ആലുവ: ആലുവ നഗരസഭാ ചെയർമാനും കോൺഗ്രസ് ഭരണസമിതി അംഗങ്ങളും രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ബിജെപിയുടെ മൂന്ന് വനിതാ കൗൺസിലർമാരെയും പാർലമെന്ററി പാർട്ടി നേതാവ് എൻ. ശ്രീകാന്തിനെയും കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ മർദിച്ചതായി ആരോപണം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കൗൺസിലർമാർ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ചെയർമാൻ എം.ഒ. ജോണിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയ കൗൺസിലർമാരെയാണ് യാതൊരു പ്രകോപനവുമില്ലാതെ കോൺഗ്രസ് കൗൺസിലർമാർ മർദിച്ചതെന്ന് കൗൺസിലർമാരായ ശ്രീകാന്തും ശ്രീലത രാധാകൃഷ്ണനും പ്രീതയും ഇന്ദിരയും ആരോപിച്ചു. ബിജെപി കൗൺസിലർമാരെ ആക്രമിച്ച കോൺഗ്രസ് കൗൺസിലർമാർക്ക് തദ്ദേശ തെരഞ്ഞടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും കോൺഗ്രസിന്റെ അഴിമതി ഭരണത്തെ ഇല്ലായ്മ ചെയ്യാൻ ജനാധിപത്യ സമരങ്ങളുമായി ഇനിയും ബിജെപി രംഗത്ത് വരുമെന്നും ബിജെപി മുനിസിപ്പൽ സമിതി പ്രസിഡന്റ് ആർ. പത്മകുമാർ പ്രസ്താവനയിൽ അറിയിച്ചു.
Tags : nattuvishesham local