ആലുവ: വായ്പാ തിരിച്ചടവു മുടങ്ങിയെന്ന പേരിൽ വീട് ജപ്തി ചെയ്തതിനെ തുടർന്ന് നാലംഗ കുടുംബം ബാങ്കിന് മുന്നിൽ കുത്തിയിരുന്നു. ആലുവയിൽ തുണിക്കട നടത്തുന്ന, ചാലക്കല്‍ എംഎല്‍എ പടിയില്‍ താമസിക്കുന്ന കുഴിക്കിട്ടുമാലി കെ.കെ. വൈരമണിയും ഭാര്യ യും രണ്ട് മക്കളുമാണ് ഇന്നലെ വൈകുന്നേരം മുതൽ ബാങ്കിന് മുന്നിൽ കുത്തിയിരിക്കുന്നത്.
വൈരമണിയുടെ അഞ്ച് സെന്റ് സ്ഥലവും വീടുമാണ് ആലുവ അർബൻ കോ-ഓപറേറ്റീവ് ബാങ്ക് ഇന്നലെ ഉച്ചയോടെ ജപ്തി ചെയ്തത്. നേരത്തെ രണ്ടു തവണ ജപ്തി നടപടി സ്വീകരിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് വീട് തുറക്കാൻ ബാങ്ക് അനുവദിച്ചിരുന്നു. തിരിച്ചടവ് മുടങ്ങിയതിനാൽ കഴിഞ്ഞ ഒക്ടോബർ 31ന് വീട് പൂട്ടി സീൽ ചെയ്തിരുന്നു. 13 ലക്ഷം രൂപ അടയ്ക്കണെമെന്നാണ് കേസ്.
എന്നാൽ തുകയൊന്നും അടയ്ക്കാതെ വന്നതോടെയാണ് ഇന്നലെ ജപ്തി ചെയ്തത്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം അഡ്വ. കമ്മീഷന് ഇത് മൂന്നാം വട്ടമാണ് ജപ്തി ചെയ്യുന്നത്. ഇത്തവണ സോഷ്യൽ ജസ്റ്റീസ് ക്ഷേമ വകുപ്പിന്റെ സാന്നിധ്യത്തില്‍ നോര്‍ത്ത് പറവൂരിലെ കേന്ദ്രത്തിലേക്ക് മകനോടും അമ്മയോടും താമസം മാറാന്‍ അഭ്യഥിച്ചതായി ജനറല്‍ മാനേജര്‍ ഷെല്ലി ജോസഫ് പറഞ്ഞു. ഇതിലെ ചെലവ് ബാങ്ക് വഹിക്കും. എന്നാല്‍ കുടുംബം തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്ത് ലക്ഷം രൂപ വായ്പ എടുത്ത ശേഷം 5.36 ലക്ഷം രൂപയാണ് ഇതുവരെ വൈരമണി തിരിച്ചടച്ചതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. 2020ന് ശേഷം തിരിച്ചടവ് മുടങ്ങിയതോടെ 2021ല്‍ 8.57 ലക്ഷമായി ഉയര്‍ന്നു.
2022ല്‍ ബാങ്ക് കോടതിയെ സമീപിച്ചപ്പോള്‍ അഡ്വ. കമ്മീഷനെ നിയമിച്ചു. 2023 ഓഗസ്റ്റിൽ വീടും സ്ഥലവും ജപ്തി ചെയ്തു. എന്നാല്‍ വാതിലിലെ സീലുകള്‍ നശിപ്പിച്ച് വൈരമണി വീട്ടില്‍ കയറി. വീണ്ടും കോടതിയെ സമീപിച്ച് അഡ്വ. കമ്മീഷനെ നിയമിച്ചാണ് ജപ്തി നടപടികള്‍ 2024 ഒക്ടോബര്‍ 31നും ഇന്നലെയും നടത്തിയതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.