കോതമംഗലം: എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേളയും വൊക്കേഷണൽ സ്കിൽ ഫെസ്റ്റും നാളെ കോതമംഗലത്ത് ആരംഭിക്കും. നാളെ രജിസ്ട്രേഷനും 31, ഒന്ന് തീയതികളിൽ മത്സരങ്ങളും നടക്കും.
എറണാകുളം, ഇടുക്കി ജില്ലകളിലെ വൊക്കേഷണൽ വിദ്യാർഥികളുടെ വൊക്കേഷണൽ സ്കിൽ ഫെസ്റ്റ് കോട്ടപ്പടി മാർ ഏലിയാസ് സ്കൂളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ശാസ്ത്രമേള കോതമംഗലം സെന്റ് ജോർജ് എച്ച്എസ്എസിലും പ്രവൃത്തിപരിചയ ഐടി മേളകൾ മാർ ബേസിൽ എച്ച്എസ്എസിലും, സാമൂഹ്യ ശാസ്ത്രമേള ശോഭന എച്ച്എസിലും ഗണിത ശാസ്ത്ര മേള സെന്റ് അഗസ്റ്റ്യൻസ് എച്ച്എസ്എസിലും നടക്കും.
31 ന് രാവിലെ 10ന് മേളയുടെ ഉദ്ഘാടനം സെന്റ് അഗസ്റ്റ്യൻസ് സ്കൂളിൽ ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും. ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ കെ.കെ. ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷത വഹിക്കും. എംഎൽഎമാരായ മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി എന്നിവർ മുഖ്യാതിഥികളായിരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ സമ്മാനദാനം നിർവഹിക്കും. രണ്ട് ദിവസമായി നടക്കുന്ന മേളയിൽ എണ്ണായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കും. മത്സരവേദികളിൽ തന്നെ മത്സരാർഥികൾക്കുള്ള ഭക്ഷണ സൗകര്യവും ഏർപ്പെടുത്തും.
ഉച്ചവരെ മത്സരങ്ങളും ശേഷം പ്രദർശനവും നടക്കും. മേളയ്ക്കുള്ള ഒരുക്കൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ ആന്റണി ജോൺ എംഎൽഎ, ജില്ലാ വിദ്യാഭ്യസ ഓഫീസർ സുബിൻ പോൾ, പബ്ലിസിറ്റി കൺവീനർ സജി ചെറിയാൻ, സുനിത രമേശ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
Tags : Science Fair nattuvishesham local