കോഴിക്കോട്: പുതിയ തലമുറയിലെ കുട്ടികൾക്ക് ശാസ്ത്രീയ മനോഭാവവും ഗവേഷണ ചൈതന്യവും വളർത്തിക്കൊടുക്കേണ്ടത് സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണെന്ന് അഹമ്മദ് ദേവർകോവിൽ എംഎൽഎ പറഞ്ഞു.
കോഴിക്കോട് റവന്യു ജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളില്‍ ചെറുപ്രായത്തിൽ തന്നെ ശാസ്ത്രബോധം വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ശാസ്ത്രവിഷയങ്ങളെ പുസ്തകപരിധിയിൽ ഒതുക്കാതെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ ശാസ്ത്രീയ ചിന്തയും നവോത്ഥാന കാഴ്ചപ്പാടും അനിവാര്യമാണ്.
കുട്ടികളുടെ അഭിരുചിക്കനുസൃതമായ വഴികളിലൂടെ രക്ഷിതാക്കൾ മുന്നോട്ടുപോകണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ശാസ്ത്രോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്ത നല്ലൂർ നാരായണ എൽപി സ്കൂൾ അധ്യാപകൻ കെ. അബ്ദുൾ ലത്തീഫിനെ എംഎൽഎ ഉപഹാരം നൽകി ആദരിച്ചു.വിദ്യാര്‍ഥികളിലെ ശാസ്ത്രീയ പ്രതിഭയും കണ്ടെത്തലുകളും പ്രകടമാക്കുന്ന വിവിധ മത്സരങ്ങളും പ്രദർശനങ്ങളും ഉൾപ്പെടുത്തി മേള തുടരുകയാണ്.മേള ഇന്ന് സമാപിക്കും.
Tags : nattuvishesham local