പരവൂർ : പരവൂർ ഒല്ലാൽ റെയിൽവെ ലെവൽക്രോസിൽ മേൽപ്പാലം നിർമാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
പ്രാരംഭ നടപടികളുടെ ഭാഗമായി നിർവഹണച്ചുമതല വഹിക്കുന്ന സ്ഥാപനമായ ആർ ബി ഡി സി കെ കൊല്ലം ജില്ലാ കളക്ടർക്ക് അർഥനാ പത്രം സമർപ്പിച്ചു. മേൽപ്പാലം നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി ആവശ്യമാണ്.
പരവൂർ, കോട്ടപ്പുറം വില്ലേജുകളിലായി ബ്ലോക്ക് 33,34 എന്നിവയിലായി വിവിധ സർവേ നമ്പറുകളിൽ ഉൾപ്പെട്ട ഏകദേശം 87.20 ആർ (0.8720 ഹെക്ടർ) സ്ഥലമാണ് ഒല്ലാൽ മേൽപാലം നിർമാണത്തിനായി ഏറ്റെടുക്കേണ്ടത്.
ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കളക്ടർ നൽകി ഭരണാനുമതി നേടുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സ്ഥലമേറ്റെടുക്കുന്നതിന് സ്പെ ഷൽ തഹസീൽദാറെ നിയമിച്ച് പാലത്തിന്റെ അലൈൻമെന്റ് അതിർത്തികളിൽ സർവ്വേ നടത്തി കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും ഉടനുണ്ടാകും.
പരവൂർ ഒല്ലാൽ റെയിൽവേ മേൽപാലത്തിന്റെ പുതുക്കിയ അലൈൻമെന്റിന് സെപ്റ്റംബർ ആദ്യവാരം റയിൽവെ അംഗീകാരം നൽകിയിരുന്നു. അതിനു ശേഷം ആർബിഡിസി കെ സ്ഥലമേറ്റെടുക്കലിനായി രൂപരേഖ തയാറാക്കി അംഗീകാരം നേടിയിരുന്നു. അതിനെ തുടർന്നാണ് ജില്ലാകളക്ടർക്ക് മേൽപ്പാലം നിർമാണത്തിനായുള്ള സ്ഥലമേറ്റെടുക്കുന്നതിന് അർഥനാ പത്രം നൽകിയിട്ടുള്ളതെന്ന് ജി.എസ്. ജയലാൽ എംഎൽഎ അറിയിച്ചു.
Tags : nattuvishesham local