നേമം: സാമ്പത്തിക തട്ടിപ്പ് നടന്ന നേമം സഹകരണ ബാങ്കില്‍ ഇന്നലെ നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ അഡ്മിനിസ്ട്രേറ്ററെ തടഞ്ഞുവച്ചു. മാസങ്ങളായി വായ്പക്കാരില്‍ നിന്നും പിരിഞ്ഞുകിട്ടിയ രൂപ വിതരണം ചെയ്യാത്തതിനാല്‍ പ്രതിഷേധിച്ചാണ് അഡ്മിനിസ്ട്രേറ്ററെ നിക്ഷേപകര്‍ തടഞ്ഞുവച്ചത്.
പ്രതിഷേധത്തെ തുടര്‍ന്നു നേമം പോലീസ് സ്ഥലത്തെത്തുകയും ജോയിന്റ് രജിസ്ട്രാറുമായി സമരസമിതി രക്ഷാധികാരി മുജീബ് റഹ്മാനു സംസാരിക്കാനുള്ള അവസരമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇന്നു മുതല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് രൂപ വിതരണം ചെയ്യുമെന്ന് ജോയിന്റ് രജിസ്ട്രാര്‍ ഉറപ്പുനല്‍കിയതായി മുജീബ് റഹ്മാന് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ പിരിഞ്ഞുപോയത്. അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏറ്റെടുത്ത ശേഷം അറുപത് ലക്ഷത്തോളം രൂപ പിരിഞ്ഞുകിട്ടിയതായി സമരസമിതി നേതാക്കള്‍ പറഞ്ഞു.
പണം വിതരണം നടത്താത്തതുകാരണം പ്രായമായവരും രോഗികളായവരും ബുദ്ധിമുട്ടിലാണെന്നും പണം വിതരണം നടത്തുമെന്ന പറഞ്ഞ അഡ്മിനിസ്ട്രേറ്റര്‍ ബാങ്കില്‍ എത്തുന്നില്ലെന്നും നിക്ഷേപകൂട്ടായ്മ രക്ഷാധികാരി മുജീബ് റഹ്മാനും കണ്‍വീനര്‍ കൈമനം സുരേഷും പറഞ്ഞു. അടുത്തിടെയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയ മുന്‍ സെക്രട്ടറി എ.ആര്. രാജേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് മറ്റൊരു മുന്‍ സെക്രട്ടറിയും ഒന്നാം പ്രതിയുമായ എസ്. ബാലചന്ദ്രന് നായരെയും, മുന്‍ പ്രസിഡന്റ് ആര്. പ്രദീപ് കുമാറിനെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Tags : nattuvishesham local