വൈപ്പിൻ: കായംകുളം ഭാഗത്ത് മത്സ്യബന്ധന ബോട്ട് കടലിൽ മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന 10 മത്സ്യത്തൊഴിലാളികളിൽ വൈപ്പിൻ കുഴുപ്പിള്ളി ചെറുവൈപ്പ് സ്വദേശിയായ ഒരാളെ കാണാതായി.
കാരായിത്തറ വീട്ടിൽ ചന്ദ്രൻ മകൻ ശക്തി കുമാറി (55)നെയാണ് കാണാതായത്. മുങ്ങിയ ബോട്ടിൽ നിന്നു കടലിൽ നീന്തിയ ചെറുവൈപ്പ് സ്വദേശികളായ രാഹുൽ, യദു എന്നിവർ ഉൾപ്പെടെ ഒമ്പത് തൊഴിലാളികളെ മറ്റൊരു ബോട്ട് രക്ഷപ്പെടുത്തി ശക്തികുളങ്ങരയിൽ എത്തിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കായംകുളം ഭാഗത്ത് 32 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. നീണ്ടകര സ്വദേശി ജോണിന്റെ ഉടമസ്ഥതയിലുള്ള മഹത്വം -1 എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് മലയാളികളെ കൂടാതെ ഏഴു തമിഴ്നാട് സ്വദേശികളാണ് ഉണ്ടായിരുന്നത്. മത്സ്യബന്ധനം നടത്തുന്നതിനിടെ ബോട്ടിന്റെ അടിത്തട്ട് തകർന്ന് വെള്ളം കയറിയാണ് മുങ്ങിയത്.
മുങ്ങുന്നതിനിടയിൽ തൊഴിലാളികൾ നൽകിയ വയർലെസ് സന്ദേശത്തെ തുടർന്ന് കുറച്ച് അകലെ മാറി മത്സ്യബന്ധനം നടത്തിവന്നിരുന്ന ആവില -1 എന്ന ബോട്ടാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
പൂർണമായി മുങ്ങിയ ബോട്ടിൽ നിന്ന് ഒരാൾ ഒഴികെ ഒമ്പതു പേരെയും രക്ഷപ്പെടുത്തി ശക്തികുളങ്ങര ഹാർബറിൽ എത്തിക്കുകയായിരുന്നു. കാണാതായ ശക്തികുമാറിനു വേണ്ടി തെരച്ചിൽ നടക്കുന്നുണ്ട്.
Tags : Fishing boat nattuvishesham local