കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്സള്ട്ടേഷന് ബുക്കിംഗിന്റെ പേരില്‍ പുതിയ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തതോടെ ജാഗ്രത പാലിക്കണമെന്നു പോലീസിന്റെ മുന്നറിയിപ്പ്.
ഓണ്‍ലൈനില്‍ കണ്സള്ട്ടേഷന് ബുക്ക് ചെയ്ത വയനാട് സ്വദേശിക്കാണ് കഴിഞ്ഞദിവസം 2.45 ലക്ഷം രൂപ നഷ്ടമായത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
തട്ടിപ്പ് ഇങ്ങനെ: ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കാനായി ഗൂഗിളില്‍ ആശുപത്രിയുടെ കോൺടാക്ട് നമ്പര്‍ സെര്‍ച്ച് ചെയ്തു ലഭ്യമായ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ അപ്പോയിന്റ്മെന്റ് എടുക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ നല്കി ബുക്ക് ചെയ്യണമെന്ന അറിയിപ്പ് ലഭിക്കും. ഈ സമയത്ത് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്കുകൂടി തട്ടിപ്പുകാര്‍ അയയ്ക്കും. തുടര്‍ന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അഞ്ചു രൂപ അടച്ച് അപ്പോയിന്റ്മെന്റ് എടുക്കുമ്പോള്‍ കോൺടാക്ട് ചെയ്യുന്ന ആളുടെ വാട്സാപ്പിലേക്ക് ഹായ് എന്ന സന്ദേശത്തോടൊപ്പം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്ക് തട്ടിപ്പുസംഘം അയയ്ക്കും.
എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ വഴി പണമടയ്ക്കാന്‍ കഴിയാതെവരും. ഈ പ്രശ്നം അറിയിക്കുമ്പോള്‍ തട്ടിപ്പുസംഘം പിന്നെയും വ്യാജ ലിങ്ക് അയച്ചുനൽകും. തുടര്‍ന്ന് ഫോണിന്റെ ആക്സെസ് നേടിയെടുക്കുന്ന തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുന്നു. അക്കൗണ്ടിലുള്ള പണം പിന്‍വലിച്ചതായുള്ള സന്ദേശം ലഭിക്കുമ്പോഴാണ് യഥാര്‍ഥ തട്ടിപ്പ് ബോധ്യപ്പെടുന്നത്. ഇത്തരത്തിലാണ് വയനാട് സ്വദേശിക്കു പണം നഷ്ടമായതും.
പൊതുജനങ്ങള്‍ ഇത്തരം തട്ടിപ്പുകളില്‍പ്പെടാതെ ജാഗ്രത പാലിക്കേണ്ടതും ഗൂഗിള്‍ സെര്‍ച്ച് ചെയ്തു കസ്റ്റമര്‍ സേവനത്തിനായി കോൺടാക്ട് നടത്തുന്നത് ഒഴിവാക്കണമെന്നും സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്കി. ഇത്തരം നമ്പറുകളുടെ ആധികാരികത ബന്ധപ്പെട്ട അധികൃതരിലൂടെ ഉറപ്പുവരുത്തിയശേഷം മാത്രം ചെയ്യുക. ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇരയാകുകയോ ചെയ്താല്‍ ഉടന്‍തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ,
https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.
Tags : Fraud consultation bookings