നേമം: കരമനയാറിന്റെ തീരത്തെ ആഴാങ്കല്‍ നടപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നവീനരീതിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള നടപ്പാത നാട്ടുകാര്‍ക്ക് വിനോദത്തിനും വിശ്രമത്തിനും വ്യായാമത്തിനുമായി പ്രയോജനപ്പെടുത്താം.
കരമന മുതല്‍ ആഴാങ്കല്‍ വരെ ഒന്നര കിലോമീറ്റര്‍ ദൂരമാണ് നടപ്പാതയ്ക്ക്. പാതയുടെ ആഴാങ്കല്‍ ഭാഗത്ത് 60 കാറുകള്‍, 40 ഓട്ടോറിക്ഷകള്‍, 100 ബൈക്കുകള്‍ എന്നിവ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ കഴിയും. ഒന്നര കിലോമീറ്റര്‍ നീളമുള്ള നടപ്പാതയുടെ മൂന്നിടങ്ങളില്‍ കുളികടവുകളുണ്ട്. ഇവിടെ ഇരിപ്പിടങ്ങളും സജ്ജമാക്കി. കലാപരിപാടികള്‍ നടത്താൻ ചെറിയ പ്ലാറ്റ്ഫോമുകള് കോണ്‍ക്രീറ്റില്‍ നിര്‍മിച്ചിട്ടുണ്ട്. നാട്ടുകാര്‍ക്ക് ചെറിയ പരിപാടികള്‍ സംഘടിപ്പിക്കാനും കഴിയുന്ന തരത്തില്‍ ഒരു ആംഫി തീയറ്റര്‍ മാതൃകയിലാണ് നിര്‍മാണം പൂര്‍ത്തിയായത്. ഇതിനുപുറമെ രണ്ട് ബോട്ട് യാര്‍ഡുകളും ഓടു മേഞ്ഞ ബാല്‍ക്കണിയും നിര്‍മിച്ചിട്ടുണ്ട്.
മരങ്ങള്‍ക്ക് ചുറ്റും കരിങ്കല്ല് അടുക്കി കെട്ടി ഇരിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. വെളിച്ചത്തിനായി ആകര്‍ഷകമായ രീതിയില്‍ പ്രകാശ സംവിധാനങ്ങളുമുണ്ട്. പാത ഉദ്ഘാടനത്തിന് മുമ്പ് തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാഴ്ചക്കാരെത്തി തുടങ്ങി. നഗരത്തിന്റെ തിരക്കില്‍ നിന്നുംമാറി പ്രഭാതസവാരിക്ക് നിരവധിപേരാണ് ഈ പാത നേരത്തെ ഉപയോഗിച്ചുകൊണ്ടിരുന്നത്.
ഇന്ന് വൈകുന്നേരം നടക്കുന്ന നടപ്പാതയുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ എം.ബി. രാജേഷ്, മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, റോഷി അഗസ്റ്റിന്, മേയര്‍ ആര്യാ രാജേന്ദ്രന് എന്നിവർ പങ്കെടുക്കും.
Tags : nattuvishesham local