്ചൻ പറയുന്നു.
പോളിഹൗസ് കടന്നു കൃഷിഭൂമിയിലേക്കിറങ്ങിയാൽ മൂന്നര ഏക്കറിൽ കശുമാവുതോട്ടമാണ്. ബാക്കിഭൂമിയിൽ നേരത്തെ വിളവ് തരുന്നതും ഉയർന്ന ഉത്പാദനക്ഷമതയുള്ളതുമായ റെഡ് ലേഡി പപ്പായ മരങ്ങൾ പഴങ്ങളുമായി നിറഞ്ഞുനിൽക്കുന്നു. വാഴ,കടപ്ലാവ്, നാരകം, തെങ്ങ് തുടങ്ങിയവയും ഫലങ്ങൾ നൽകി നിൽക്കുന്നു. വാണിജ്യാടിസ്ഥാനത്തിലല്ല ഇവിടെ കൃഷി ചെയ്യുന്നത്. ജൈവകൃഷിരീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. മരുന്നടിക്കാത്ത പച്ചക്കറികൾ ആവശ്യത്തിലധികം ലഭിക്കുന്നുവെന്നതാണ് ഇവിടുത്തെ കൃഷിയുടെ ഫലം.
Tags : agriculture nattuvishesham local