തൃപ്പൂണിത്തുറ: ക്ഷേത്രത്തിൽ നിന്ന് 25 കിലോഗ്രാം തൂക്കമുള്ള ഓട്ടുവിളക്ക് കവർന്നു. ചക്കംകുളങ്ങര ശിവക്ഷേത്രത്തിൽ നാഗങ്ങളുടെ പ്രതിഷ്ഠാ സ്ഥലത്ത് വച്ചിരുന്ന നാലടിയോളം ഉയരമുള്ള ഓടിന്റെ നിലവിളക്കാണ് മോഷണം പോയത്.
ഇന്നലെ പുലർച്ചെ 3.36നാണ് ക്ഷേത്രമതിൽ മോഷ്ടാവ് ചാടിക്കടന്നിരിക്കുന്നത്. മതിൽ ചാടിക്കടക്കുന്നതും നിലവിളക്ക് ചാക്കിൽ പൊതിഞ്ഞ് ഒരാൾ നടന്നു പോകുന്നതുമായ ദൃശ്യം സമീപത്തുള്ള സ്ഥാപനത്തിന്റെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഹിൽപാലസ് പോലീസ് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി.
തലേന്ന് രാത്രിയിൽ ക്ഷേത്രത്തിന് സമീപത്തെ നഗരസഭയുടെ വിശ്രമസ്ഥലത്ത് ഒരു ഇതര സംസ്ഥാനക്കാരൻ സിമന്റ് ബെഞ്ചിൽ കിടപ്പുണ്ടായിരുന്നു. ഇയാൾ പ്ലാസ്റ്റിക് ചാക്കുമായി ക്ഷേത്ര മതിൽ ചാടിക്കടന്നപ്പോൾ രണ്ട് യുവാക്കൾ ചോദ്യം ചെയ്യുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. പോലീസ് സ്ഥലത്തെത്തി ഇയാളെ വിരട്ടി ഓടിച്ചിരുന്നതായും പറയുന്നു.
Tags : nattuvishesham local