ന്യൂഡൽഹി: പൊതുനിരത്തുകളിൽ സർവീസ് നടത്തുന്ന വാഹനങ്ങൾ പെർമിറ്റിൽ അനുവദനീയമായ റൂട്ടിൽനിന്നും വ്യതിചലിച്ചുണ്ടാകുന്ന അപകടത്തിൽ അക്കാരണം ചൂണ്ടിക്കാട്ടി ഇരകൾക്കു നഷ്ടപരിഹാരം നിഷേധിക്കാൻ ഇൻഷ്വറൻസ് കന്പനികൾക്കു സാധിക്കില്ലെന്ന് സുപ്രീംകോടതി.
ഇത്തരം സാങ്കേതികതകൾ ചൂണ്ടിക്കാട്ടി അപകടത്തിൽപ്പെട്ടവർക്കു നഷ്ടപരിഹാരം നിഷേധിക്കുന്നത് നീതിബോധത്തിന് എതിരായിരിക്കുമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
ഇത്തരത്തിൽ പെർമിറ്റിൽ അനുവദനീയമായ റൂട്ടിൽനിന്നും വ്യതിചലിച്ച് ഓടുന്ന വാഹനങ്ങൾ വരുത്തിവയ്ക്കുന്ന അപകടത്തിന് ഇൻഷ്വറൻസ് കന്പനി നഷ്ടപരിഹാരം നൽകണോ എന്ന കാര്യമാണു സുപ്രീംകോടതി പരിഗണിച്ചത്. അപകടത്തിൽപ്പെട്ടയാളുടെ അശ്രദ്ധ മൂലമല്ല അപകടം സംഭവിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ഇത്തരം സാഹചര്യത്തിൽ ഇരകൾക്ക് ഇൻഷ്വറൻസ് കന്പനി നഷ്ടപരിഹാരം നൽകണം. പിന്നീട് ആ തുക വാഹന ഉടമകളിൽനിന്നു തിരിച്ച് ഇൻഷ്വറൻസ് കന്പനികൾക്ക് അവകാശമുണ്ടെന്ന കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
പെർമിറ്റിൽ അനുവദിച്ച റൂട്ടിൽനിന്നും വഴിതെറ്റി സഞ്ചരിച്ച ഒരു ബസ് സൈക്കിൾ യാത്രികനെ ഇടിച്ചതുമായി ബന്ധപ്പെട്ട സംഭവമാണു കേസിനാധാരം. 2014 ഒക്ടോബറിൽ കർണാടകയിൽ നടന്ന അപകടത്തിൽ സൈക്കിൾ യാത്രികൻ മരിച്ചിരുന്നു. അപകടത്തെത്തുടർന്ന് 18.86 ലക്ഷം രൂപ മരിച്ച വ്യക്തിയുടെ കുടുംബത്തിനു നൽകാൻ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. എന്നാൽ നഷ്ടപരിഹാരം പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു.
പെർമിറ്റ് തെറ്റിച്ച് വാഹനമോടിച്ചു എന്ന കാരണത്താൽ പോളിസി വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇൻഷ്വറൻസ് കന്പനിയും ഹൈക്കോടതിയിലെത്തി. എന്നാൽ, ട്രൈബ്യൂണൽ നിർദേശിച്ച നഷ്ടപരിഹാരം മരിച്ചയാളുടെ കുടുംബത്തിനു കൈമാറാനും ശേഷം കൈമാറിയ തുക ബസുടമയിൽനിന്നു കൈപ്പറ്റാനുമായിരുന്നു ഹൈക്കോടതി ഉത്തരവ്.