ന്യൂഡൽഹി: മോശം കാലാവസ്ഥ മൂലം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭൂട്ടാൻ യാത്ര തടസപ്പെട്ടു. ശക്തമായ മഴയും കുറഞ്ഞ അന്തരീക്ഷ മർദവും നേരിട്ടതിനെ തുടർന്ന് മന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം അടിയന്തരമായി ഇറക്കി.
സുരക്ഷാ കാരണങ്ങളാൽ സിലിഗുരിയിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തിലാണ് വിമാനമിറക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി ഭൂട്ടാനിലേക്ക് യാത്ര തിരിച്ചത്. ഔദ്യോഗിക യാത്രാപരിപാടി പ്രകാരം മന്ത്രി ഇന്നലെ തന്നെ ഭൂട്ടാനിൽ എത്തേണ്ടതായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം രാത്രി സിലിഗുരിയിൽ തന്നെ തുടരുകയായിരുന്നു.
കാലാവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് ധനമന്ത്രിയുടെ ഭൂട്ടാനിലേക്കുള്ള യാത്ര വെള്ളിയാഴ്ച രാവിലെ പുനരാരംഭിക്കുമെന്ന് ഭരണപരമായ വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 30 മുതൽ നവംബർ രണ്ട് വരെ നീളുന്ന ഔദ്യോഗിക സന്ദർശനത്തിനായി സാമ്പത്തികകാര്യ വകുപ്പിൽ നിന്നുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് നിർമല സീതാരാമനാണ്.
ഭൂട്ടാൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ സർക്കാരിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന നിരവധി സുപ്രധാന പദ്ധതികൾ നിർമല സീതാരാമൻ വിലയിരുത്തും. ഹൈഡ്രോപവർ പ്ലാന്റ് ഡാമും പവർ ഹൗസും, ഗ്യാല്സുംഗ് അക്കാദമി, സാംഗ്ചെൻ ചോഖോർ മൊണാസ്ട്രി, പുനാഖ സോങ് എന്നിവ അവയിൽ ഉൾപ്പെടുന്നു.
Tags : Adverse weather conditions flight Finance Minister emergency landing