കൂരാച്ചുണ്ട്: മാതൃകാ ഗ്രാമനിർമാണ പദ്ധതിയായ സൻസദ് ആദർശ് ഗ്രാമയോജന (സാഗി) പദ്ധതിക്ക് തുടക്കം കുറിച്ച് 2018-ൽ നിർമാണ പ്രവൃത്തി ആരംഭിച്ച കല്ലാനോട് - കക്കയം റോഡിന്റെ മണ്ടോപ്പാറ മുതൽ കല്ലാനോട് സ്റ്റേഡിയം വരെയുള്ള റോഡിന്റെ വികസനം നിലച്ചിട്ട് നാലുവർഷം.കൂരാച്ചുണ്ട് പഞ്ചായത്തിൽ പദ്ധതിയുടെ ആദ്യഘട്ടമായി അനുവദിച്ച 5.13 കോടി ചെലവഴിച്ചുകൊണ്ട് കല്ലാനോട് സ്റ്റേഡിയം-തൂവക്കടവ്- മണ്ടോപ്പാറ- ഓട്ടപ്പാലം - കാളങ്ങാലി റോഡിന്റെ അഞ്ചു കിലോമീറ്റർ ദൂരത്തിലായിരുന്നു പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
ആദ്യഘട്ടത്തിൽ റോഡിന്റെ കാളങ്ങാലി മുതൽ മണ്ടോപ്പാറ വരെയുള്ള 2.753 കിലോമീറ്റർ ദൂരം 2021ൽ നവീകരണ പ്രവൃത്തി നടത്തി പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ റോഡിന്റെ അവശേഷിക്കുന്ന മണ്ടോപ്പാറ മുതൽ കല്ലാനോട് വരെയുള്ള ഭാഗമാണ് മൺറോഡായി തന്നെ ഇന്നും അവശേഷിക്കുന്നത്. പഞ്ചായത്തിലെ രണ്ട്, മൂന്ന്, ആറ്, ഏഴ് വാർഡുകൾ ഉൾപ്പെട്ട ഈ റോഡിന്റെ 1.2 കിലോമീറ്റർ ദൂരം ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തുകൂടിയായിരുന്നു എസ്റ്റിമേറ്റ് പ്രകാരം കടന്നുപോകുന്നത്. എന്നാൽ ഇതുവഴി റോഡ് കടന്നുപോകുന്നതിന് ജലസേചന വകുപ്പ് അന്ന് തടസം ഉന്നയിച്ചിരുന്നു.
തുടർന്ന് ഇതിന് ബദലായി സ്വകാര്യ വ്യക്തികളിൽനിന്നും സ്ഥലം ഏറ്റെടുത്തുകൊണ്ട് വീണ്ടും പുതിയ എസ്റ്റിമേറ്റ് തയാറാക്കി നൽകിയെങ്കിലും പദ്ധതി പാടെ നിലച്ചുപോയതോടെയാണ് റോഡിന്റെ വികസനത്തിൽ പ്രദേശവാസികൾ നിരാശരായത്. അന്പത് വർഷത്തിലേറെ പഴക്കമുള്ള റോഡ് ഒട്ടനവധി കുടുംബങ്ങളും മറ്റ് ആൾക്കാരും ആശ്രയിച്ചുവരുന്നതാണ്. എന്നാൽ റോഡ് കല്ലും മണ്ണും ചെളിയും നിറഞ്ഞ നിലയിലുമാണുള്ളത്. ഏകദേശം 1.25 കിലോമീറ്ററോളം റോഡ് മൺറോഡാണ്. കല്ലാനോട് സ്റ്റേഡിയം വരെയുള്ള കുറേ ഭാഗം ഗ്രാമപഞ്ചായത്ത് ടാറിംഗ് പ്രവൃത്തി നടത്തിയിട്ടുണ്ട്.
