പുൽപ്പള്ളി: പാക്കം കുറുവ ഇക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു.
മാലിന്യ മുക്ത പരിസരം, ജൈവ, അജൈവ മാലിന്യ സംസ്കരണ ഉപാധികൾ, ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങൾ, ശുചിമുറി ശുചിത്വം, ഹരിത പ്രോട്ടോകോൾ പാലിക്കൽ, ജല ലഭ്യത, ഗ്രീൻ ചെക്ക്പോസ്റ്റ് തുടങ്ങിയ മാനദണ്ഡങ്ങൾ പാലിച്ചാണ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്.
പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത്, ഹരിത കേരളം മിഷൻ, കുറുവ ഇക്കോ ടൂറിസം കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പുൽപ്പള്ളി ഗ്രാമപ്പപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഹരിത ടൂറിസം പ്രഖ്യാപനം നിർവഹിച്ച് സാക്ഷ്യപത്രം കൈമാറി.ടൂറിസ്റ്റുകൾക്ക് പരിസ്ഥിതി സൗഹൃദ അനുഭവം ഉറപ്പാക്കുന്നതിന് സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളുമായിരിക്കും ജീവനക്കാർ നൽകുന്നത്.
പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണ പൊതികൾ തുടങ്ങിയവ ദ്വീപിൽ പൂർണമായി നിരോധിക്കുകയും പരിശോധനയ്ക്ക് ഗ്രീൻ ചെക്ക്പോസ്റ്റ് സംവിധാനം സജ്ജീകരിച്ചിക്കുകയും ചെയ്തു.
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കിയ കാന്പയിനിലൂടെ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ വൈൽഡ് ലൈഫ് വാർഡന്റെ പരിധിയിലുള്ള എല്ലാ ടൂറിസം കേന്ദ്രങ്ങളും ഇതോടെ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.
ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ. സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാജീവ് കുമാർ, പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജയസുധ, അസിസ്റ്റന്റ് സെക്രട്ടറി ഷീന, ഹെൽത്ത് ഇൻസ്പെക്ടർ ഷാരിഷ്, വിഎസ്എസ് പ്രസിഡന്റ് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.