കാക്കനാട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃക്കാക്കരയിൽ സീറ്റു വിഭജനം സംബന്ധിച്ച് ഇരു മുന്നണികളിലും തർക്കം രൂക്ഷമാകുന്നു. വാർഡു പുനർനിർണയം പൂർത്തിയായപ്പോൾ നിലവിലുണ്ടായിരുന്ന 43 ഡിവിഷനുകൾ 48 ആയി ഉയർന്നതോടെയാണ് കോൺഗ്രസ്, സിപിഎം മുന്നണികളിൽ സീറ്റുകൾ പങ്കിടുന്ന കാര്യത്തിൽ തർക്കം രൂക്ഷമാവുന്നത്. ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയ്ക്ക് അവരുടെ സിറ്റിംഗ് സീറ്റിൽ പോലും മൽസരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ഹെൽത്ത് സെന്റർ ഡിവിഷൻ സിപിഐ സ്ഥിരമായി മൽസരിക്കുന്ന സീറ്റാണെങ്കിലും കഴിഞ്ഞ തവണ കോൺഗ്രസ് സീറ്റു നിഷേധിച്ചതിനെ തുടർന്ന് വിമതനായി മൽസരിച്ചു വിജയിച്ച പി.സി. മനൂപ് പിന്നീട് ഇടതുമുന്നണിക്കൊപ്പം ചേക്കേറുകയായിരുന്നു. ഇത്തവണ ഹെൽത്ത് സെന്റർ ഡിവിഷൻ ജനറൽ വാർഡ് ആയതോടെ ഈ വാർഡിൽ സ്വതന്ത്രനായി പി.സി. മനൂപ് രംഗത്തിറങ്ങിക്കഴിഞ്ഞു.
ഇടതു സ്വതന്ത്രനായി മനൂപിനെ മൽസരിപ്പിക്കാനായി ഹെൽത്ത് സെന്റർ വാർഡ് വിട്ടുതരണമെന്ന ആവശ്യമാണ് ആദ്യഘട്ട സീറ്റു ചർച്ചയിയിൽ സിപിഎം ആവശ്യപ്പെട്ടത് സിപിഐയുടെ സിറ്റിംഗ് സീറ്റിൽ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരിൽ പ്രമേഷ് വി. ബാബുവിനെ മൽസരിപ്പിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. സഹകരണ റേഡ് വാർഡിൽ സിപിഐയുടെ സീറ്റിൽ സിപിഎം സ്വതന്ത്രനായി കഴിഞ്ഞ തവണ മൽസരിച്ച ജിജോ ചിങ്ങന്തറയെ മൽസരിപ്പിക്കാനും സിപിഎം തീരുമാനിച്ചതായാണ് സൂചന.
ആദ്യ വട്ടചർച്ച തന്നെ വഴിവിട്ടതോടെ സിപിഐയുടെ സ്ഥാനാർഥികളെ പാർട്ടി ജില്ലാ നേതൃത്വം തീരുമാനിക്കട്ടെ എന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെയും നിലപാട്. കോൺഗ്രസ് മുന്നണിയിൽ പ്രധാനഘടക കക്ഷിയായ മുസ്ലിം ലീഗ് ഇത്തവണ 10 സീറ്റുകളാണ് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ തവണ എട്ടു സീറ്റുകളാണ് ലീഗിന് നൽകിയിരുന്നത് വാർഡ് വിഭജനവും കൂട്ടി ചേർക്കലും പൂർത്തിയായപ്പോൾ അഞ്ചു സീറ്റുകളുടെ വർധനവാണ് തൃക്കാക്കരയിൽ ഉണ്ടായത്. 43 സീറ്റുകൾ48 സീറ്റുകളായി വർധിച്ചു. ഈ സീറ്റുകളിൽ രണ്ടെണ്ണം കൂടി തങ്ങൾക്കുകിട്ടണമെന്നാണ് ലീഗിന്റെ ആവശ്യം.
കോൺഗ്രസിനുള്ളിലെ എ-ഐ ഗ്രൂപ്പ് പോര് സ്ഥാനാർഥി നിർണയത്തിലും പ്രതിഫലിക്കും. മുൻകാലങ്ങളിൽ നിന്നും വ്യത്യസതമായി രണ്ടു സീറ്റുകൾ കൂടി അധികം വേണമെന്ന നിലപാട്ടും എവിഭാഗത്തിനുണ്ട്. എ ഗ്രൂപ്പ് നേതാക്കളായ നൗഷാദ് പല്ലച്ചി, രാധാമാണിപ്പിള്ള, വി.ഡി. സുരേഷ്, സ്മിതാ സണ്ണി, ജോസ് കളത്തിൽ എന്നിവരിൽ വി.ഡി. സുരേഷിന്റെ വാർഡ് വനിതാ സീറ്റാണെങ്കലം അദ്ദേഹത്തിന്റെ ഭാര്യ ലിജി സുരേഷ്ഇത്തവണ പകരം മൽസരിക്കും.
ഐ ഗ്രൂപ്പു നേതാക്കളിൽ പലരും മൽസരിച്ചിരുന്ന ജനറൽ വാർഡുകൾ ഇത്തവണ വനിതാ വാർഡുകളായി മാറിയിട്ടുണ്ട്. തൃക്കാക്കര ബിഎംസി ഡിവിഷൻ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ സ്ഥിരം സീറ്റായിരുന്ന ബിഎംസിയിൽ ഇത്തവണ മാധ്യമപ്രവർത്തകനും കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ കെ.എം. അബ്ബാസിനെ മൽസരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. അരനൂറ്റാണ്ടായി കോൺഗ്രസിൽ പ്രവർത്തിച്ചു വരുന്ന കെ.എം. അബ്ബാസിന് ബിഎംസി ഡിവിഷൻ നൽകാനും ഏറെക്കുറെ ധാരണയായിട്ടുണ്ട്. അതേ സമയം ഈ സീറ്റ് തങ്ങൾക്കു വിട്ടുതരണമെന്ന ആവശ്യവുമായി ലീഗും കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ ആദ്യവാരം ഇറങ്ങിയേക്കും. മുന്നണികൾ തമ്മിലുള്ള സീറ്റു വിഭജനം അതിനു ശേഷം നടക്കും. തൃക്കാക്കര നഗരസഭയിലെ 48 ഡിവിഷനുകളിലും ഇത്തവണട്വന്റി-20യും മൽസരിക്കുന്നുണ്ട്.
Tags : Thrikkakara nattuvishesham local