തിരുവനന്തപുരം: സംസ്ഥാനത്ത് ആഴ്ചകളായി തിമിർത്തു പെയ്തിരുന്ന തുലാവർഷം ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ സംസ്ഥാനത്ത് എവിടെയും കനത്ത മഴ പെയ്തില്ല. അന്തരീക്ഷം തെളിഞ്ഞതോടെ കനത്ത മഴയെത്തുടർന്നുള്ള ദുരിതങ്ങളിൽ വലഞ്ഞവർക്ക് ആശ്വാസം.
അടുത്ത നാലു ദിവസം സംസ്ഥാനത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. എവിടെയും കനത്ത മഴയ്ക്കു സാധ്യതയില്ലെന്നും എന്നാൽ ചിലയിടങ്ങളിൽ തുലാവർഷത്തിന്റെ ഭാഗമായുള്ള നേരിയ മഴ പെയ്തേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഈ മാസം ഇന്നലെ വരെ ഏഴ് ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ 297.5 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് ഇന്നലെ വരെ പെയ്തത് 276 മില്ലീമീറ്ററാണ്.
കണ്ണൂർ ജില്ലയിൽ നാല് ശതമാനവും വയനാട് ജില്ലയിൽ ആറ് ശതമാനവും കോട്ടയം ജില്ലയിൽ ഏഴ് ശതമാനവും കാസർഗോഡ് ജില്ലയിൽ 11 ശതമാനവും അധികമഴ പെയ്തപ്പോൾ മറ്റു ജില്ലകളിൽ മഴ കുറഞ്ഞു.
Tags : Weak Monsoon clear weather