നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫുൾ സ്കെയിൽ എമർജൻസി മോക്ഡ്രിൽ നടത്തി. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി രണ്ടു വർഷത്തിൽ ഒരിക്കലാണ് വിമാന അപകടത്തിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് സമ്പൂർണ മോക്ഡ്രിൽ നടത്തുന്നത്.
സിയാലിന്റെ മേൽനോട്ടത്തിൽ വിവിധ എയർലൈനുകൾ, ദുരന്തനിവാരണ സേന, ഇന്ത്യൻ നേവി, ജില്ലാ ഭരണകൂടം, എയർപോർട്ട് അഥോറിറ്റി, കോസ്റ്റ്ഗാർഡ്, സിഐഎസ്എഫ്, കേന്ദ്ര കാലാവസ്ഥാ വകുപ്പ്, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ, ആശുപത്രികൾ തുടങ്ങി മുപ്പതോളം ഏജൻസികൾ മോക്ഡ്രില്ലിൽ പങ്കെടുത്തു. ഇൻഡിഗോ എയർലൈനാണ് മോക് ഡ്രില്ലിനായി സിയാലിനൊപ്പം കൈകോർത്തത്.
എ567, ആൽഫാ എയർലൈൻസ് എന്ന സാങ്കല്പിക വിമാനമാണ് എമർജൻസി മോക്ക് ഡ്രില്ലിന് ഉപയോഗിച്ചത്. ആറ് ജീവനക്കാർ ഉൾപ്പെടെ 113 പേർ വിമാനത്തിൽ ഉണ്ടായിരുന്നു.
വിമാനം ടേക്ക് ഓഫ് ചെയ്തതിനു ശേഷം ഉച്ചയ്ക്ക് 2.11ന് എൻജിനിൽ തീപിടിത്തമുണ്ടായതായി പൈലറ്റ് ഇൻ കമാൻഡ് എടിസിയെ അറിയിച്ചു. റണ്‍വേയില്‍ വിമാനം ഇറക്കാന്‍ സാധിക്കാതെ സിയാല്‍ ഗോള്‍ഫ് ക്ലബിന് സമീപം വിമാനം തകര്‍ന്നു വീണതായിട്ടാണ് മോക്ക് ഡ്രിലില്‍ ചിത്രീകരിച്ചത്. ഇതോടെ വിമാനത്താവളത്തില്‍ ഫുള്‍ സ്കെയില്‍ എമര്‍ജന്‍സി പ്രഖ്യാപിക്കപ്പെട്ടു.
സിയാല്‍ അഗ്നിശമന രക്ഷാ വിഭാഗം (എആര്‍എഫ്എഫ്) അത്യാധുനിക ഉപകരണങ്ങളുമായി വിമാനത്തിന് അരികിലെത്തി. അപകടത്തില്‍ പരുക്കേറ്റവരെയും കൊണ്ട് ഇരുപതോളം ആംബുലന്‍സുകള്‍ കുതിച്ചു.
കമാന്‍ഡന്റ് നാഗേന്ദ്ര ദേവ്രാരിയുടെ നേതൃത്വത്തില്‍ സിഐഎസ്എഫ് സുരക്ഷാ ചുമതല ഏറ്റെടുത്തു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനം എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു നിര്‍വഹിച്ചു.
കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം ഉറപ്പാക്കാന്‍ എമര്‍ജന്‍സി കണ്ട്രോള് റൂം, അസംബ്ലി ഏരിയ, സര്‍വൈവേഴ്സ് റിസപ്ഷന് ഏരിയ, മീഡിയ സെന്റര്‍ എന്നിവയും പ്രവര്‍ത്തന സജ്ജമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ സംഘവും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതില്‍ പങ്കുവഹിച്ചു. മൂന്നരയോടെ രക്ഷാ ദൗത്യം അവസാനിച്ചതായുള്ള പ്രഖ്യാപനം വന്നു.
സിയാല്‍ എമര്‍ജന്‍സി ടാസ്ക് ഫോഴ്സ്, കേരളാ പോലീസ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്, കേരള ഫയര്‍ഫോഴ്സ്, ബിപിസിഎല്‍ എന്നീ ഏജന്‍സികള്‍ക്ക് പുറമെ രാജഗിരി, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, ലിറ്റില്‍ ഫ്ലവര്‍, അപ്പോളോ, സിഎ ഹോസ്പിറ്റല്‍, നജാത് ഹോസ്പിറ്റല്‍, കാരോത്തുകുഴി ഹോസ്പിറ്റല്‍, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവ മോക്ഡ്രില്ലില്‍ പങ്കെടുത്തു.
Tags : airport nattuvishesham local