ആലുവ: രണ്ടര പതിറ്റാണ്ട് മുമ്പ് അടച്ചുപൂട്ടിയ ആലുവ കോട്ടൺ മിൽ കമ്പനി വളപ്പിലെ ഗണപതി കോവിൽ ജെസിബി ഉപയോഗിച്ച് പൊളിക്കുന്നത് വിശ്വാസികൾ തടഞ്ഞു. പോലീസ് ജെസിബി കസ്റ്റഡിയിലെടുക്കുകയും കമ്പനിയുടെ ഗേറ്റ് താഴിട്ട് പൂട്ടുകയും ചെയ്തു.
ആലുവ കാസിനോ തീയേറ്ററിന് സമീപം പ്രവർത്തനം നിലച്ച കാത്തായി കോട്ടൺ മിൽ വളപ്പിൽ ഉണ്ടായിരുന്ന ഗണപതി കോവിലാണ് ഇന്നലെ ഉച്ചതിരിഞ്ഞ് ജെസിബി ഉപയോഗിച്ച് പൊളിച്ചുതുടങ്ങിയത്. കോൺക്രീറ്റ് ഇളക്കുന്ന ശബ്ദം കേട്ടവരാണ് ഓടി എത്തി പരിസരവാസികൾ തടഞ്ഞത്. പിന്നാലെ ആലുവ പോലീസും എത്തി.
പൊളിക്കാൻ കരാറെടുത്ത പെരുമ്പാവൂർ സ്വദേശി സിറാജിനോട് ഭൂമിയുടെ രേഖകൾ ഇന്ന് ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിക്ക് കാത്തായി കമ്പനി സ്ഥലം വിൽപ്പന നടത്തുമ്പോൾ ക്ഷേത്രം ഇരിക്കുന്ന 15 സെന്റ് ഭൂമി ഒഴിവാക്കിയിരുന്നതായി വിശ്വാസികൾ പറഞ്ഞു .
എല്ലാവർഷവും ഒന്നര കിലോമീറ്റർ അകലെയുള്ള ചെമ്പകശേരി കിഴക്കുംവേലി ഭഗവതി ക്ഷേത്രം ഉത്സവത്തിന് താലപ്പൊലി ആരംഭിക്കുന്നത് കാത്തായി കമ്പനിയിലെ ഗണപതി കോവിലിൽ നിന്നുമാണ്. പറ നിറച്ച്, ശ്രീകോവിലിനകത്ത് വിളക്ക് തെളിച്ച ശേഷമാണ് താലപ്പൊലി തുടങ്ങാറ്. കഴിഞ്ഞ ജനുവരിയിലും ഉത്സവം ഇതേ പ്രകാരമാണ് നടന്നത്. കമ്പനി പ്രവർത്തിച്ചിരുന്നപ്പോൾ നിത്യപൂജ ഉണ്ടായിരുന്നു. സ്ഥലം ജപ്തി നടപടി വന്നപ്പോഴാണ് പൂജകൾ മുടങ്ങിയത്.
Tags : nattuvishesham local