തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ സിപിഎം-സിപിഐ തർക്കത്തിനു പരിഹാരമായെങ്കിലും സിപിഐയുടെ നിലപാടിൽ വലിയ പ്രതിഷേധത്തിലാണു സിപിഎം നേതാക്കൾ. അനാവശ്യ വിവാദമുണ്ടാക്കി സർക്കാരിനെ സിപിഐ സമ്മർദത്തിലാക്കിയെന്ന ആക്ഷേപമാണു സിപിഎമ്മിനുള്ളത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കണ്ടപ്പോൾ തർക്കങ്ങളെല്ലാം പരിഹരിച്ചു. എന്നാൽ ചിലതു പറയാനുണ്ട്. ഇപ്പോൾ അതു പറയുന്നില്ലായെന്നു പറഞ്ഞതു സിപിഐയോടുള്ള പ്രതിഷേധം തന്നെയാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏഴു ദിവസം പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ ഇടതുനയം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പരസ്യമായി രംഗത്തു വന്നതിനു സിപിഐ മറുപടി നൽകേണ്ടിവരുമെന്നാണു സിപിഎം നേതാക്കളുടെ ഭാഷ്യം.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിൽ പരസ്പരം പഴിചാരിയതിൽ ഇരു പാർട്ടികളുടെയും നേതാക്കൾ ഇപ്പോൾ മാപ്പുപറച്ചിലിലേക്കു കടന്നിരിക്കുകയാണ്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നിസഹായനായിപ്പോയെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം കെ. പ്രകാശ്ബാബു വിമർശിച്ചിരുന്നു. തർക്കം പരിഹരിച്ചതിനു പിന്നാലെ ബേബിയെ ഫോണിൽ വിളിച്ചു പ്രകാശ്ബാബു ഖേദം പ്രകടിപ്പിച്ചു. വിഷയത്തിൽ പരിഹാരം കണ്ടതിനു ബേബിയെ പ്രശംസിക്കുകയും ചെയ്തു. ഇതിനു പിന്നാലെ തന്റെ വീട്ടിലേക്കു എഐഎസ്എഫും എഐവൈഎഫും പ്രതിഷേധുമായി വന്നതു വേദനിപ്പിച്ചുവെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
താൻ എം.എൻ. സ്മാരകത്തിൽ സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തെ നേരിൽ കണ്ടതിനു ശേഷം മന്ത്രി ജി.ആർ. അനിൽ മാധ്യമങ്ങളോടു പറഞ്ഞ കാര്യം ഏറെ വേദനയുണ്ടാക്കിയെന്നും അനിലിനെ ഫോണിൽ വിളിച്ചു പറഞ്ഞശേഷമാണു പിഎം ശ്രീയെ സംബന്ധിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ബിനോയിയെ കണ്ടതെന്നും ശിവൻകുട്ടി പറഞ്ഞു. ഓഫീസിൽ വരുന്നവരോടു വരണ്ടേന്നുപറയാൻ പറ്റില്ലെന്നായിരുന്നു മന്ത്രി അനിലിന്റെ പ്രതികരണം.
അതു മര്യാദയില്ലാത്ത സംസ്കാരമാണ്. പ്രകാശ് ബാബു എം.എ. ബേബിയെ അവഹേളിച്ചു. എന്ത് അടിസ്ഥാനത്തിലാണു ബേബി നിസഹായൻ എന്നു ബാബു പറഞ്ഞത്. ഞങ്ങളുടെ പാർട്ടി ജനറൽ സെക്രട്ടറിയാണ്. തീരെ മര്യാദ കുറഞ്ഞ വാക്കുകളാണ് പ്രകാശ് ബാബു പറഞ്ഞത്. തന്നെ വർഗീയ വാദിയാക്കാൻ ശ്രമിച്ചു. ഇവർക്കൊന്നും തന്റെ ചരിത്രം അറിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
വെടിനിർത്തൽ താത്കാലികം?
പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സിപിഎം-സിപിഐ തർക്കം തത്കാലം തീർന്നെങ്കിലും ഇരുപാർട്ടികൾക്കുമിടയിലുള്ള സംഘർഷം പരോക്ഷമായി രൂക്ഷമാകാനാണു സാധ്യത. സിപിഐ നേതാക്കളുടെ പരസ്യ പ്രതികരണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വലിയ പ്രതിഷേധത്തിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പായതിനാൽ തത്കാലം സിപിഐക്കെതിരേ പരസ്യപ്രതികരണങ്ങളൊന്നും വേണ്ടെന്നാണു പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദേശം. പിഎം ശ്രീ പദ്ധതിയിൽനിന്നും പിൻവാങ്ങിയതിൽ സർക്കാരിനുണ്ടായ വലിയ സാമ്പത്തികനഷ്ടത്തെ സംബന്ധിച്ചു നവമാധ്യമങ്ങൾ വഴി പ്രചാരണം നടത്തും. പാർട്ടിയുടെ നവമാധ്യമ സംഘത്തെ ഇതിനായി പ്രയോജനപ്പെടുത്താനും സിപിഎം തീരുമാനിച്ചു. ഇതുവഴി സിപിഐക്കു മറുപടി നൽകാനാണ് ഇപ്പോഴത്തെ ധാരണ.