കരുമാലൂർ: കരുമാലൂർ ആശുപത്രിപ്പടി പ്രദേശങ്ങളിൽ വീണ്ടും മോഷണം. ആശുപത്രിപ്പടി കാഞ്ഞിരക്കാട്ടിൽ മിനി ബാബുവിന്റെ വീട്ടിലാണ് മോഷ്ടാക്കളെത്തിയത്. കഴിഞ്ഞദിവസം രാത്രിയാണു സംഭവം. വീടിന്റെ പിറകിലെ വാതിൽ കമ്പിപ്പാര ഉപയോഗിച്ചു കുത്തിപ്പൊളിച്ചാണു മോഷ്ടാക്കൾ അകത്തു കടന്നത്. പഴയ ഓട്ടുപാത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗ്യാസ് അടുപ്പ് തുടങ്ങിയവ നഷ്ടപ്പെട്ടതായി ഇന്നലെ ആലങ്ങാട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ബന്ധുക്കൾ വന്നു നോക്കിയപ്പോഴാണു പുറകിലെ വാതിൽ പൊളിച്ച നിലയിൽ കണ്ടത്. സമീപത്തായി പാരയും കിടപ്പുണ്ടായിരുന്നു. കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ വാട്ടർ മീറ്റിറിന്റെ ചെമ്പു കമ്പികൾ കഴിഞ്ഞദിവസം അറുത്തു മുറിച്ചു കൊണ്ടുപോയി.
അടിക്കടി മോഷണങ്ങൾ പെരുകിയതോടെ നാട്ടുകാർ ഭീതിയിലാണ്. കഴിഞ്ഞദിവസം മോഷണക്കേസിൽ ഇതര സംസ്ഥാനത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ഉമാമഹേശ്വരി ക്ഷേത്രത്തിൽ നിന്നും രണ്ട് ലക്ഷം രൂപ വിലവരുന്ന നിലവിളക്കുകൾ , ഓട്ടുരുളി, ചെമ്പ് പാത്രങ്ങൾ, കുടങ്ങൾ എന്നിവ മോഷ്ടിക്കുകയായിരുന്നു. ആലങ്ങാട് പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Karumalur nattuvishesham local