പാലക്കുഴ: പാലക്കുഴ പഞ്ചായത്തിൽ മോഷ്ടാക്കളുടെ ശല്യം വ്യാപകമാകുന്നു. സോഫിയ ജംഗ്ഷൻ, എംസി കവല തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലാണ് മോഷണ ശ്രമം നടന്നത്. എംസി കവലയിൽ പാറയ്ക്ക നിരപ്പേൽ ശശിയുടെ ഭവനത്തിൽ ഇന്നലെ പുലർച്ചെ ഒന്നോടെ മോഷ്ടാവ് എത്തി കിടപ്പുമുറിയുടെ ജനൽ പാളി തുറന്ന് കൈയെത്തിച്ച് മാല മോഷ്ടിക്കാൻ ശ്രമിച്ചു.
മോഷണം അറിഞ്ഞ് ഉണർന്ന വീട്ടമ്മ മാലയിൽ പിടിത്തമിട്ടതിനാൽ കാൽ ഭാഗം മാത്രമാണ് നഷ്ടമായത്. വീടിന്റെ ജനൽ പാളികളിലെ കൊളുത്ത് ഊരിമാറ്റിയ നിലയിലാണ്. മുൻ ദിവസങ്ങളിൽ മോഷ്ടാവ് ഇവിടെ എത്തി ജനലിന്റെ കൊളുത്തുകൾ ഊരി മാറ്റിയിരിക്കാം എന്നാണ് സംശയിക്കുന്നത്.
സോഫിയ ജംഗ്ഷനിൽ മൂന്നു വീടുകളിലാണ് മോഷ്ടാവ് എത്തിയത്. കരിമ്പനക്കൽ മോഹനന്റെ ഭവനത്തിൽ കയറിയ മോഷ്ടാവിനെ കണ്ട് വീട്ടുകാർ ബഹളം വച്ചതിനാൽ ഇയാൾ ഓടി രക്ഷപെട്ടു. ചെമ്മനാപാടത്ത് കെ. ഉലഹന്നന്റെ വീടിന്റെ രണ്ടാം നിലയിലും കള്ളൻ കയറി.
വീട്ടുകാർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ചാടി രക്ഷപെടുകയായിരുന്നു. കഴിഞ്ഞയാഴ്ച പാലക്കുഴ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഗ്രിഗോറിയോസ് ചാപ്പലിലും മോഷണം നടന്നു. പാലക്കുഴ കവലയിലും പരിസരത്തും പല വീടുകളിലും മോഷ്ടാക്കൾ എത്തുന്നതായി ആളുകൾ പറയുന്നു. പോലീസ് രാത്രികാല പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags : police nattuvishesham local