മണ്ടോപ്പാറ മേഖലയിലുള്ള ഒട്ടനവധി കുടുംബങ്ങൾ വിവിധ ആവശ്യങ്ങൾക്കായി കല്ലാനോട് ടൗണിൽ പോകാൻ ആശ്രയിക്കുന്ന റോഡാണിത്. എന്നാൽ മഴക്കാലമായാൽ ഇതുവഴി കാൽനടയാത്ര പോലും ദുസഹമാണ്. ടാക്സി വാഹനങ്ങൾ പോലും ഇതുവഴി വരാൻ വിസമ്മതം പ്രകടിപ്പിക്കുന്നതായും നാട്ടുകാർ പറയുന്നു. റോഡിന്റെ ദുരവസ്ഥ പരിഗണിച്ച് അനുയോജ്യമായ പദ്ധതികളിൽ ഉൾപ്പെടുത്തിക്കൊണ്ട് റോഡ് വികസനം സാധ്യമാക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ്
ആവശ്യം ഉയരുന്ന
‘ഭരണ സമിതി പ്രഥമ പരിഗണന നൽകിയിട്ടുണ്ട്’
കൂരാച്ചുണ്ട്: സാഗി പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലാനോട് - കക്കയം റോഡിന്റെ കാളങ്ങാലി മുതൽ മണ്ടോപ്പാറ വരെയുള്ള റോഡിന്റെ വികസനത്തിന്റെ ഭാഗമായി നവീകരണ പ്രവൃത്തി പൂർത്തീകരിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിലെ ടൂറിസം പ്രദേശങ്ങളായ കക്കയം, തോണിക്കടവ്, കരിയാത്തുംപാറ എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യുന്നതിനായി റോഡിന്റെ വികസനം സാധ്യമാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. അതനുസരിച്ച് പിഎം ജിഎസ്വൈ പദ്ധതി യിൽ ഉൾപ്പെടുത്തിക്കൊണ്ട് റോഡിന്റെ എസ്റ്റിമേറ്റ് തയാറാക്കി കഴിഞ്ഞു. അതിന്റെ തുടർ നടപടികൾ നടന്നുവരികയാണ്.പഞ്ചായത്തിലെ റോഡുകളിൽ പ്രഥമ പരിഗണന മണ്ടോപ്പാറ-കല്ലാനോട് സ്റ്റേഡിയം റോഡിന് നൽകിയിട്ടുണ്ട്.
‘റോഡിന്റെ അവഗണനയിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്’
കൂരാച്ചുണ്ട്: പഞ്ചായത്തിലെഏകദേശം അന്പത് വർഷത്തെ പഴക്കമുള്ള ആദ്യകാലത്തെ റോഡുകളിലൊന്നാണ് മണ്ടോപ്പാറ-കല്ലാനോട് റോഡ്. ആറ് വർഷം മുമ്പ് റോഡിന്റെ വികസനത്തിനായി സാഗി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ജലസേചന വകുപ്പിന്റെ എതിർപ്പ് കാരണം റോഡിന്റെ വികസന പ്രവൃത്തി മണ്ടോപ്പാറയിൽ അവസാനിക്കുകയാണുണ്ടായത്.
എന്നാൽ റോഡിനായി സ്വകാര്യ വ്യക്തികൾ സ്ഥലം നൽകിയിട്ടുണ്ട്. കൂരാച്ചുണ്ട്, കല്ലാനോട്, ബൈപാസ് റോഡായി ഉപയോഗിക്കാവുന്ന റോഡ് കാലങ്ങളായി ഒട്ടനവധി കുടുംബങ്ങളുടെ സ്വപ്നവും പ്രദേശത്തിന്റെ വികസനവുമായിരുന്നു. റോഡിന്റെ വികസനം എത്രയും വേഗത്തിലാക്കേണ്ടതുണ്ട്. സർക്കാരും പഞ്ചായത്ത് ഭരണസമിതിയും ഈ റോഡിനോട് കാണിക്കുന്ന അവഗണനയിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.
Tags : nattuvishesham local