ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരിൽ വ്യാജ ആധാർ കാർഡ് സൃഷ്ടിക്കാമെന്നും അതുപയോഗിച്ച് വ്യാജ വോട്ടർമാരെ രജിസ്റ്റർ ചെയ്യാമെന്നും ഡെമോ കാണിച്ചതിനു പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്തു മുംബൈ പോലീസ്.
കഴിഞ്ഞ 16ന് എൻസിപി (എസ്പി) എംഎൽഎയായ രോഹിത് പവാർ വാർത്താസമ്മേളനം നടത്തി എങ്ങനെയാണു വ്യാജ ആധാർ കാർഡുകൾ വെബ്സൈറ്റിൽ തയാറാക്കി വോട്ടു തട്ടിപ്പ് നടക്കുന്നുവെന്നത് ഡെമോ കാണിച്ചതിനു പിന്നാലെയാണ് തിരിച്ചറിയാത്ത ആളുകളുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വോട്ടുതട്ടിപ്പിൽ ബിജെപി ഭാരവാഹിക്കെതിരേയും ആരോപണങ്ങൾ ഉയർത്തിയിരുന്ന എൻസിപി (എസ്പി) എംഎൽഎയുടെ വാർത്താസമ്മേളനം യുട്യൂബിലൂടെ കണ്ട ബിജെപിയുടെ സോഷ്യൽ മീഡിയ സെൽ കോ-കണ്‍വീനർ ധനൻജയ് വഗാസ്കർ വ്യാജ ആധാർ കാർഡ് സൃഷ്ടിക്കാൻ കഴിയുന്ന വെബ്സൈറ്റിന്റെ സ്രഷ്ടാവിനെതിരേയും ഉടമയ്ക്കെതിരേയും സൈറ്റ് ഉപയോഗിക്കുന്നവർക്കെതിരേയും പരാതി നൽകുകയായിരുന്നു.
ഡെമോയിലൂടെ രോഹിത് പവാർ ഇന്ത്യയിലെ ഒരു സ്വയംഭരണ സ്ഥാപനത്തിനും ബിജെപിക്കുമെതിരേ പൊതുജനങ്ങൾക്കിടയിൽ കോപവും വിദ്വേഷവും വളർത്തിക്കൊണ്ട് സാമൂഹികസുരക്ഷയെ അപകടപ്പെടുത്തുന്ന വഞ്ചനാപരമായ പ്രവൃത്തി ചെയ്തെന്നാണു പരാതിക്കാരൻ പറയുന്നത്.
ബിജെപി നേതാവിന്റെ പരാതിയിൽ തിരിച്ചറിയാത്ത രണ്ടുപേർക്കെതിരേ വ്യാജരേഖ ചമയ്ക്കൽ, തിരിച്ചറിയൽ മോഷണം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ, ഐടി നിയമത്തിലെ വ്യാജ വിവരങ്ങളും വ്യവസ്ഥകളും പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സൈബർ പോലീസ് ചൊവ്വാഴ്ച കേസെടുത്തിരുന്നു.
Tags : Aadhaar card Trump case