ന്യൂഡൽഹി: ഇറാനിലെ ചബഹാർ തുറമുഖത്തിനുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഇന്ത്യയ്ക്കു ബാധകമാകില്ല. അറബിക്കടലിലേക്ക് നേരിട്ടു പ്രവേശനമുള്ള ഇറാനിന്റെ ഒരേയൊരു തുറമുഖത്തിനുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിൽനിന്ന് ഇന്ത്യയെ ആറുമാസം ഒഴിവാക്കിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇറേനിയൻ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരും.
ആണവായുധ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഇറാനുമേൽ പരമാവധി സമ്മർദം ചെലുത്താനും ഒറ്റപ്പെടുത്താനുംവേണ്ടി അമേരിക്ക ഇറാന്റെ ഊർജത്തെയും ബാങ്കിംഗിനെയും വ്യാപാരത്തെയും ലക്ഷ്യമിട്ട് മുൻ വർഷങ്ങളിൽ നിരവധി ഉപരോധങ്ങൾ ചുമത്തിയിരുന്നെങ്കിലും 2018ൽ ഇറാന്റെ ഒരേയൊരു സമുദ്ര തുറമുഖമായ ചബഹാറിനെ അതിൽനിന്ന് ഒഴിവാക്കിയിരുന്നു.
പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കെത്താൻ കഴിയുന്ന തുറമുഖത്തെ ഉപരോധത്തിൽനിന്ന് ഒഴിവാക്കിയത് ഇന്ത്യക്ക് വലിയ ആശ്വാസമായിരുന്നു. മധ്യേഷ്യയുമായുള്ള വ്യാപാരം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചബഹാറിൽ 2018 മുതൽ ഇന്ത്യ വൻ നിക്ഷേപം നടത്തുകയും അടുത്ത പത്തു വർഷത്തേക്ക് തുറമുഖം പ്രവർത്തിപ്പിക്കാനായുള്ള കരാറിൽ 2024ൽ ഒപ്പിടുകയും ചെയ്തു.
ചബഹാറിലെ ടെർമിനലുകളിലൊന്നായ ഷാഹിദ് ബെഹെഷ്തി ടെർമിനലിന്റെ വികസനത്തിലും പ്രവർത്തനത്തിലും ഇന്ത്യ സുപ്രധാനമായ പങ്ക് വഹിക്കുകയും ചെയ്തിരുന്നു. തുറമുഖത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടെർമിനലിന്റെ പ്രവർത്തനം ഏറ്റെടുത്തതോടെ ഫലത്തിൽ ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ. ചബഹാറിന്റെ എതിരാളിയായ പാക്കിസ്ഥാന്റെ ഗ്വാഡർ തുറമുഖത്തിൽ ചൈന വൻ നിക്ഷേപം നടത്തി മേഖലയിൽ സ്വാധീനം ശക്തമാക്കുന്നതിനെ ചെറുക്കാൻ ഇറേനിയൻ തുറമുഖത്തിന്റെ നിയന്ത്രണം കൈവശം വയ്ക്കുന്നതിലൂടെ കഴിയുമെന്നായിരുന്നു ഇന്ത്യയുടെ വിശ്വാസം.
എന്നാൽ, ചബഹാർ തുറമുഖത്തെ ഉപരോധത്തിൽനിന്നു നീക്കിയത് പുനരാലോചിക്കാനുള്ള ട്രംപിന്റെ തീരുമാനം ഇന്ത്യയെ കുഴപ്പിച്ചു. ഇറാനിനെ കൂടുതൽ സമ്മർദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ മധ്യേഷ്യയിലെ സുപ്രധാന തുറമുഖത്തിന് 2018ൽ അനുവദിച്ച ഉപരോധ ഇളവ് പിൻവലിക്കുമെന്ന് സെപ്റ്റംബർ 16ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതോടെ ഉപരോധത്തെ മറികടക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. മധ്യേഷ്യൻ രാജ്യങ്ങൾക്ക് ഇന്ത്യ നൽകിവരുന്ന മാനുഷികസഹായവും മരുന്നുകൾ ഉൾപ്പെടെ വിതരണം ചെയ്യേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യ ഇറേനിയൻ തുറമുഖത്തിനുമേലുള്ള യുഎസ് ഉപരോധത്തിൽനിന്ന് ഇളവ് നേടിയതെന്നാണു സൂചന.
ഇളവ് ലഭിച്ചതോടെ പൊതുമേഖലാസ്ഥാപനമായ ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിലൂടെ (ഐജിപിഎൽ) ഇന്ത്യക്ക് ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ തടസങ്ങളില്ലാതെ തുടരാം.