ന്യൂയോര്‍ക്ക്: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ (എംഎല്‍എസ്) ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന കളിക്കാരനെന്ന നേട്ടം ഇന്റര്‍ മയാമിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്.
കഴിഞ്ഞദിവസം മേജര്‍ ലീഗ് സോക്കര്‍ ഔദ്യോഗികമായി പുറത്തുവിട്ട സാലറി പട്ടികയിലാണ് മെസി ഒന്നാമതുള്ളത്. ലോസ് ആഞ്ചലസ് എഫ്സിയിലേക്ക് ഈ സീസണിന്റെ തുടക്കത്തില്‍ അപ്രതീക്ഷിതമായെത്തിയ ദക്ഷിണകൊറിയന്‍ താരം സണ്‍ ഹ്യൂങ് മിന്നാണ് രണ്ടാം സ്ഥാനത്ത്.
മെസിക്ക് ഇന്റര്‍ മയാമിയില്‍ ലഭിക്കുന്ന വാര്‍ഷിക പ്രതിഫലം 20.4 മില്യണ്‍ ഡോളറാണ് (ഏകദേശം 182 കോടി രൂപ). സ്പോണ്‍സര്‍ഷിപ്പ് അടക്കമുള്ള മറ്റു വരുമാനങ്ങള്‍ കൂടാതെയുള്ള കണക്കാണിത്.
11.1 മില്യണ്‍ ഡോളറാണ് (ഏകദേശം 99 കോടി രൂപ) സണ്‍ ഹ്യൂങ് മിന്നിന്റെ വാര്‍ഷിക പ്രതിഫലം. എംഎല്‍എസ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ (26 മില്യണ്‍ ഡോളര്‍/230 കോടി രൂപ) ട്രാന്‍സ്ഫറിലൂടെ, ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സ്പുറില്നിന്നാണ് സണ്‍ ഹ്യൂങ് മിന് ലോസ് ആഞ്ചലസ് എഫ്സിയില്‍ എത്തിയത്.
അടുത്ത വര്‍ഷം മെസി ഇന്റര്‍ മയാമിയുമായി പുതിയ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് സൂചന. മൂന്നു വര്‍ഷം നീളുന്ന കരാറിലായിരിക്കും സൂപ്പര്‍ താരം ഒപ്പിടുകയെന്നും റിപ്പോര്‍ട്ടുണ്ട്. 38കാരനായ മെസി, 2025 എംഎല്‍എസ് റെഗുലര്‍ സീസണില്‍ 28 മത്സരങ്ങളില്‍നിന്ന് 29 ഗോളും 17 അസിസ്റ്റും നടത്തിയിരുന്നു.
പട്ടികയില്‍ ഇവര്‍
മേജര്‍ ലീഗ് സോക്കറില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നതില്‍ മെസിക്കും (182 കോടി രൂപ) സണ്‍ ഹ്യൂങ് മിന്നിനും (99 കോടി രൂപ) പിന്നില്‍ ഇന്റര്‍ മയാമിയുടെ സ്പാനിഷ് താരം സെര്‍ജിയൊ ബുസ്ക്വറ്റ്സാണ് (78 കോടി രൂപ). പരാഗ്വെയുടെ മിഗ്വേല്‍ അല്മിറോണ് (70 കോടി രൂപ), മെക്സിക്കോയുടെ ഹിര്‍വിംഗ് ലൊസാനൊ (68 കോടി രൂപ) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റു താരങ്ങള്‍.
Tags : MLS Messi Lionel Messi