കോട്ടയം: മലയാളത്തിലെ ആദ്യ വാർത്താ വെബ്സൈറ്റ് ആയ ദീപിക ഡോട്ട് കോമിന്റെ നവീകരിച്ച വെബ്സൈറ്റ് ലോഞ്ചിംഗ് ഇന്നു നടക്കും. ഒപ്പം, ദീപിക ഓൺലൈൻ ന്യൂസ് ചാനലിനും ദീപിക മ്യൂസിക് ചാനലിനും തുടക്കമാകും.
ഇന്നു വൈകുന്നേരം 4.30ന്  തൃക്കാക്കര റിക്കാ ക്ലബ്ബിൽ നടക്കുന്ന ചടങ്ങ് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് അധ്യക്ഷത വഹിക്കും. ന്യൂസ് പോർട്ടലിന്റെ റീലോഞ്ചിംഗ് വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും.
ദീപിക ന്യൂസ് പോർട്ടലിന്റെ 28 വർഷം നീളുന്ന ചരിത്രം ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ അവതരിപ്പിക്കും. സിഎംഐ പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറന്പിൽ, രാഷ്ട്രദീപിക ലിമിറ്റഡ് വൈസ് ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ എന്നിവർ ആശംസകളർപ്പിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്്ടർ ഫാ.  മൈക്കിൾ വെട്ടിക്കാട്ട് സ്വാഗതവും ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിൽ നന്ദിയും പറയും.
ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ സംവിധാനങ്ങളോടെയാണ് ദീപിക. കോം  വായനക്കാർക്കായി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.
 കൂടുതൽ വേഗവും വായനാസുഖവും പകരുന്ന വിന്യാസമാണ് വെബ്സൈറ്റിനായി തയാറാക്കിയിരിക്കുന്നത്. മാനന്തവാടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐടി സ്ഥാപനമായ കോർഹബ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പുതിയ ന്യൂസ് പോർട്ടലിന്റെ വിപുലീകരണം നിർവഹിച്ചത്.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിന്റെയും ഇൻഫോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഐലീഫ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സാങ്കേതിക സഹകരണവും ലഭിച്ചിട്ടുണ്ട്.
Tags : Deepika.com relaunching