പേരൂര്‍ക്കട: ജവഹര്‍ നഗറില്‍ ഡോറ അസറിയ ക്രിപ്സിന്റെ (63) വസ്തുവും വീടും തട്ടിയെടുക്കാന്‍ അനില്‍ തമ്പി ശ്രമിച്ചതിനു കാരണമായത് ബന്ധുക്കളെ താമസിപ്പിക്കാനുള്ള ആഗ്രഹം. ഭാര്യയുടെ മാതാപിതാക്കളെ താന്‍ താമസിച്ചുവന്ന ശിവജി അപ്പാര്‍ട്ട്മെന്റിനു സമീപം എത്തിക്കുന്നതിനാണ് ഇയാള്‍ ഡോറയുടെ വീട്ടില്‍ നോട്ടമിട്ടതെന്നു പോലീസ് പറഞ്ഞു.
അനില്‍ തമ്പിക്ക് തന്റെ വീട് വില്ക്കാന് ഡോറയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു. ഒരുവ്യാഴവട്ടമായി അനില്‍ തമ്പി വീടുതട്ടാന് രൂപരേഖ തയാറാക്കുകയായിരുന്നു. മണികണ്ഠന്റെ സഹായത്തോടെ വ്യാജരേഖകള്‍ ചമച്ച് അസല്‍ പ്രമാണം കൈക്കലാക്കിയതോടെ അനില്‍ തമ്പി ഡോറയുടെ ഉടമസ്ഥതയില്‍ ജവഹര്‍ നഗറിലുള്ള വീട്ടിലെത്തി. അതിക്രമിച്ചു കയറിയശേഷം ഇവിടെ താമസമാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
ഇതിന്റെ ആദ്യഘട്ടമായി ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചു. കല്ലില്‍ കൊത്തിയിരുന്ന ജോര്‍ജിയ വില്ല എന്ന വീട്ടുപേര് പൊട്ടിച്ചുമാറ്റിയശേഷം ഇംഗ്ലീഷിലും മലയാളത്തിലുമായി ശിവകൃപ എന്ന വീട്ടുപേര് ഇട്ടു. ഇതിനിടെ അനന്തപുരി മണികണ്ഠന് വീട്ടില്‍നിന്ന് 25 ലക്ഷത്തോളം രൂപയുടെ ഫര്‍ണീച്ചറുകള്‍ കടത്തിയിരുന്നു. കട്ടിലുകള്‍, മേശകള്‍, കസേരകള്‍, സോഫകള്‍, അലമാരകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 1990-കളിലാണ് ഡോറയുടെ മാതാപിതാക്കള്‍ ജവഹര്‍ നഗറില്‍ വസ്തുവാങ്ങി വീടുവയ്ക്കുന്നത്. അനില്‍ തമ്പി തട്ടിയെടുക്കാന്‍ ശ്രമിച്ച വീടിനു കുറഞ്ഞത് 30 വര്‍ഷത്തെ പഴക്കം വരും.
മണികണ്ഠന് കടത്തിയ ഫര്‍ണിച്ചറുകള്‍ ഇനി കണ്ടെത്തേണ്ടതുണ്ടെന്നു അന്വേഷണ സംഘം അറിയിച്ചു. വീടിനു ചുറ്റും കാടുപിടിച്ചു കിടക്കുന്നത് തങ്ങള്‍ക്കു ദുസഹമായിരുന്നതിനാല് അനില്‍ തമ്പി നടത്തിയ വീടുമെയിന്റനന്സിലേക്ക് അവര്‍ തങ്ങളുടെ ശ്രദ്ധ കൊടുത്തിരുന്നില്ല. അനില്‍ തമ്പി ചെന്നൈ അടയാറിലേക്ക് നിരന്തരം യാത്രചെയ്തതായി പോലീസ് കണ്ടെത്തി. ഉടമസ്ഥനെത്താതെ ഇവിടെ കിടക്കുന്ന 300 ഏക്കര്‍ തട്ടിയെടുക്കുന്നതിനായിരുന്നു ഇത്. ഈ ഉദ്യമം അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് തമ്പി പിടിക്കപ്പെടുന്നത്. അനില്‍ തമ്പിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പുകേസിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുവരുമെന്നു മ്യൂസിയം പോലീസ് അറിയിച്ചു.
Tags : nattuvishesham local